പരിമിതികളെ മറികടന്ന് ഉയിര്‍ത്തെഴുനേല്‍പ്പിന്റെ പോരാട്ട കഥ രചിക്കുകയാണ് സജ്ന ജാഫര്‍. ജീവിതം മധുരമായി ആസ്വദിക്കേണ്ട പ്രായത്തില്‍ വിധി തളച്ചിട്ട വഴികള്‍ തള്ളിമാറ്റി ആയിരങ്ങള്‍ക്ക് കരുത്ത് പകരുകയാണ് ഇവര്‍.ആറ് വര്‍ഷം മുമ്പ് ഇരു കാലുകളും മുറിച്ച് മാറ്റേണ്ടി വന്ന 34കാരി തന്റെ വിധിയെ പഴിക്കാതെ എഴുത്തും വായനയും മോട്ടിവേഷന്‍ ക്ലാസ്സുകളുമായി സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നത് കരുത്തിന്റെ കഥകളാണ്. ജീവിതത്തിലെ സുഖ സന്തോഷ നിമിഷങ്ങള്‍ക്കിടയില്‍ പെട്ടൊന്നൊരുനാള്‍ വന്നുപെട്ട പനി ജീവിതതാളം തകര്‍ത്തെങ്കിലും പരിഭവങ്ങള്‍ പുറത്തറിയിക്കാതെ അതിജീവനത്തിന്റെ സന്ദേശം പകരുകയാണ് തന്റെ ജീവിത കഥയിലൂടെ സജ്ന.2019 ആഗസ്റ്റ് 24ലാണ് തന്റെ ജീവിതം മാറ്റിമറിച്ച ആ ദുരിതം. കുടുംബ വീട്ടിലെ ഒരു കല്യാണദിവസം. ഇതിന്റെ സന്തോഷാരവത്തിലാണ് എല്ലാവരും. സഹോദരിമാര്‍ ആറ് പേരും ഒത്തുകൂടിയ ആഹ്ലാദനിമിഷം. അന്ന് രാത്രി രണ്ട് മണിയായിക്കാണും. പെട്ടെന്ന് ശരീരത്തിന് കുളിരും പനിയും വന്നു. വെള്ളം മാറി കുളിച്ചതിന്റെതാകാമെന്ന് കരുതി പാരസെറ്റമോള്‍ കഴിച്ചു. പിന്നേറ്റ് വൈകുന്നേരമായപ്പോഴേക്കും പനി കൂടി. പരിസരത്തെ ആശുപത്രിയില്‍ പോയി. പക്ഷേ, പനിക്ക് ശമനമായില്ല. ശരീരം തളര്‍ന്ന പോലെ. വീണ്ടും ആശുപത്രിയില്‍. അവിടെ മൂന്ന് ദിവസം കിടന്നു. ആശുപത്രി വിട്ടെങ്കിലും നടക്കാന്‍ പറ്റാത്ത അവസ്ഥ. കാല്‍ മണ്ണില്‍ അമര്‍ത്താന്‍ കഴിയാത്ത വേദന. രണ്ട് കാലിലേക്കുള്ള രക്തയോട്ടം കുറയുകയാണെന്നും പെട്ടെന്ന് വിദഗ്ധ ഡോക്ടറെ കാണിക്കണമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. പിന്നീട് പരിശോധനയും ടെസ്റ്റുകളുമായി നീണ്ട ദിനങ്ങള്‍.കാലിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന അപൂര്‍വ രോഗത്തിന് താന്‍ ഇരയായിരിക്കുന്നുവെന്ന് ഇതിനിടെ സജ്ന തിരിച്ചറിഞ്ഞു. ആശുപത്രി വാസത്തിനിടെ ഡോക്ടമാരുടെ അടക്കിപ്പിടിച്ച സംസാരത്തില്‍ നിന്നും ഇവര്‍ ഒന്ന് മനസ്സിലാക്കി. താനിത് വരെ നിലം തൊട്ട് നടന്ന തന്റെ കാലുകള്‍ തനിക്കിനി ഇല്ലാതാകുകയാണ്. അപ്പോഴും അനര്‍ഥങ്ങളൊന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ഥിച്ചു. പക്ഷേ, ഒടുവില്‍ വിധിക്ക് കീഴടങ്ങുകയല്ലാതെ വഴിയില്ലാതായി. 34 വയസ്സ് വരെ രണ്ട് മക്കളും ഭര്‍ത്താവുമൊത്ത് ഓടിനടന്ന് സന്തോഷത്തോടെ ജീവിച്ചിരുന്ന സജ്‌നയുടെ ജീവിതം മാറിമറിയുകയാണ്. കൂട്ടിനിരുന്ന പിതാവും മാതാവും മുഖത്തോട് മുഖം നോക്കുന്നു. അവരുടെ ഉള്ള് വായിക്കാനാകാതെ തന്റെ അകം പിടയ്ക്കുന്നു. അങ്ങനെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഇരു കാലുകളും മുറിച്ച് മാറ്റുകയല്ലാതെ ഇനി മറ്റ് വഴികളില്ലെന്ന് ഡോക്ടർമാര്‍ വിധിയെഴുതി.2019 ആഗസ്റ്റ് 21ന് ആദ്യത്തെ സര്‍ജറി. ഇടത്കാല്‍ മുട്ടിന് താഴെ മുറിച്ചുമാറ്റി. വലത് കാലിന്റെ പാതയും എടുത്തുമാറ്റി. പാദം മുറിച്ച വലതു കാലിലെ മുറിവ് ഒന്നര വര്‍ഷമായിട്ടും ഉണങ്ങിയില്ല. അങ്ങനെ വലത് കാലും മുറിച്ചു മാറ്റേണ്ടിവന്നു. ജീവിതം പിന്നെ ചക്രക്കസേരയിലേക്ക് വഴിമാറി. തുടര്‍ന്നാണ് സജ്നയുടെ രണ്ടാം ജീവിതം തുടങ്ങുന്നത്. അത് തനിക്ക് താങ്ങും തണലുമായി നിന്ന ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പത്താം ക്ലാസ്സ് വരെ മാത്രം പഠിക്കാന്‍ കഴിഞ്ഞ സജ്ന നന്നെ ചെറുപ്പത്തില്‍ തന്നെ കുടുംബ ജീവിതത്തിലേക്ക് എത്തിപ്പെട്ടവരാണ്. കുട്ടിപ്രായത്തിലെ പരന്ന വായനാ ശീലമാണ് വിശ്രമകാലത്തെ ഏകാന്തതക്ക് കരുത്തായത്. വായന പിന്നീട് രചനയിലേക്കും മോട്ടിവേഷന്‍ ക്ലാസ്സുകളിലേക്കും പ്രചോദനമായി. കെ വി റാബിയ, സി എച്ച് മാരിയത്ത് എന്നിവരുടെ പുസ്തകങ്ങളാണ് ജീവിതത്തിന് കരുത്ത് പകര്‍ന്നത്. ഇതിനിടെ തന്റെ ജീവിത കഥ സജ്ന കുറിച്ചു. അതിലൊന്ന് “ഈ സമയവും കടന്ന് പോകും’ എന്ന ആശുപത്രി അനുഭവങ്ങളാണ്. മറ്റൊന്ന് കലാലയ അനുഭവ കുറിപ്പുകളായ “ഒരു വട്ടം കൂടി’ എന്ന അനുഭവക്കുറിപ്പാണ്. ഇതിന് പുറമെ ചില കവിതകളും രചിച്ചു.ഈ സമയവും കടന്നു പോകും എന്ന അനുഭവ കുറിപ്പില്‍ സജ്ന പറയുന്നത് ഇങ്ങനെ… പരീക്ഷണങ്ങളും പ്രയാസങ്ങളും ഇല്ലാതെ ദൈവം ആരെയും മണ്ണില്‍ സൃഷ്ടിച്ചിട്ടില്ല എന്ന തിരിച്ചറിവാണ് നമുക്ക് ആദ്യം വേണ്ടത്. അതാണ് നമ്മുടെ വിജയം. ജീവിതത്തില്‍ വലിയൊരു പരീക്ഷണത്തിലൂടെ കടന്നുപോയ ഒരു വ്യക്തിയാണ് ഞാന്‍.