പരിമിതികൾക്കപ്പുറം പറന്ന് മലയാളി പെൺകൊടികൾ; സോളോ ട്രാവലിംഗിലൂടെ പുതിയ ചരിത്രം കുറിക്കുന്നവർ

Wait 5 sec.

യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. പുതിയ സ്ഥലങ്ങളിൽ എത്തുമ്പോൾ അവിടെ നമ്മളെ കാത്ത് ഒരുപാട് അത്ഭുതങ്ങൾ ഉണ്ടാകും. നമ്മൾ അനുഭവിച്ചറിയത് അവയെല്ലാം നമുക്ക് പുതിയതാവാം. അതിപ്പോൾ ഭാഷയോ വേഷമോ ഭക്ഷണമോ എന്തും ആവാം. എന്നാൽ ഈ യാത്രയെല്ലാം ഒറ്റക്ക് ആണെങ്കിലോ ? കൂട്ടിനു ആരുമില്ലാതെയും യാത്രകൾ സുന്ദരമായിരിക്കും. അതിനു മറ്റൊരു താളം തന്നെ ഉണ്ടാകും. ഇന്ന് മലയാളി സ്ത്രീകൾ സോളോ ട്രാവലിംഗിൽ പുതിയ ചരിത്രമാണ് എഴുതുന്നത്. സമൂഹത്തിന്റെ പരിമിതികൾ മറികടന്ന് ലോകം കാണാൻ ഇറങ്ങിയ ചില ധൈര്യമായ സ്ത്രീകളുടെ കഥകളാണ് നമുക്കൊന്ന് നോക്കാം.അരുണിമ“ഒരു പെൺകുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റില്ല” എന്ന അഭിപ്രായം പലരും പറഞ്ഞിരുന്നു. എന്നാൽ അരുണിമ അത് കേട്ടില്ല. ബാഗ് പായിച്ച് ഇന്ത്യയുടെ പല സംസ്ഥാനങ്ങളും അവൾ ഒറ്റയ്ക്ക് കണ്ടു. യാത്രയിൽ പുതിയ സംസ്കാരങ്ങളും ആളുകളുമായി പരിചയപ്പെട്ടത് അവളുടെ ജീവിത കാഴ്ചപ്പാട് തന്നെ മാറ്റി. ഇന്ന് പല പെൺകുട്ടികൾക്കും യാത്ര ചെയ്യാനുള്ള പ്രചോദനമാണ് അരുണിമ.ഒരു ചെറു ബാഗിൽ ആവശ്യമായ സാധനങ്ങൾ മാത്രം എടുത്ത്, പ്രകൃതിയുടെ സൗന്ദര്യം അനുഭവിക്കുകയും, പുതിയ ആളുകളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന അരുണിമ, സോളോ യാത്രയുടെ മാധുര്യം പങ്കുവെക്കുകയാണ്. അവളുടെ യാത്രയിൽ ചെറിയ പട്ടണങ്ങൾ, കടൽത്തീരം, നമ്മൾ ഇന്നേവരെ കാണാത്ത ആളുകളുടെ ജീവിതം എന്നിവയാണ് മുഖ്യ ആകർഷണങ്ങൾ.ലിഫ്റ്റ് ചോദിച്ചും നടന്നും വണ്ടിയിലുമൊക്കെ സഞ്ചരിച്ച് അരുണിമ അങ്ങ് ആഫ്രിക്കയിലും എത്തിയിരുന്നു. അവിടെ നിന്നുള്ള ഒരു വീഡിയോ പോലും കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. അവിടെ നിന്നുള്ള പ്രത്യേകതരം മസാജിന്‍റെ വിഡിയോ നിരവധിപ്പേരാണ് കണ്ടത്. പ്രകൃതിയുടെ മടിയില്‍ എന്നുപറയാവുന്ന സജ്ജീകരങ്ങളിൽ ആയിരുന്നു അത്. ഇത്തരത്തിലുള്ള യാത്രകൾ യുവജനങ്ങൾക്ക് സ്വയം തിരിച്ചറിയാനുള്ള അവസരവും ഭയങ്ങൾ മറികടക്കാനുള്ള പ്രേരണയും നൽകുന്നുവെന്ന് ആണ് അരുണിമയുടെ അഭിപ്രായം.’ സിമ്പിള്‍ കാര്യങ്ങളിലൂടെയും ചെറിയ യാത്രകളിലൂടെയും ജീവിതത്തിലെ മനോഹാരിത കണ്ടെത്താം’ എന്നാണ് അരുണിമയുടെ പോളിസിയും.നാജി നൗഷിചെറുപ്പം മുതൽ തന്നെ യാത്രകളോട് വലിയ താൽപര്യം ഉണ്ടായിരുന്ന നാജി നൗഷി, ഒരു ദിവസം ലോകം മുഴുവൻ കാണണമെന്ന സ്വപ്നം കണ്ടിരുന്നു. കുടുംബത്തിന്റെ പിന്തുണയോടെ അവൾ സോളോ ട്രാവലിംഗ് തുടങ്ങി. ഓരോ യാത്രയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മറ്റു സ്ത്രീകൾക്കും ആത്മവിശ്വാസം നൽകുകയാണ് നാജി ഇപ്പോൾ. കല്യാണമൊക്കെ കഴിഞ്ഞ് കുടുംബവും കുട്ടികളുമൊക്കെ ആയാൽ പിന്നെ ഈ പറന്നു നടപ്പൊന്നും നടക്കില്ലെന്നുള്ള ഡയലോഗുകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ അതൊന്നും ഇവിടെ വിലപോകില്ലെന്ന് ആണ് നാജിയുടെ രീതി. അഞ്ച് മക്കളുടെ അമ്മയാണ് കക്ഷി. പത്തൊന്‍പതാം വയസ്സില്‍ വിവാഹം കഴിഞ്ഞ നാജി പ്ലസ് ടു വിദ്യാഭ്യാസവും കുറച്ച് ഹിന്ദിയും ഇംഗ്ലീഷും മാത്രം കൈമുതല്‍ ആക്കിയാണ് ഈ യാത്രയൊക്കെ നടത്തുന്നത്.ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ കേരളത്തില്‍നിന്ന് ജീപ്പോടിച്ച് അങ്ങ് ഖത്തറില്‍ പോയും പതിനേഴ് സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളിലും മൂന്ന് അന്താരാഷ്ട്ര അതിര്‍ത്തികളിലുമായി അറുപത് ദിവസംകൊണ്ട് 13,000 കിലോമീറ്റര്‍ ഒറ്റയ്ക്ക് സഞ്ചരിച്ചും ഹിച്ച്‌ഹൈക്ക് ചെയ്ത് എവറസ്റ്റ് ബേസ്‌ക്യാമ്പ് കയറിയുമൊക്കെ ആള് നമ്മളെ മുൻപും വിസ്മയിപ്പിച്ചിട്ടുണ്ട്. 17 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ട യാത്രയിലെ അനുഭവങ്ങള്‍ ‘ഓള് കണ്ട ഓളെ ഇന്ത്യ’ എന്ന പേരില്‍ പുസ്തകമാണ് പുറത്തുവന്നിട്ടുണ്ട്. കേരള സര്‍ക്കാര്‍ സാംസ്‌കാരിക കാര്യ വകുപ്പിന്റെ സ്ത്രീ ശാക്തീരണ പുരസ്‌കാരം ‘സമം’ ഉള്‍പ്പടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ കൂടി അവർ സ്വന്തമാക്കിയിട്ടുണ്ട്. സ്വപ്നങ്ങൾ കാണാനുള്ളവ മാത്രമല്ല, അവ ജീവിക്കാനുള്ളവ കൂടിയാണ് എന്നാണ് നാജി പറഞ്ഞുവയ്ക്കുന്നത്.