ഭാര്യയേയും രണ്ടു മക്കളേയും കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍

Wait 5 sec.

മലപ്പുറം | ഭാര്യയേയും രണ്ടു മക്കളേയും കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശി വാവൂര്‍ കൂടാംതൊടി മുഹമ്മദ് ഷെരീഫാണ് പിടിയിലായത്. ഇയാളെ ബംഗളൂരുവില്‍ നിന്നാണ് പോലീസ് പിടികൂടിയത്.കേരളത്തെ നടുക്കിയ, ഭാര്യയേയും മക്കളേയും വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ തള്ളിയിട്ടു കൊന്ന കേസില്‍ പ്രതിയാണ് ഇയാള്‍. ഏഴു മാസം ജയിലില്‍ കിടന്ന പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു പിന്നാലെ മുങ്ങുകയായിരുന്നു. 2012 ജൂലൈ 21നു രാത്രി രണ്ട് മണിയോടെയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. മുഹമ്മദ് ഷെരീഫ് ഭാര്യ ഒളവട്ടൂര്‍ മായങ്കരതടത്തില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരെ വെള്ളക്കെട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. പെരുന്നാളിനു വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടയര്‍ പഞ്ചറായാണ് അപകടമുണ്ടായതെന്നാണ് ഷെരീഫ് പറഞ്ഞത്. മരിച്ച രണ്ട് വയസുകാരി ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഇയാള്‍ തന്നെയാണ് സംഭവം പുറത്തറിയിച്ചത്.എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൂട്ടക്കൊലയാണെന്നു കണ്ടെത്തിയത്. പ്രതി കൃത്യമായി ആസൂത്രണം ചെയ്താണ് ക്രൂരത നടപ്പാക്കിയതെന്നു തെളിഞ്ഞു. ഭാര്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കി പുതിയ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.ഹീനമായ കുറ്റകൃത്യത്തിനു ശേഷം 76ാം ദിവസം അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ പ്രതിക്ക് ഏഴ് മാസത്തിനു ശേഷം ജാമ്യം കിട്ടി. പിന്നാലെ 2015 ഏപ്രില്‍ 22നു മുങ്ങിയ കുറ്റവാളിയെക്കുറിച്ചു പിന്നീട് ഒരു വിവരവുമുണ്ടായിരുന്നില്ല. സാബിറയുടെ കുടുംബം നീതി തേടി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിനിടെയാണ് ബംഗളൂരുവില്‍ ഒളിവില്‍ കഴിയവേ പ്രതി 12 വര്‍ഷത്തിനു ശേഷം പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.