സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനം; 25,450 മുതല്‍ 30,800 വരെ മിനിമം വേതനം

Wait 5 sec.

തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച കരട് വിജ്ഞാപനമിറക്കി. പുതുക്കിയ ശമ്പള സ്‌കെയില്‍ പ്രകാരം സ്റ്റാഫ് നഴ്സുമാരുടെ മിനിമം വേതനം 25,450 മുതല്‍ 30,800 വരെയായിരിക്കും. 2018ലെ വിജ്ഞാപനം പ്രകാരം ഇത് 20,000 -24,200 ആയിരുന്നു. ശമ്പള പരിഷ്‌കരണത്തിന് 2022 ഒക്ടോബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും.അടിസ്ഥാന ശമ്പളത്തിന് പുറമെ ആശുപത്രികളുടെ കിടക്കകളുടെ എണ്ണം പരിഗണിച്ച് പ്രത്യേക അലവന്‍സുകള്‍ക്കും കരടില്‍ നിര്‍ദേശമുണ്ട്. നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍, ഓഫീസ് സ്റ്റാഫ് തുടങ്ങി സ്വകാര്യ ആശുപത്രി മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ഉത്തരവ് ഗുണകരമാകും.801-ല്‍ കൂടുതല്‍ കിടക്കകളുള്ള വന്‍കിട ആശുപത്രികളിലെ നഴ്‌സുമാര്‍ക്കും മറ്റ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കും അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വരെ അധിക അലവന്‍സിന് അര്‍ഹതയുണ്ടാകും. ആശുപത്രികളെ കിടക്കകളുടെ എണ്ണത്തിന്റെയും ജീവനക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറികളായി തിരിച്ചാണ് വേതന വ്യവസ്ഥകള്‍ നടപ്പാക്കുന്നത്. നിലവില്‍ വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നവര്‍ക്ക് അത് തുടരാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കരട് വിജ്ഞാപനത്തിന്മേല്‍ ആക്ഷേപങ്ങളോ നിര്‍ദേശങ്ങളോ സമര്‍പ്പിക്കാന്‍ രണ്ടുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.