ഇതുവരെ ജീവിച്ചത് ഒന്നുമല്ലെന്ന് ജീവിതത്തിനിടെ കാലം എനിക്ക് പഠിപ്പിച്ചു തന്നു. കണ്ണീരിന്റെയും പ്രാര്‍ഥനയുടെയും ദിനങ്ങളായിരുന്നു അത്. “വിധി മനസ്സറിഞ്ഞു ചിരിപ്പിച്ചതും കണ്ണുനിറഞ്ഞു കരയിപ്പിച്ചതും ഈ രണ്ടക്ഷരം തന്നെ.’ എനിക്കൊരു പ്രയാസം വന്നപ്പോള്‍ നമ്മളെക്കാളും പ്രയാസവും ബുദ്ധിമുട്ടും അനുഭവിക്കുന്നവര്‍ ഈ ലോകത്ത് ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. എല്ലാവരും എന്നെ അംഗീകരിക്കുമോ. ഞാന്‍ ഒറ്റപ്പെടുമോ. എനിക്കുമാത്രം എന്തേ ഇങ്ങനെ. എന്നൊക്കെയുള്ള അരുതാത്ത തോന്നലുകള്‍ എന്നെ വേട്ടയാടി ക്കൊണ്ടിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. അതില്‍ നിന്നും എനിക്കൊരു മോചനം കിട്ടിയത് എന്റെ പ്രിയപ്പെട്ടവരുടെ പ്രാര്‍ഥനയിലൂടെയും ഭിന്നശേഷി ഗ്രൂപ്പുകളില്‍ ചേര്‍ന്നപ്പോഴുമാണ്…എന്നേക്കാളും ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഈ ലോകത്തുണ്ടെന്ന് അവരിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. അവരൊക്കെ സന്തോഷമായി ജീവിക്കുന്നു. പിന്നെന്തിനാ ഇത്രയും കാലം ആരോഗ്യത്തോടെ ജീവിച്ച ഞാന്‍ ഈ ഒരു ചെറിയ പ്രശ്നത്തില്‍ നിന്ന് ജീവിതത്തെ ഭയപ്പെടണം. വീഴ്ചയില്‍നിന്നും നടക്കാന്‍ പഠിച്ച പോലെ, തളര്‍ച്ചയിലും എന്തോ ഒന്ന് നമ്മെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ് പ്രതിസന്ധികളെ സധൈര്യം നേരിട്ട് മുന്നോട്ടു പോകാന്‍ ഇന്നെനിക്ക് സാധിക്കുന്നു. ഇങ്ങനെ പോകുന്നു സജ്നയുടെ വരികള്‍.ഇതിനിടെ ചില അംഗീകാരങ്ങളും ഇവര്‍ക്ക് ലഭിച്ചു. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള പല കോളജുകളിലും തന്റെ അനുഭവ പാഠങ്ങള്‍ ഇവര്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കി. ജില്ലയിലെ വിവിധ സ്‌കൂളുകളിലും തദ്ദേശ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും സജ്ന ക്ലാസ്സുകളെടുക്കാറുണ്ട്. ജനപ്രതിനിധികള്‍, കലക്ടര്‍, എഴുത്തുകാര്‍ തുടങ്ങിയവരുടെ അനുമോദനങ്ങള്‍ എല്ലാം നേടാനായ സന്തോഷവും ഇവര്‍ക്കുണ്ട്. ഇതിന് പുറമെ ഡി എ പി എല്‍ എന്ന ഭിന്നശേഷി കൂട്ടായ്മയുടെ വനിതാ വിഭാഗം മലപ്പുറം ജില്ലാ പ്രസിഡന്റ്സ്ഥാനവും ഇവര്‍ വഹിക്കുന്നുണ്ട്.