ഒരു രാഷ്ട്രീയ നേതാവ് പ്രസംഗിക്കാന്‍ വരുമ്പോള്‍ എത്ര വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു എന്നതാണ് ആ നേതാവിന്റെ ജനപ്രിയതയുടെ മാനദണ്ഡം.അതുകൊണ്ട് തന്നെ പരമാവധി ജനക്കൂട്ടത്തെ സംഘടിപ്പിക്കാന്‍ ഓരോ കക്ഷിയും ചെയ്യാവുന്നതെല്ലാം ചെയ്യും. അതിനു വേണ്ടി വലിയ തോതില്‍ പണം മുടക്കും. അവരെ എത്തിക്കാനുള്ള വാഹനങ്ങള്‍, അവരുടെ ഭക്ഷണം, (ചിലപ്പോള്‍ മദ്യവും വരെ), ഇതിനെല്ലാം പുറമെ ദിവസക്കൂലിയും നല്‍കുന്നു.തമിഴകത്തെ സംബന്ധിച്ച് രാഷ്ട്രീയവും സിനിമയും ഇഴപിരിഞ്ഞാണ് കുറെ കാലമായി കിടക്കുന്നത്. ദ്രാവിഡ രാഷ്ട്രീയം വളര്‍ത്താന്‍ സിനിമ എന്ന മാധ്യമത്തെ അവര്‍ സമര്‍ഥമായി ഉപയോഗിച്ചു. അണ്ണാദുരൈയുടെ നേതൃത്വത്തില്‍ മുത്തുവേല്‍ കരുണാനിധി തിരക്കഥ എഴുതി എം ജി രാമചന്ദ്രന്‍ നായകനായി നടിച്ച സിനിമകളാണ് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചത്. എം ജി ആര്‍ “മക്കള്‍ തിലകം’ ആയി വളര്‍ന്നു. പിന്നീട് കരുണാനിധിയും എം ജി ആറും തമ്മില്‍ പിണങ്ങിപ്പിരിഞ്ഞപ്പോള്‍ ജനപ്രിയന്‍ എം ജി ആറായി. പിന്നീട് ആ സ്ഥാനം നേടിയത് പുരട്ചി തലൈവി ജയലളിത ആയിരുന്നു. അവരുടെ തിരോധാനത്തോടെ ഒരു പരിധി വരെ സിനിമാ രാഷ്ട്രീയം അവസാനിച്ചതായിരുന്നു. ഗംഭീര നടന്‍ ആയിരുന്നിട്ടും കമല്‍ ഹാസനും വിജയകാന്തും മറ്റും രാഷ്ട്രീയത്തില്‍ എത്തിയെങ്കിലും ഈ രീതിയിലുള്ള ഒരു ജനപ്രിയതയും കിട്ടിയില്ല. ഏറെ നാളുകള്‍ക്കു ശേഷമാണ് ഇളയ ദളപതി എന്ന ചെല്ലപ്പേരുള്ള നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്.1984ല്‍ ബാലതാരമായി സിനിമയില്‍ വന്ന വിജയ് പിന്നീട് മുഖ്യനായകനായി വളര്‍ന്നു. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി തന്റെ സിനിമയിലെ പഞ്ച് ഡയലോഗുകളിലൂടെ തന്റെ രാഷ്ട്രീയം പ്രഖ്യാപിക്കുകയായിരുന്നു വിജയ്. 2009ല്‍ തന്റെ ഫാന്‍ ക്ലബ് ആയ “വിജയ് മക്കള്‍ ഇയക്കം’ ആരംഭിച്ചു. 2011ല്‍ അവര്‍ എ ഐ എ ഡി എം കെയെ പിന്തുണച്ചു. 2021ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 169 സീറ്റുകളില്‍ മത്സരിച്ച് 115 എണ്ണം നേടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒരു മഹാ റാലിയെ സാക്ഷിനിര്‍ത്തിക്കൊണ്ട് വിജയ് തന്റെ പുതിയ പാര്‍ട്ടിയായി ടി വി കെ (തമിഴക വെട്രി കഴകം) പ്രഖ്യാപിച്ചു. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കും സംസ്ഥാനം ഭരിക്കുന്ന ഡി എം കെക്കും എതിരായി കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ആ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടുകൂറ്റന്‍ റാലികള്‍ നടത്തി തന്റെ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ ദുരന്തം ഉണ്ടായത്.