മലയാള സിനിമയിൽ സ്വന്തം വഴിയിലൂടെ നടന്നെത്തി ശ്രദ്ധ നേടിയ മികച്ച അഭിനേത്രി, ബിരിയാണി എന്ന ചിത്രത്തിലൂടെ സ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനി കുസൃതി. മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത മുഖം, എങ്കിലും നാടകരംഗത്തും അന്താരാഷ്ട്ര സിനിമകളിലും സജീവമായി നിൽക്കുന്ന താരം. എന്നാൽ അവളുടെ അഭിനയ മികവിനേക്കാൾ ഉപരിയായി, അവൾ വളർന്നുവന്ന സാഹചര്യങ്ങളും മാതാപിതാക്കളുടെ വിപ്ലവകരമായ ചിന്താഗതികളുമാണ് കനിയെ സമൂഹത്തിൽ വേറിട്ടു നിർത്തുന്നത് എന്നതാണ് പ്രാധാന്യം.കൂടാതെ, സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിത്വം കൊണ്ടും കനി വ്യത്യസ്തയാണ്. ഈ വനിതാ ദിനത്തിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി കനി കുസൃതി എന്ന വനിതയെക്കുറിച്ച് പറയുന്നതിന് വളരെ പ്രസക്തിയുണ്ട്.വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിപരമ്പരാഗത നായികാ മാതൃകകളിൽ ഒതുങ്ങാതെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളാണ് മിക്കപ്പോഴും കനി കുസൃതി തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ, അഭിനയത്തിൽ സ്വാഭാവികതയും കഥാപാത്രത്തോടുള്ള ആത്മാർത്ഥതയും കൊണ്ട് അവൾ ശ്രദ്ധിക്കപ്പെട്ടു. ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിലേയ്ക്കുള്ള പ്രവേശനമെങ്കിലും പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങൾ വഴി പ്രേക്ഷകരുടെ മനസിൽ എഴുപ്പം സ്ഥാനം നേടാനായി.മലയാള സിനിമയുടെ അതിരുകൾ കടന്ന് അന്താരാഷ്ട്ര സിനിമാ വേദികളിലും കനി ശ്രദ്ധ നേടി. പ്രത്യേകിച്ച് All We Imagine as Light എന്ന ചിത്രത്തിലൂടെ കനി ലോക സിനിമാ പ്രേക്ഷകരുടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റി. ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടത് ലോകപ്രശസ്തമായ Cannes Film ഫെസ്റ്റിവലിലായിരുന്നു. ഇന്ത്യൻ സിനിമയുടെ പുതിയ മുഖമായി കനിയെ പലരും അവിടെയും വിലയിരുത്തി.നിലപാടുകളിലെ ധൈര്യംഅഭിനയത്തിന് പുറമേ സാമൂഹിക വിഷയങ്ങളിൽ തുറന്ന നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് കനി. സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് അവൾ തുറന്നുപറയാറുണ്ട്. സമൂഹത്തിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവൾ ശക്തമായി പ്രതികരിക്കുന്നുണ്ട്. മുഖം നോക്കാതെ സംസാരിക്കാറുണ്ട്, മടികൂടാതെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാറുണ്ട്. പെണ്ണെന്ന് പറഞ്ഞ് മാറി നിൽക്കാതെ അവൾ ശക്തമായ നിലപാടുകൾ പങ്കുവെയ്ക്കാറുണ്ട്. കാൻ ചലചിത്രമേളയിൽ പലസ്തീന് പിന്തുണ അറിയിച്ചുകൊണ്ട് തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായി റെഡ് കാർപ്പറ്റിൽ എത്തിയതെല്ലാം തന്റെ നിലപാടുകളിലുള്ള പ്രതിഫലനമായിരുന്നു.തിരുവനന്തപുരത്തെ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടുകയും അവർക്ക് പുനരധിവാസം ഉറപ്പാക്കാൻ പ്രവർത്തിക്കുകയും ചെയ്ത ഡോക്ടർ എ.