സയണിസ്റ്റുകളുടെ പ്രൊപ്പഗന്‍ഡ വാര്‍ നേരിട്ടുള്ള യുദ്ധത്തേക്കാള്‍ ഭീകരം: ഫലസ്തീന്‍ അംബാസിഡര്‍

Wait 5 sec.

തിരുവനന്തപുരം | ഇസ്റാഈലിന്റെയും പാശ്ചാത്യ മാധ്യമങ്ങളുടെയും ഭാഗത്ത് നിന്ന് ഫലസ്തീനിനു നേരെയുള്ള പ്രൊപഗന്‍ഡ വാര്‍ നേരിട്ടുള്ള യുദ്ധത്തേക്കാള്‍ ഭീകരമാണെന്ന് ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല അബു ശാവീശ്. ജനങ്ങളില്ലാത്ത നാട്, നാടില്ലാത്ത ജനങ്ങള്‍ എന്നുള്ള സയണിസ്റ്റ് പ്രചാരണം പാശ്ചാത്യ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയാണ്. അവര്‍ തങ്ങളെ ക്രൂരരും അന്ധവിശ്വാസികളും ഭീകരരുമായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ഇന്റര്‍നാഷനല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഭാഗമായി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫലസ്തീനെതിരായ പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ അവര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഗസ്സയിലടക്കം നടക്കുന്ന മനുഷ്യത്വവിരുദ്ധമായ ക്രൂരത പുറംലോകമറിയുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. ഫലസ്തീനില്‍ നടക്കുന്ന സംഭവങ്ങളുടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുന്നതിനിടെ 252 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം നടത്തിയതിനാണ് അവര്‍ക്ക് ജീവന്‍ ബലികൊടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച കേരളത്തോട് അദ്ദേഹം നന്ദി അറിയിച്ചു. ഫലസ്തീനെതിരായ സോഷ്യല്‍ മീഡിയ പ്രചാരണത്തെ പ്രതിരോധിക്കാന്‍ കേരള ജനതയുടെ സഹായം അദ്ദേഹം അഭ്യര്‍ഥിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലും അബ്ദുല്ല അബു ശാവീശും മറ്റു വിശിഷ്ടാതിഥികളും ചേര്‍ന്ന് ‘പട്ടങ്ങള്‍ പറന്നുയരുന്നു, ഫലസ്തീനും’ എന്ന് രേഖപ്പെടുത്തിയ ബലൂണുകളും പട്ടങ്ങളും പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു.കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, ആര്‍കിടെക്റ്റ് ജി ശങ്കര്‍, കെ യു ഡബ്ല്യു ജെ പ്രസിഡന്റ്്‌കെ പി റെജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സെക്രട്ടറി അനുപമ ജി നായര്‍, മുന്‍ ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു, മീഡിയ അക്കാദമി സെക്രട്ടറി എസ് എസ് അരുണ്‍, സീനിയര്‍ ഫൊട്ടോ ജേണലിസ്റ്റ് ബി ചന്ദ്രകുമാര്‍ സംബന്ധിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി ‘സല്യൂട്ട് ഗസ്സ’ എന്ന പേരില്‍ ഫോട്ടോ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.ഫലസ്തീന്‍ അംബാസിഡറുമായി കൂടിക്കാഴ്ച: ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രിതിരുവനന്തപുരം | ഫലസ്തീന്‍ ജനതക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡറായ അബ്ദുല്ല അബു ശാവീശിനോടാണ് മുഖ്യമന്ത്രി ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യം അറിയിച്ചത്.നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച. കേരളം എന്നും ഫലസ്തീന്‍ ജനതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പലസ്തീന്‍ അംബാസിഡറോട് പറഞ്ഞു. യു എസ് പിന്തുണയോടെ മുഴുവന്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും അട്ടിമറിച്ചാണ് ഫലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്റാഈല്‍ നിഷേധിച്ചുപോരുന്നത്. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനൊപ്പമാണ് കേരളം. യു എന്‍ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി ഇടപെടണമെന്നുമാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇസ്റാഈലി അധിനിവേശവും ഫലസ്തീന്‍ നേരിടുന്ന പ്രശ്നങ്ങളും അംബാസിഡര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ കേരളം നല്‍കുന്ന പിന്തുണ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ പിന്തുണ ഫലസ്തീന് ആവശ്യമുണ്ട്. അത് ലോകത്താകെ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.