ന്യൂയോര്‍ക്ക് | നിരപരാധികളായ ഫലസ്തീനികളെ കൂട്ടക്കൊല നടത്തുന്നതിന് നേതൃത്വം കൊടുക്കുന്ന ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍. സംസാരിക്കുന്നതിനായി നെതന്യാഹു വേദിയിലെത്തിയപ്പോള്‍ തന്നെ നൂറോളം പ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. അറബ്, മുസ്‌ലിം, ആഫ്രിക്കന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ പ്രതിനിധികളാണ് പ്രതിഷേധിച്ചത്.എന്നാല്‍, ഗസ്സായില്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിച്ചു കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ഹമാസിന്റെ ഭീഷണി പൂര്‍ണമായ അവസാനിപ്പിക്കും വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുകയെന്നത് ശുദ്ധ വിഡ്ഢിത്തമാണെന്നും ഭ്രാന്തന്‍ ചിന്തയാണെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി പ്രതികരിച്ചു. തന്റെ പ്രസംഗം ഇസ്‌റാഈല്‍ റേഡിയോ ഗസ്സായില്‍ പ്രക്ഷേപണം ചെയ്യും. ഞങ്ങള്‍ നിങ്ങളെ ഒരു നിമിഷം പോലും മറന്നിട്ടില്ലെന്നും ഇസ്‌റാഈല്‍ ജനത കൂടെയുണ്ടെന്നും ഹമാസ് ബന്ദികളാക്കിയ ഇസ്‌റാഈലികളെ സംബോധന ചെയ്തുകൊണ്ട് നെതന്യാഹു പറഞ്ഞു. ഇറാന്‍ ഭീഷണിയാണെന്ന് ആവര്‍ത്തിച്ചു പറയാനും നെതന്യാഹു അവസരം ഉപയോഗപ്പെടുത്തി.യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി നെതന്യാഹു യു എസിലേക്ക് പോയത് യൂറോപ്യന്‍ വ്യോമാതിര്‍ത്തികളെല്ലാം ഒഴിവാക്കിയായിരുന്നു. ഗസ്സായിലെ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ സി സി)യുടെ അറസ്റ്റ് ഭയന്നായിരുന്നു ഇത്. നെതന്യാഹുവിനെതിരെ ഐ സി സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.