തെഹ്‌റാന്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്‍. ട്രംപിന്റെ പ്രസ്താവന സമനില തെറ്റിയതും നിസ്സഹായത, പരിഭ്രാന്തി എന്നിവയില്‍ നിന്ന് ഉളവാകുന്നതും വിവേകശൂന്യവുമാണെന്നും ഇറാന്‍ സൈനിക ജനറല്‍ അലി അബ്ദുല്ലാഹി അലി അബാദി പറഞ്ഞു. ഖതം അല്‍ അന്‍ബിയ സൈനിക ആസ്ഥാനത്ത് വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അടുത്ത 48 മണിക്കൂറിനകം ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ഇറാനുമേല്‍ ‘സര്‍വനാശം പെയ്തിറങ്ങും’ എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനു മുകളില്‍ പറന്ന യു എസ് യുദ്ധവിമാനം വെടിവച്ചിട്ടതിനെ തുടര്‍ന്ന് കാണാതായ ആയുധ വിഭാഗം ഉദ്യോഗസ്ഥനായുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി. രണ്ട് യു എസ് യുദ്ധവിമാനങ്ങള്‍ തങ്ങള്‍ വെടിവച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു.അതിനിടെ, മഹ്ഷഹര്‍ പെട്രോകെമിക്കല്‍ മേഖലക്കു നേരെയുണ്ടായ യു എസ്-ഇസ്‌റാഈല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും 170 പേര്‍ക്ക് പരുക്കേറ്റതായും ഇറാന്‍ വെളിപ്പെടുത്തി. തെക്കന്‍ ലബനാനിലെ മറാക്കെയില്‍ നടന്ന ആക്രമണത്തിലും അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.അതേസമയം, ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുവൈത്തിലെ എണ്ണ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായി. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഇസ്‌റാഈലി സൈനികന്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്.അമേരിക്കയിലും ഇസ്‌റാഈലിലും യുദ്ധത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമായിട്ടുണ്ട്. ഇസ്‌റാഈല്‍ തലസ്ഥാനമായ ജറുസലേം, രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ തെല്‍ അവിവ്, ഹൈഫ പ്രദേശങ്ങളില്‍ യുദ്ധ വിരുദ്ധ റാലികള്‍ നടന്നു.