വാഹന ഇൻഷുറൻസ് കാലാവധി പുതുക്കുന്നതിൽ വീഴ്ച വരുത്തുന്ന വാഹന ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി സൗദി അറേബ്യയിലെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്.സാധുവായ ഇൻഷുറൻസ് രേഖകളില്ലാതെ വാഹനമോടിക്കുന്നത് നിയമലംഘനമാണെന്നും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം നിയമലംഘനങ്ങൾ ഓട്ടോമാറ്റിക്കായി കണ്ടെത്തുമെന്നും അധികൃതർ വ്യക്തമാക്കി.പരിശോധനയിൽ വാഹന ഇൻഷുറൻസ് ഇല്ലാത്തതായി കണ്ടെത്തിയാൽ കുറഞ്ഞത് 100 റിയാൽ മുതൽ പരമാവധി 150 റിയാൽ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം വിശദീകരിച്ചു.അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇൻഷുറൻസ് അനിവാര്യമാണെന്ന് ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.പിഴ നടപടികൾ ഒഴിവാക്കുന്നതിനായി വാഹന ഉടമകൾ തങ്ങളുടെ ഇൻഷുറൻസ് വിവരങ്ങൾ ‘അബ്ഷീർ’ പ്ലാറ്റ്‌ഫോം വഴി കൃത്യമായി പരിശോധിക്കണം.ഇൻഷുറൻസ് കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ അത് പുതുക്കി നിയമപരമായ നടപടികളിൽ നിന്ന് ഒഴിവാകാൻ ശ്രദ്ധിക്കണമെന്നും സുരക്ഷിതമായ ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കാൻ എല്ലാവരും സഹകരിക്കണമെന്നും സൗദി ട്രാഫിക് വകുപ്പ് അറിയിച്ചു.The post സൗദിയിൽ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി ട്രാഫിക് വകുപ്പ് appeared first on Arabian Malayali.