ഹോസ്റ്റല്‍ ആക്രമണം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ സഹപാഠി മരിച്ചു, ഏഴ് പേര്‍ക്ക് പരുക്ക്

Wait 5 sec.

ബല്ലാരി| കര്‍ണാടകയിലെ ബല്ലാരി ജില്ലയിലെ ഗുരുകുല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അര്‍ദ്ധ രാത്രിയില്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണം. ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന സഹപാഠികളെ കട്ടിലിന്റെ ഇരുമ്പ് കമ്പി കൊണ്ട് അടിച്ചതിനെത്തുടര്‍ന്ന് ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരമാണ്.രാത്രി ഭക്ഷണം കഴിഞ്ഞ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥികള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതി പെട്ടെന്ന് പ്രകോപിതനാവുകയും കട്ടിലിന്റെ കമ്പിയെടുത്ത് സഹപാഠികളെ ആക്രമിക്കുകയുമായിരുന്നു. എട്ട് വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇതില്‍ ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ത്ഥി പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. ആക്രമണത്തിന് ശേഷം പ്രതിയായ വിദ്യാര്‍ഥി സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.