ബെംഗളൂരു| കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനായി പോയ മലയാളി യുവതിയെ കാണാതായി. കൊച്ചി സ്വദേശിയായ ശരണ്യ ജി എസി (36)നെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്. ഏപ്രില്‍ 2നാണ് കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാന്‍ ശരണ്യ ഒറ്റയ്ക്ക് കൊച്ചിയില്‍ നിന്ന് എത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചിരുന്നത്.ഏപ്രില്‍ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെട്ടു. ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തിരച്ചില്‍ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.