അഫീദ ഷെറിൻഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു കൊച്ചു ഗ്രാമത്തിൽനിന്നു 12 വർഷങ്ങൾക്കിപ്പുറം രാജ്യത്തിന്റെ ഓരോ കോണിലും ആസ്വദിച്ചു യാത്രചെയ്യുന്ന ഒരു ഇരുപത്തിരണ്ടുകാരി, അതാണ് അഫീദ ഷെറിൻ. യാഥാസ്ഥിതിക പശ്ചാത്തലവും സാമ്പത്തിക ബുദ്ധിമുട്ടുകളും തടസ്സമായെങ്കിലും, തന്റെ പതിമൂന്നാം വയസ്സിൽ കണ്ട ഹിമാചൽ പ്രദേശ് എന്ന സ്വപ്നത്തിലേക്ക് ആണ് അഫീദ ഒറ്റയ്ക്ക് നടന്നു കയറിയത്.യാത്രകൾക്ക് അവസരം ലഭിക്കാൻ വേണ്ടിയാണ് അഫീദ ആർക്കിടെക്ചർ പഠനം തിരഞ്ഞെടുത്തത്.”ഞാൻ ഡൽഹിയിൽ എത്തും” എന്ന് തന്റെ മുറിയിലെ ചുവരിൽ എഴുതി വെച്ച അവൾ, പ്രവേശന പരീക്ഷകൾ വിജയിച്ച് ഡൽഹിയിൽ പഠനത്തിനെത്തി. സുഹൃത്തുക്കൾക്കൊപ്പം പല യാത്രകൾ നടത്തിയെങ്കിലും, ഒരു സഞ്ചാരിയായി നാടിന്റെ ആത്മാവ് തൊട്ടറിയാൻ അവൾ ആഗ്രഹിച്ചത് ഒറ്റയ്ക്കുള്ള യാത്രയായിരുന്നു.സോളോ ട്രാവലിംഗ് ഒരു യാത്ര മാത്രമല്ല, അത് സ്വയം കണ്ടെത്തലിന്റെ ഒരു വഴിയാണെന്ന് അഫീദ പറയുന്നു. പ്രകൃതിയും പുതിയ സ്ഥലങ്ങളും ആളുകളും അവളുടെ ജീവിതത്തിൽ പുതിയ അനുഭവങ്ങൾ നൽകി. “ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് നമ്മളെ കൂടുതൽ ശക്തരാക്കും” എന്നതാണ് അഫീദയുടെ വിശ്വാസം. ഷിംല, റെക്കോങ് പിയോ, സ്പിതി വാലി എന്നിവിടങ്ങളിലൂടെ നടത്തിയ യാത്ര അഫീദയ്ക്ക് നൽകിയത് വലിയ ആത്മവിശ്വാസമാണ്. “മാനിഫെസ്റ്റേഷൻ” ആണ് തന്റെ വിജയരഹസ്യമെന്ന് അഫീദ വിശ്വസിക്കുന്നു. തിമിംഗലങ്ങൾക്കൊപ്പം നീന്തുക എന്നതാണ് ഈ ധീരയായ മലയാളി പെൺകുട്ടിയുടെ ലക്ഷ്യങ്ങളിൽ ഒന്ന്.ഒറ്റയ്ക്കുള്ള യാത്രകൾ കേവലം വിനോദമല്ല, മറിച്ച് സ്വയം കണ്ടെത്താനുള്ള വഴികളാണ്. ഈ സ്ത്രീകൾ നമ്മളെ ഓർമ്മിപ്പിക്കുന്നത് ഒറ്റ കാര്യമാണ്;- സ്വപ്നങ്ങൾക്ക് അതിരുകളില്ല. ധൈര്യം ഉണ്ടെങ്കിൽ ലോകം തന്നെ നമ്മുടെ വഴിയാകും.The post പരിമിതികൾക്കപ്പുറം പറന്ന് മലയാളി പെൺകൊടികൾ; സോളോ ട്രാവലിംഗിലൂടെ പുതിയ ചരിത്രം കുറിക്കുന്നവർ appeared first on Kairali News | Kairali News Live.