ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ വേദിയിൽ പലസ്തീന് ഐക്യദാർഢ്യം

Wait 5 sec.

കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായി പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷും മറ്റു വിശിഷ്ടാതിഥികളും ചേർന്ന് പട്ടങ്ങൾ പറന്നുയരുന്നു; പലസ്തീനും (Kites Rise, So will Palestine) എന്നു രേഖപ്പെടുത്തിയ ബലൂണുകളും പട്ടങ്ങളും പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്രയേലിന്റെ ഭാഗത്തുനിന്നും പാശ്ചാത്യമാധ്യമങ്ങളുടെ ഭാഗത്തുനിന്നും പലസ്തീൻ നേരിടുന്ന പ്രൊപ്പഗാൻഡാ വാർ നേരിട്ടുള്ള യുദ്ധംപോലെത്തന്നെ ഭീകരമാണെന്ന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷ് പറഞ്ഞു. ജനങ്ങളില്ലാത്ത നാട്, നാടില്ലാത്ത ജനങ്ങൾ എന്നുള്ള സയണിസ്റ്റ് പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റുപിടിക്കുകയാണ്. അവർ തങ്ങളെ ക്രൂരരും അന്ധവിശ്വാസികളും ഭീകരരുമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികൾ എന്നൊരു വിഭാഗമില്ല, അത് സൃഷ്ടിക്കപ്പെട്ടതാണെന്ന അമേരിക്കൻ നയതന്ത്രപ്രതിനിധിയുടെ അഭിപ്രായത്തെ ചോദ്യം ചെയ്യാൻ പോലും പാശ്ചാത്യമാധ്യമങ്ങൾ തയാറായില്ല.പലസ്തീനെതിരായ പ്രചാരണത്തിന് സോഷ്യൽ മീഡിയയെയും അവർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഗാസയിലടക്കം നടക്കുന്ന മനുഷ്യവിരുദ്ധമായ ക്രൂരത പ്രധാനമായും പുറംലോകമറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിൽ നടക്കുന്ന സംഭവങ്ങളുടെ യാഥാർഥ്യം പുറത്തുകൊണ്ടുവരുന്നതിനിടയിൽ 252 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. സത്യസന്ധമായ മാധ്യമപ്രവർത്തനം നടത്തിയതിനാണ് അവർക്ക് ജീവൻ ബലികൊടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച കേരളത്തോട് അദ്ദേഹം നന്ദി അറിയിച്ചു. പലസ്തീനെതിരായ സോഷ്യൽ മീഡിയ പ്രചാരണത്തെ പ്രതിരോധിക്കാൻ കേരളജനതയുടെ സഹായം അദ്ദേഹം അഭ്യർഥിച്ചു. ഗാസയിലെ യാഥാർഥ്യങ്ങൾ ലോകത്തെ അറിയിക്കാനുള്ള സോഷ്യൽ മീഡിയ ഇടപെടൽ കേരളജനതയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളജനത ഹൃദയത്തിൽനിന്ന് പലസ്തീന് ഊഷ്മളമായ അഭിവാദ്യം നേരുന്നുവെന്നും കേരളം പലസ്തീനൊപ്പമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഗാസയിൽ മാധ്യമപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട 300ഓളം മാധ്യമപ്രവർത്തകർ സമൂഹത്തിനും മനുഷ്യരാശിക്കും വേണ്ടി ജീവൻ നൽകിയവരാണെന്നും ജനാധിപത്യത്തിനും മാനവികത്ക്കും വേണ്ടി അവർ ചെയ്ത ത്യാഗം മറക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് പലസ്തീനിലാണെന്നാണ് കണക്കുകൾ. പലസ്തീനിൽ നടക്കുന്ന മനുഷ്യവിരുദ്ധമായ പ്രവർത്തനങ്ങൾ സ്വന്തം ജീവൻ പണയംവച്ചാണ് അവർ ലോകത്തെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ആർകിടെക്റ്റ് പത്മശ്രീ. ജി. ശങ്കർ, കെയുഡബ്ല്യൂജെ പ്രസിഡന്റ് കെ.പി. റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സെക്രട്ടറി അനുപമ.ജി.നായർ, മുൻ ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, തുടങ്ങിയവർ പങ്കെടുത്തു. മീഡിയ അക്കാദമി സെക്രട്ടറി അരുൺ.എസ്.എസ്, സീനിയർ ഫൊട്ടോ ജേർണലിസ്റ്റ് ബി. ചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ഭാഗമായി ‘സല്യൂട്ട് ഗാസ’ എന്ന പേരിൽ ഫോട്ടോ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഇന്ന് (സെപ്റ്റംബർ 30 ന്) വൈകിട്ട് 5.30ന് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.