തിരുവനന്തപുരം| ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിക്കഷ്ണം തുന്നിക്കെട്ടിയ സംഭവത്തില്‍ കഴക്കൂട്ടം സി എസ് ഐ മിഷന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ പ്രശാന്തിനെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു. മേനംകുളം സ്വദേശിനി ഷീബ മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.പനി ബാധിച്ച് 2025 ഡിസംബര്‍ രണ്ടിനാണ് ഷീബ കഴക്കൂട്ടം സി എസ് ഐ മിഷന്‍ ആശുപത്രിയില്‍ എത്തുന്നത്. പിറ്റേദിവസം ഡിസംബര്‍ മൂന്നിന് വയറുവേദനയുണ്ടായി. സ്‌കാനിങ്ങിന് ശേഷം അപ്പന്‍ഡിസൈറ്റിസിന് ഓപ്പറേഷന്‍ ചെയ്യണമെന്ന് പറഞ്ഞു. ബ്ലീഡിങ്ങ് ഉണ്ടായതിനു പിന്നാലെ അന്ന് ശസ്ത്രക്രിയ ചെയ്തുവെന്നും ഷീബ പറയുന്നു.ഡിസംബര്‍ 12 ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.ശസ്ത്രക്രിയയ്ക്ക് ശേഷം വയറുവേദന തുടര്‍ന്നു. മുറിവിന്റെ ഭാഗം ഉണങ്ങാതെ പഴുക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സ തേടി. അവിടെ നിന്നും നടത്തിയ സ്‌കാനിങ്ങിലാണ് ശസ്ത്രക്രിയയ്ക്കിടെ തുണി വയറില്‍ തുന്നിക്കെട്ടിയതായി കണ്ടെത്തിയതെന്ന് ഷീബ പറയുന്നു. പിന്നീട് സി എസ് ഐ മിഷന്‍ ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു.