ലോകത്തിന് കാട്ടുനീതിയിലേക്ക് മടങ്ങിപ്പോകാനാവില്ല; ഇറാനിലെ ഭരണമാറ്റ ശ്രമങ്ങളെ എതിര്‍ക്കുന്നതായി ചൈന

Wait 5 sec.

ബിജിങ് |  ഇറാനെതിരായ യുഎസ്-ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നതായി ചൈന. ഇത്തരം നീക്കങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി.ഒരു രാജ്യത്ത് ‘നിറം മാറ്റ വിപ്ലവങ്ങള്‍’ ആസൂത്രണം ചെയ്യുന്നതോ ഭരണമാറ്റത്തിന് ശ്രമിക്കുന്നതോ ആയ നീക്കങ്ങള്‍ക്ക് പൊതുജന പിന്തുണ ലഭിക്കില്ലെന്നും ബീജിങില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വാങ് യി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.നിലവിലെ സാഹചര്യത്തില്‍ ഇറാനിലെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ പാടില്ലെന്ന കര്‍ശന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.ഇറാന്റെയും മറ്റ് രാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിക്കപ്പെടണമെന്ന് വാങ് യി ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ സൈനിക നീക്കങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇത് സംഭവിക്കാന്‍ പാടില്ലാത്ത ഒരു യുദ്ധമാണ്. ഈ യുദ്ധം ആര്‍ക്കും ഗുണം ചെയ്യില്ല.ആയുധങ്ങള്‍ കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ലെന്നും സൈനിക നീക്കങ്ങള്‍ വെറുപ്പ് വര്‍ദ്ധിപ്പിക്കാനും പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാനും മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു.ആ രാജ്യത്തെ ജനങ്ങളാണ് അവിടുത്തെ യഥാര്‍ത്ഥ യജമാനന്മാര്‍. ആ പ്രദേശത്തെ കാര്യങ്ങള്‍ അവിടുത്തെ രാജ്യങ്ങള്‍ സ്വതന്ത്രമായി തീരുമാനിക്കണം. പുറത്തുനിന്നുള്ള ഇടപെടലുകള്‍ പാടില്ല. ലോകത്തിന് ഇനി കാട്ടുനീതിയിലേക്ക് മടങ്ങിപ്പോകാനാവില്ലെന്നും വാങ് യി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു