വിജയദീപ്തം;ഇന്ത്യൻ വനിതകൾക്ക് വിജയത്തുടക്കം

Wait 5 sec.

ഗുവാഹത്തി | വനിതാ ഏകദിന ലോകകപ്പിൽ ശ്രീലങ്കക്കെതിരായ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്്വർത്ത് ലൂയിസ് നിയമപ്രകാരം 59 റൺസിനാണ് ഹർമൻപ്രീത് കൗറും സംഘവും വിജയം കുറിച്ചത്. ആൾറൗണ്ട് പ്രകടനം പുറത്തെടുത്ത ദീപ്തി ശർമ (53 റൺസ്, മൂന്ന് വിക്കറ്റ്) ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. പുതുക്കി നിശ്ചയിച്ച 271 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 45.4 ഓവറിൽ 211 റൺസിന് പുറത്തായി. 43 റൺസെടുത്ത ക്യാപ്റ്റൻ ചാമരി അട്ടപ്പട്ടുവാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. നിലാക്ഷിക സിൽവ 35 റൺസെടുത്തു.നേരത്തേ, അമൻജോത് കൗറിന്റെയും (56 പന്തിൽ 57) ദീപ്തി ശർമയുടെയും (53 പന്തിൽ 53) അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹർലീൻ ഡിയോൾ (48), പ്രതിക റാവൽ (37) എന്നിവരും തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപണർ സ്മൃതി മന്ഥാനയെ (എട്ട്) നഷ്ടമായി. രണ്ടാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്ത പ്രതിക റാവൽ- ഹർലീൻ ഡിയോൾ സഖ്യം സ്‌കോർ 81ലെത്തിച്ചു. പ്രതിക റാവലിനെ പുറത്താക്കി ഇനോക രണവീര കൂട്ടുകെട്ട് പൊളിച്ചു. മധ്യനിരയിൽ നാല് റൺസിനിടെ നാല് വിക്കറ്റുകൾ വീഴ്ത്തി ശ്രീലങ്ക ഇന്ത്യയെ കടുത്ത പ്രതിരോധത്തിലാക്കി. ഏഴാം വിക്കറ്റിൽ ദീപ്തി ശർമ- അമൻ ജോത് കൗർ സഖ്യം നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. 99 പന്തിൽ നിന്ന് ഇരുവരും ചേർന്ന് 103 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അമൻജോത് അഞ്ചും ദീപ്തി മൂന്നും ബൗണ്ടറി നേടി. സ്‌കോർ 227ൽ അമൻജോത് പുറത്തായി. തുടർന്ന് തകർപ്പനടികളിലൂടെ സ്‌നേഹ് റാണയാണ് (15 പന്തിൽ 28) സ്‌കോർ 269ലെത്തിച്ചത്.ശ്രീലങ്കക്ക് വേണ്ടി ഇനോക രണവീര നാല് വിക്കറ്റ് വീഴ്ത്തി. ഉദേശിക പ്രബോധാനിക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.