സിനിമകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും 100 ശതമാനം തീരുവ; പ്രതികാര നടപടികള്‍ തുടര്‍ന്ന് ട്രംപ്

Wait 5 sec.

വാഷിങ്ടണ്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രതികാര നടപടികള്‍ തുടരുന്നു. അമേരിക്കക്ക് പുറത്തു നിര്‍മിക്കുന്ന സിനിമകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കൂടി നേരിട്ടായിരുന്നു ട്രംപിന്‌റെ പുതിയ പ്രഖ്യാപനം. വിദേശരാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ മോഷ്ടിച്ചുവെന്നാണ് ട്രംപിന്റെ ആരോപണം. പുതിയ താരിഫ് ബോളിവുഡ് അടക്കമുള്ള ഇന്ത്യന്‍ സിനിമാ മേഖലയെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.ചൈന ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ക്കായി അമേരിക്കയുടെ ഫര്‍ണിച്ചര്‍ വ്യവസായം പൂര്‍ണമായും നഷ്ടപ്പെടുത്തിയെന്നും നോര്‍ത്ത് കരോലിനയെ വീണ്ടും മികച്ചതാക്കുന്നതിനായി രാജ്യത്തിനു പുറത്ത് നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ക്ക് കനത്ത തീരുവ ചുമത്തുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വിദേശത്തുനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫര്‍ണിച്ചറുകള്‍ക്ക് നികുതി ചുമത്തുമ്പോള്‍ അത് ചൈന, വിയത്‌നാം തുടങ്ങിയ രാജ്യങ്ങളെയാവും പ്രധാനമായും ബാധിക്കുക.നേരത്തെ, ബ്രാന്‍ഡഡ് മരുന്നുകള്‍, കിച്ചണ്‍ കാബിനറ്റുകള്‍, ബാത്ത്റൂം വാനിറ്റികള്‍ എന്നിവക്ക് 50 ശതമാനം തീരുവ ചുമത്തി ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനു പുറമെ, അപ്ഹോള്‍സ്റ്ററി ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച നിയമവശങ്ങളോ കൂടുതല്‍വിവരങ്ങളോ അദ്ദേഹം അന്ന് പങ്കുവെച്ചിരുന്നില്ല. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താതെയാണ് പ്രഖ്യാപനം.അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ഒക്ടാബര്‍ ഒന്നാം തീയതി മുതലാണ് 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലക്ക് കനത്ത തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.