കരൂര്‍: ഈ കുരുതി വെറുതെയുണ്ടായതല്ല

Wait 5 sec.

തമിഴ്‌നാട്ടിലെ കരൂരില്‍ 40 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം നാടിനെ പിടിച്ചുലച്ചിരിക്കുന്നു. പരുക്കേറ്റ് നിരവധി പേര്‍ ആശുപത്രികളിലാണ്. ആള്‍ക്കൂട്ടം ഇരച്ചെത്തുന്ന ഇത്തരം റാലികളിലും പൊതുചടങ്ങുകളിലും പാലിക്കേണ്ട നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തുന്നതാണ് കണ്ണീര്‍ കരൂരുകള്‍ ആവര്‍ത്തിക്കാനുള്ള പ്രധാന കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പിന്തുടരേണ്ട പ്രോട്ടോകോളുകള്‍ കടലാസിലുറങ്ങുകയും നിയമത്തിന്റെ എല്ലാ സീമകളും ലംഘിച്ച് ആളുകള്‍ മുന്നോട്ട് പോകുകയും ചെയ്യുകയാണ് പതിവ്. ഇക്കാര്യത്തില്‍ ആള്‍ ബാഹുല്യത്തിനായി സര്‍വ തന്ത്രവും പയറ്റുന്ന നേതാക്കളും യാതൊരു അച്ചടക്കത്തിനും നിയന്ത്രണത്തിനും വിധേയപ്പെടാത്ത അനുയായികളും കുറ്റക്കാരാണ്. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്കുണ്ടാകണമെന്നതിനാല്‍ നേതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്.നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നയിച്ച റാലിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ചത്. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ ശക്തിയാകാന്‍ സിനിമയിലൂടെ താന്‍ ആര്‍ജിച്ച ജനസമ്മതി ഉപയോഗിക്കാനുറച്ച വിജയ് മാസ്സ് റാലികളുടെ വഴിയാണ് അതിന് ഉപയോഗിക്കുന്നത്. പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തിലും മധുരയിലും മറ്റിടങ്ങളിലും നടത്തിയ നയപ്രഖ്യാപന സമ്മേളനങ്ങളിലുമെല്ലാം വന്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ വിജയ്ക്ക് സാധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പ്രഖ്യാപിച്ച സംസ്ഥാന യാത്രയാണ് കരൂരില്‍ ദുരന്തത്തില്‍ കലാശിച്ചത്. നാമക്കലിലെ റാലിയില്‍ സംസാരിച്ചതിന് ശേഷം വിജയ് എത്തുന്നത് കാത്ത് 30,000ത്തോളം അനുയായികള്‍ കരൂര്‍ വേലുച്ചാമി പുരത്ത് തടിച്ചു കൂടിയിരുന്നുവെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍ ഒന്നര ലക്ഷത്തോളം പേരുണ്ടായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഇവിടെ പരമാവധി 15,000 പേര്‍ക്ക് മാത്രമേ ഒത്തുചേരാനാകൂ എന്നാണ് സുരക്ഷാ പരിശോധനയില്‍ നിന്ന് വ്യക്തമായിരുന്നത്. ഇക്കാര്യം അറിയിച്ചപ്പോള്‍ ടി വി കെ നേതാക്കള്‍ പറഞ്ഞത് അതിലധികമാളുകള്‍ എത്തില്ലെന്നാണ്. യാതൊരു കണക്കുകൂട്ടലും പരിപാടി ആസൂത്രണം ചെയ്തവര്‍ക്കുണ്ടായിരുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.നാമക്കലിലെ പരിപാടി കഴിഞ്ഞ് ഉച്ചയോടെയാണ് വിജയ് കരൂരില്‍ എത്തേണ്ടിയിരുന്നത്. ആറ് മണിക്കൂര്‍ വൈകിയതോടെ വെള്ളം കിട്ടാതെ ചിലര്‍ ബോധം കെട്ട് വീണുവെന്നും ഇതേത്തുടര്‍ന്ന് തിക്കും തിരക്കും ഉണ്ടായെന്നുമാണ് പോലീസ് പറയുന്നത്. കടുത്ത ചൂടില്‍ ആയിരങ്ങള്‍ കാത്തിരുന്നതോടെ സ്ഥിതി കൈവിടുകയായിരുന്നു. വിജയ്‌യുടെ ബസിനടുത്തെത്താന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് ചിലര്‍ വീണതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും റിപോര്‍ട്ടുണ്ട്. ആംബുലന്‍സുകള്‍ക്ക് ആള്‍ക്കൂട്ടത്തിലൂടെ കടന്ന് പോകുക ദുഷ്‌കരമായതും സ്ഥിതി ഗുരുതരമാക്കി. നാമക്കലില്‍ നിന്ന് കരൂരിലേക്ക് നൂറുകണക്കിന് അനുയായികള്‍ വിജയ്്യുടെ വാഹനത്തെ പിന്തുടര്‍ന്നത് വഴിയടക്കുകയായിരുന്നു. സംഘാടകരുടെ തെറ്റായ അനൗണ്‍സ്‌മെന്റുകള്‍ പ്രശ്‌നം സൃഷ്ടിച്ചതായും വിലയിരുത്തലുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ തുടക്കത്തില്‍ അവഗണിച്ച ഡി എം കെ അടക്കമുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മാറിച്ചിന്തിച്ചത് ആള്‍ക്കൂട്ടം കണ്ടായിരുന്നു. പരോക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തന്നെ രംഗത്തെത്തി. ഡി എം കെയെ രൂക്ഷമായി വിമര്‍ശിച്ചാണ് വിജയ് മുന്നോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ ടി വി കെ റാലികളില്‍ പോലീസ് ഏര്‍പ്പെടുത്താന്‍ ശ്രമിച്ച എല്ലാ നിയന്ത്രണങ്ങളും രാഷ്ട്രീയ പകപോക്കലാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. യഥാര്‍ഥത്തില്‍ സിനിമയിലെ “അമാനുഷ കഥാപാത്ര’ങ്ങളെ മനസ്സില്‍ സൂക്ഷിച്ച് നടനെ കാണാനെത്തുന്നവരായിരുന്നു കുട്ടികളും സ്ത്രീകളുമെല്ലാമടങ്ങിയ ജനക്കൂട്ടത്തില്‍ നല്ല പങ്കും. രാഷ്ട്രീയ ഉള്ളടക്കത്തിലേക്ക് ആ സംഘം വളര്‍ന്നിട്ടേയില്ല. വിജയ് ആകട്ടെ നേരത്തേ തയ്യാറാക്കിയ തന്റെ പ്രസംഗങ്ങളെല്ലാം സിനിമാറ്റിക് പഞ്ച് ഡയലോഗ് കൊണ്ട് നിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ മാസമാദ്യം തിരുച്ചിറപ്പള്ളിയില്‍ നടന്ന റാലിയിലും പ്രശ്‌നങ്ങളുണ്ടായതാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ടി വി കെ റാലികള്‍ക്ക് പോലീസ് 23 നിബന്ധനകള്‍ വെച്ചിരുന്നു. ഇതോടെ വിഷയം കോടതിയിലുമെത്തി. ടി വി കെ സമര്‍പ്പിച്ച ഹരജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി വന്‍ ജനക്കൂട്ടം നിയന്ത്രിച്ചില്ലെങ്കില്‍ ദുരന്തമാകില്ലേയെന്ന ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഈ ആശങ്കയാണ് ഇപ്പോള്‍ ദുരന്ത യാഥാര്‍ഥ്യമായിരിക്കുന്നത്.ഈ വര്‍ഷം ജനുവരി എട്ടിന് തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചിരുന്നു. അതേമാസം 29ന് യു പിയിലെ പ്രയാഗ്്രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 30ലേറെ തീര്‍ഥാടകരാണ് മരിച്ചത്. ഫെബ്രുവരി 15ന് കുംഭമേളക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. ജൂണ്‍ നാലിന് ആര്‍ സി ബിയുടെ കന്നി ഐ പി എല്‍ കിരീട നേട്ടം ആഘോഷിക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ക്രിക്കറ്റ് പ്രേമികളുടെ ആവേശം അതിരുകവിഞ്ഞപ്പോൾ 11 പേർ മരിച്ചു. ഈ വര്‍ഷം മാത്രം നടന്ന ഏതാനും ദുരന്തങ്ങളാണിവ. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനത്തില്‍ രാജ്യത്തിനുള്ള ഗുരുതരമായ വീഴ്ചകളുടെ നേര്‍സാക്ഷ്യങ്ങളാണ് ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മുഴുവന്‍ പുതുക്കണം. പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. സുരക്ഷാ അനുമതിയില്ലാത്ത ഒരു പരിപാടിയും നടക്കരുത്. ഇത്തരം നിയന്ത്രണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാകുകയുമരുത്.നടന്മാരോടും സെലിബ്രിറ്റികളോടുമുള്ള ഭ്രാന്തമായ അനുഭാവത്തിന്റെ അപകടം ജനങ്ങള്‍ തിരിച്ചറിയണം. വിജയ്‌യെ തന്നെ നോക്കൂ. അദ്ദേഹം നടനില്‍ നിന്ന് നേതാവിലേക്ക് ഉയര്‍ന്നില്ലെന്നതിന്റെ തെളിവാണല്ലോ കരൂരില്‍ കണ്ടതത്രയും. ദുരന്ത മുഖത്ത് നിന്ന് അതിവേഗം ചെന്നൈയിലേക്ക് പറന്ന വിജയ് എത്ര മോശം മാതൃകയാണ്!