കരൂര്‍ എന്ന ചെറുപട്ടണത്തിലാണ് ഇക്കഴിഞ്ഞ ദിവസം വിജയ് തന്റെ റാലി പ്രഖ്യാപിച്ചിരുന്നത്. 40 മനുഷ്യ ജീവനുകളാണ് ഇതിനകം നഷ്ടപ്പെട്ടതായി അറിയുന്നത്. നിരവധി പേര്‍ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണെന്നും പറയുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. ഈ ദുരന്തത്തിന്റെ ഉത്തരവാദികളെ അന്വേഷിക്കുമ്പോള്‍ ഒന്നാം പ്രതിസ്ഥാനത്ത് വരുന്നത് സംഘാടകരായ അവരുടെ പാര്‍ട്ടി തന്നെയാണ്. ജനങ്ങളെ വലിയ തോതില്‍ കൊണ്ടുവരുന്ന ഇത്തരം ഒരു പരിപാടിക്ക് വേണ്ട മുന്‍കരുതലുകള്‍ ഒന്നും എടുത്തിരുന്നില്ല എന്നാണ് പ്രാഥമികമായി അറിയുന്നത്. പതിനായിരം പേര്‍ പങ്കെടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കുറഞ്ഞത് 50,000 പേരെങ്കിലും (ഒന്നര ലക്ഷം എന്നും റിപോര്‍ട്ടുണ്ട്) വിജയിനെ കാണാന്‍ എത്തിയിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ചെറിയ പട്ടണത്തില്‍ ഇത്രയധിക ആളുകള്‍ വരാന്‍ പാടില്ലായിരുന്നു. ഈ ആള്‍ക്കൂട്ടം തങ്ങളുടെ പ്രതീക്ഷയേക്കാള്‍ ഏറെ ഉയര്‍ന്നതായതിന് തങ്ങളല്ല കാരണക്കാര്‍ എന്നാണ് ടി വി കെ നേതാക്കള്‍ പറയുന്നത്. വെള്ളിത്തിരയിലെ പ്രിയ താരത്തെ നേരില്‍ കാണാന്‍ സ്വമേധയാ എത്തിയവരാണത്രെ ഈ ജനക്കൂട്ടം.കൗതുകവും ആരാധനയും മൂത്ത് ഇത്തരം ജനക്കൂട്ടങ്ങളും അതിന്റെ ഫലമായുള്ള ദുരന്തങ്ങളും ഉണ്ടാകുന്നത് ഇന്ത്യയുടെ പല ഭാഗങ്ങളിലും തമിഴ്‌നാട്ടില്‍ തന്നെയും പുതിയ കാര്യമല്ല. എം ജി ആറും ജയലളിതയും മരിച്ചപ്പോള്‍ അന്ത്യദര്‍ശനത്തിനായി എത്തിയവരില്‍ ചിലരും തിരക്കുകളില്‍ പെട്ട് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം യു പിയിലെ ഹാഥ്‌റസില്‍ 120 മനുഷ്യജീവനുകള്‍ പൊലിഞ്ഞത് ഒരു ആള്‍ദൈവത്തെ കാണാന്‍ എത്തിയപ്പോഴാണ്. ഈ വര്‍ഷത്തെ ഐ പി എല്‍ കിരീടം ബെംഗളൂരുവിലെ റോയല്‍ ചലഞ്ചേഴ്‌സ് നേടിയതിനെ തുടര്‍ന്ന് സംഘടിപ്പിക്കപ്പെട്ട ആഘോഷത്തില്‍പ്പെട്ട് 11 ജീവനുകള്‍ നഷ്ടമായത് ഈ വര്‍ഷമാണ്. കേരളത്തില്‍ തന്നെ ശബരിമല തീര്‍ഥാടകരായ 103 പേര്‍ പുല്ലുമേട്ടില്‍ മരണപ്പെട്ടതും നമുക്കോര്‍മയുണ്ട്. കൊച്ചി സര്‍വകലാശാലയിലെ സ്റ്റേഡിയത്തില്‍ ഗാനമേളക്കിടയിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് നാല് യുവാക്കളാണ് മരിച്ചത്. ഇവിടെയെല്ലാം പോലീസിനും ഭരണാധികാരികള്‍ക്കും നിയന്ത്രിക്കാനാകാത്ത വിധത്തില്‍ ജനക്കൂട്ടം ഉണ്ടായതാണ് അപകടത്തിനുള്ള പ്രധാന കാരണം.കരൂരില്‍ ഇത്തരം ഒരു സമ്മേളനം നടത്താനുള്ള ഇടം ഉണ്ടായിരുന്നുവോ എന്നത് ഒരു ചോദ്യമാണ്. പ്രതീക്ഷിച്ചിരുന്നതിന്റെ പല മടങ്ങ് ആരാധകര്‍ എത്തിയെന്ന് സംഘാടകര്‍ പറയുന്നത് വിശ്വസനീയമല്ല. ഈ സമ്മേളനം നടത്താന്‍ പോലീസിന് അപേക്ഷ നല്‍കിയപ്പോള്‍ അവര്‍ നാല് സ്ഥലങ്ങള്‍ നിര്‍ദേശിച്ചിരുന്നു എന്നും അതൊന്നും അനുവദിക്കാതെ അഞ്ചാമതൊരു സ്ഥലമാണ് നല്‍കിയിരുന്നതെന്നും സംഘാടകര്‍ പറയുന്നുണ്ട്. അവര്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ ഒന്നായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാകുമായിരുന്നുവോ? അറിയില്ല. ആളുകള്‍ക്ക് ഓടി രക്ഷപ്പെടാനും പരുക്കേറ്റവരെ കൊണ്ടുപോകാന്‍ ആംബുലന്‍സ് വരാനുമുള്ള പല വഴികളും അടച്ചിരുന്നു എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഉച്ചക്ക് ഒരു മണിക്കെത്തും എന്നാണു വിജയ് പറഞ്ഞിരുന്നത്. പക്ഷേ, വന്നത് രാത്രി ഏഴോടെയാണ്. അതിരാവിലെ മുതല്‍ അവിടെയെത്തി സ്ഥലം പിടിച്ചിരുന്ന ജനങ്ങളില്‍ പലരും ഉച്ചഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് പറയുന്നു. കൊടും ചൂടില്‍ പലരും തളര്‍ന്നു വീഴുന്നുണ്ടായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു. വേദിയിലെത്തിയ വിജയ് ഇക്കാര്യം കണ്ടപ്പോള്‍ വെള്ളക്കുപ്പികള്‍ താഴേക്കെറിഞ്ഞു കൊടുത്തു. വിജയ് വന്ന വാഹനവ്യൂഹത്തിന് യോഗസ്ഥലത്തെത്താന്‍ വഴിയില്ലാതിരുന്നതിനാല്‍ ജനക്കൂട്ടത്തെ നിയന്ത്രിച്ച് വഴിയൊരുക്കാന്‍ പോലീസ് ലാത്തി വീശിയതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. എന്തായാലും വലിയൊരു ദുരന്തമാണ് സംഭവിച്ചിട്ടുള്ളത്. അതിന്റെ കാരണക്കാര്‍ ആരെല്ലാമെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും എതിര്‍ക്കുന്ന വിജയിന്റെ രാഷ്ട്രീയത്തെ തകര്‍ക്കാന്‍ ആരെങ്കിലും ഗൂഢാലോചന നടത്തിയതാണോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്.ഈ ദുരന്തം തമിഴ്‌നാട് രാഷ്ട്രീയത്തെ, (വിജയ് എന്ന പുതിയ താരത്തെയും) എങ്ങനെ ബാധിക്കുമെന്നതാണ് ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ചകള്‍. മുഖ്യമന്ത്രി സ്റ്റാലിന്‍ വളരെ മിതമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും കുറ്റപ്പെടുത്തുന്നില്ല അദ്ദേഹം. പ്രതികരിച്ച മറ്റു കക്ഷിനേതാക്കളും ഇതേ രീതിയിലാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. അത് വിജയ്ക്കെതിരെയുള്ള ഒരു ആക്രമണം ആയിരിക്കുമെന്ന് പലരും കരുതുന്നുമുണ്ട്. വിജയിന്റെ കുഴപ്പം മൂലമാണ് ഈ ദുരന്തം ഉണ്ടായതെന്ന് പൊതുവെ കരുതുന്നവരല്ല തമിഴ് മക്കള്‍. അതുകൊണ്ട് വിജയ് ദുര്‍ബലനാകാനും സാധ്യതയില്ല എന്നത് ഒരു വിലയിരുത്തല്‍ മാത്രം. എന്നാല്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം ചെയ്യണം എന്ന ആലോചനകള്‍ പോലും നടക്കുന്നില്ല എന്നതാണ് യഥാര്‍ഥ ദുരന്തം.