കോട്ടക്കല്‍ സ്വദേശിയായ സജ്നക്ക് സമൂഹത്തോട് പറയാനുള്ളത് ഇതാണ്. പ്രതിസന്ധികളും പ്രയാസങ്ങളും ഇല്ലാതെ ദൈവം ആരെയും മണ്ണില്‍ സൃഷ്ടിച്ചിട്ടില്ലെന്ന് തിരിച്ചറിവുണ്ടാകണം. അതാണ് വിജയവും. ഭിന്നശേഷിക്കാരോട് പലരും പറയുന്ന വാക്കാണ് പരിമിതികളെ അതിജീവിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുക എന്നത്. ചില സമയങ്ങളില്‍ അതത്ര എളുപ്പമല്ല എന്നറിയാമെങ്കിലും ശാരീരികമായ വെല്ലുവിളികളില്‍ പതറാതെ, സ്വന്തം ശരീരത്തെ മാത്രമേ തളര്‍ത്തിയിട്ടുള്ളൂ. ഒരു നഷ്ടത്തിന് മറ്റൊരു നേട്ടമുണ്ടാകും എന്ന് വിശ്വസിച്ച് ഒരു തളര്‍ച്ചക്കും മനസ്സിനെ വിട്ടുകൊടുക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുക. പരിമിതികള്‍ നല്‍കിയ ദൈവം പലതരത്തിലുള്ള കഴിവുകളും ഓരോരുത്തര്‍ക്കും നല്‍കിയിട്ടുണ്ടാകും. ആ കഴിവുകളെ തിരിച്ചറിഞ്ഞ് അത് പരിപോഷിപ്പിച്ചു മുന്നേറുക. ആരെയും അവഗണിക്കാതിരിക്കുക. പരിമിതികളെ അതിജീവിക്കുക അതിനായി പരിശ്രമിക്കുക. നമ്മുടെ പരിമിതികള്‍ പോലും അപ്പോള്‍ നമ്മുടെ മുമ്പില്‍ തോറ്റുപോകും. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയാതെ തളര്‍ന്നുപോയവരും പരിമിതികള്‍ക്ക് ഇണങ്ങാത്ത ജീവിത സാഹചര്യങ്ങളില്‍ പെട്ട് ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്ന മക്കളും അവരുടെ മാതാപിതാക്കളും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ള മക്കളെ ഒന്നിലും മാറ്റിനിര്‍ത്താതെ അവരുടെ സ്വപ്നങ്ങള്‍ക്ക് വര്‍ണങ്ങളാകാന്‍ നമ്മളാല്‍ കഴിയുന്ന രീതിയില്‍ ചേര്‍ത്തുനിര്‍ത്തുക. ജീവിതയാത്രയില്‍ ഒരാള്‍ക്കെങ്കിലും ആശ്വാസമാകാന്‍ കഴിയുന്നുണ്ടെങ്കില്‍ നമ്മുടെ സാന്നിധ്യം അവര്‍ക്ക് സന്തോഷം നല്‍കാന്‍ കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ജീവിതത്തില്‍ കുറച്ച് സമയമെങ്കിലും മാറ്റിവെക്കാന്‍ ശ്രമിക്കുക. എല്ലാവര്‍ക്കും ഒരുപോലെയുള്ള ജീവിതം ഉറപ്പുവരുത്തുന്ന ഒരു പുതുലോകത്തെ കെട്ടിപ്പടുക്കാൻ നമ്മള്‍ ഓരോരുത്തരും നമ്മളാല്‍ കഴിയുന്ന വിധം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുക. .