കേരളത്തിലെ പ്രതിപക്ഷം ആഗ്രഹിക്കുന്നത് വികസനം ചർച്ച ചെയ്യാൻ പാടില്ല എന്നാണെന്നും വികസനം ചർച്ചയായാൽ അവർ പ്രതിക്കൂട്ടിലാകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആ സാഹചര്യം ഒഴിവാക്കാൻ വേണ്ടിയുള്ള കള്ളപ്രചാരണങ്ങളാണ് ഓരോ ദിവസവും വിവാദങ്ങളായി പ്രതിപക്ഷം കൊണ്ടുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിവാദങ്ങൾക്ക് അൽപ്പായുസ് മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.സി.പി.ഐഎമ്മിൽ നിന്ന് മതന്യൂനപക്ഷങ്ങളെ അകറ്റുക എന്ന രാഷ്ട്രീയ ലക്ഷ്യം ഇത്തരം വിവാദങ്ങൾക്ക് പിന്നിലുണ്ട്. മാധ്യമങ്ങളും അതിനായി ശ്രമിക്കുന്നുണ്ടാവാം, പക്ഷേ ജനങ്ങളുടെ അനുഭവം മറ്റൊന്നാണ്. സി.പി.ഐ.എം ആണ് വർഗീയതയ്‌ക്കെതിരായി പതിറ്റാണ്ടുകളായി പൊരുതുന്നത്. സംഘപരിവാർ വിഭാഗങ്ങളോട് നേരിട്ട് ഏറ്റുമുട്ടിയാണ് കേരളത്തിലെ ഇടതുപക്ഷം പ്രവർത്തിച്ചു വന്നത്, ഇതിനിടയിൽ പാർട്ടിയുടെ നൂറുകണക്കിന് കേഡർമാരെയും അവർ കൊന്നൊടുക്കി. ഈ കൊലപാതകങ്ങൾ രാഷ്ട്രീയ പക കൊണ്ടല്ല, മറിച്ച് ബോധപൂർവ്വം ഒരു ഭീകരത സൃഷ്ടിച്ച് സി.പി.ഐ.എമ്മിനെ തകർക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ALSO READ: ഒരു ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടന്ന് തീരത്തേക്ക്; കുടുങ്ങിക്കിടക്കുന്നത് 17 ഇന്ത്യൻ കപ്പലുകൾഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ മൂന്നാം ടേമിലേക്ക് കടക്കുമെന്ന കാര്യത്തിൽ തങ്ങൾക്ക് യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങളോ ചാനലുകളോ പറയുന്നതല്ല, മറിച്ച് തങ്ങൾക്ക് അനുഭവവേദ്യമായ കാര്യങ്ങളാണ് ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം എൽഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും അടിവരയിട്ടു. ഇന്ത്യ മുഴുവൻ വർഗീയ കലാപങ്ങളുടെയും അസമാധാനത്തിന്റെയും അന്തരീക്ഷത്തിലായിരിക്കുമ്പോൾ, അതിൽ നിന്ന് വ്യത്യസ്തമായി കേരളീയ സമൂഹം കഴിഞ്ഞ 10 വർഷമായി സമാധാനപരമായി ജീവിച്ചു എന്നത് ചെറിയ കാര്യമല്ല. മുനമ്പം പ്രശ്നം ഉൾപ്പെടെ സമാധാനപരമായി കൈകാര്യം ചെയ്യാൻ സർക്കാരിന്റെ മതനിരപേക്ഷ നിലപാടുകൾക്കും ജനങ്ങളുടെ ബോധത്തിനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.The post വികസനം ചർച്ച ചെയ്യാൻ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം; വികസനം ചർച്ചയായാൽ അവർ പ്രതിക്കൂട്ടിലാകും: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.