തൃശൂര്‍ | പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് നാട്ടിക മണ്ഡലത്തിലെ സി പി ഐയുടെ എം എല്‍ എ സി സി മുകുന്ദന്‍. തന്നെ മാറ്റി പകരം മുന്‍ എം എല്‍ എ ഗീത ഗോപിക്കു സീറ്റ് നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ അദ്ദേഹം രംഗത്തുവന്നു.ഗീതഗോപിയ്ക്ക് സീറ്റ് നല്‍കുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. ഗീത ഗോപിയ്ക്ക് പാര്‍ട്ടിക്കായി പണം പിരിച്ചു നല്‍കാന്‍ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്നും സ ിസി മുകുന്ദന്‍ എം എല്‍ എ പറഞ്ഞു. പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാനുള്ള ശേഷി തനിക്കില്ല.പാര്‍ട്ടിയിലെ വിഭാഗീയത കാരണം താന്‍ ഒഴിവാക്കപ്പെടുകയാണ്. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിര്‍ദ്ദേശിക്കാത്തതിന് പിന്നില്‍ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എം എല്‍ എമാര്‍ക്കും നല്‍കിയെന്നും തന്നെ മാത്രം പാര്‍ട്ടി ഒഴിവാക്കിയെന്നും സി സി മുകുന്ദന്‍ പറഞ്ഞു. മുന്‍ എംഎല്‍എ ഗീത ഗോപിക്കും പാര്‍ട്ടിക്കുമെതിരെ പൊട്ടിത്തെറിച്ച് സിസി മുകുന്ദന്‍ എം എല്‍ എ രംഗത്തുവന്നത് പാര്‍ട്ടിയെ കുഴക്കി.