കെ ജയശ്രീയുടെയും, സോഷ്യൽ മീഡിയയിലെ പ്രശസ്ത ചിന്തകനും നിരീശ്വരവാദിയുമായ മൈത്രേയന്റെയും മകളാണ് കനി. ഈ ഐഡന്റിറ്റി തന്നെയാകണം കനിയെ വ്യത്യസ്തയാക്കുന്നതും. വിവാഹം എന്ന വ്യവസ്ഥാപിത സംവിധാനത്തോട് കലഹിച്ചു ജീവിച്ചവരായിരുന്നു ഇരുവരും. കടുത്ത നിരീശ്വരവാദികളായ അവർ പൊതുസമൂഹത്തിന്റെ സദാചാര സങ്കൽപ്പങ്ങളെ വെല്ലുവിളിച്ചുതന്നെയാണ് ജീവിച്ചത്.കനിയെ തന്റെ 18 വയസ്സുവരെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം മാത്രമേ തനിക്കുള്ളൂവെന്നും അതിനുശേഷം സ്വന്തം ജീവിതം കനി തന്നെ തീരുമാനിക്കണമെന്നും ജയശ്രീ വിശ്വസിച്ചിരുന്നു. മാതാപിതാക്കളെ ‘അച്ഛൻ’ എന്നോ ‘അമ്മ’ എന്നോ വിളിക്കാതെ മൈത്രേയൻ എന്നും ജയശ്രീ എന്നുമാണ് കനി വിളിക്കുന്നത്. പത്താം ക്ലാസ്സിൽ എത്തിയപ്പോൾ അച്ഛന്റെ പേര് ചേർക്കുന്നതിന് പകരം ‘കുസൃതി’ എന്ന് അവൾ ഔദ്യോഗികമായി പേര് മാറ്റി. പേരിലെന്നപോലെ പ്രവ്ര‍ത്തികളിലും നിരീക്ഷണങ്ങളിലും ചിന്തകളിലും വ്യത്യസ്ത തന്നെയാണ് കനി.മൈത്രേയന്റെ വിഖ്യാതമായ കത്ത്കനിക്ക് 18 വയസ്സ് തികഞ്ഞപ്പോൾ മൈത്രേയൻ അയച്ച കത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. മകളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പൂർണ്ണമായും മാനിക്കുന്ന ആ കത്തിൽ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഇഷ്ടമുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും, പ്രസവിക്കാനും, ഗർഭം വേണ്ടെന്നു വെക്കാനുമുള്ള അവളുടെ അവകാശങ്ങൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. മദ്യപിക്കാനും പുകവലിക്കാനും അവകാശമുണ്ടെന്ന് പറയുമ്പോഴും, പുകവലി ആരോഗ്യത്തിന് ഹാനികരമായതിനാൽ അത് ശീലമാക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.സമൂഹത്തിന്റെ പൊതുനിഷ്ഠകളിൽ നിന്ന് മാറി സഞ്ചരിച്ച ഈ കുടുംബത്തിന്റെ ജീവിതം മനുഷ്യന്റെ ആത്യന്തികമായ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ്. ഇത്തരം വ്യത്യസ്ത ചിന്താധാരകൾ കൂടി ചേരുമ്പോഴാണ് ഒരു ജനാധിപത്യ സമൂഹം പൂർണ്ണമാകുന്നത് എന്ന് ഇവരുടെ ജീവിതകഥ അടിവരയിടുന്നുമുണ്ട്. വ്യക്തിസ്വാതന്ത്ര്യം മറ്റുള്ളവരെ വേദനിപ്പിക്കാത്തടത്തോളം കാലം ഓരോരുത്തർക്കും അവർ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ അവകാശമുണ്ടെന്ന സന്ദേശം തന്നെയാണ് ഇവർ നൽകുന്നതും.സ്ത്രീകൾ അവരുടെ സ്വപ്നങ്ങൾ പിന്തുടരണം, സ്വന്തം ശബ്ദം ഉയർത്തണം, അതിന് പ്രചോദനമാകുന്ന, പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് കനിയുടേത്. അഭിനയത്തിലെ മികവും വ്യക്തിത്വത്തിലെ ധൈര്യവും ഒരുമിച്ചപ്പോൾ അവൾ ഇന്നത്തെ തലമുറയിലെ സ്ത്രീകൾക്ക് മാതൃക തന്നെയാണ്. വനിതാ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് സ്ത്രീകളുടെ ശക്തിയെയും സ്വാതന്ത്ര്യത്തെയും കുറിച്ചാണ്. ആ ശക്തിയുടെ ഒരു പ്രതീകമായി മലയാള സിനിമയിൽ തിളങ്ങുന്ന ഒരു പേര് തന്നെയാണ് കനി കുസൃതി.The post ഹേയ് നാരീ… പെൺ കരുത്തിന്, ഇടറാത്ത ശബ്ദത്തിന് നീയും ഒരു മാതൃക appeared first on Kairali News | Kairali News Live.