തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിവേദനം നല്‍കി. നേരത്തെയുണ്ടായിരുന്ന തപാല്‍ വഴി വോട്ട് ചെയ്യാനുള്ള സൗകര്യം ഇല്ലാതാക്കി കൊണ്ടു വന്ന പുതിയ സംവിധാനം ധാരാളം അവ്യക്തകളും സങ്കീര്‍ണ്ണതകളും നിറഞ്ഞതാണ്. പോളിംഗ് ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട ജീവനക്കാര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ജീവനക്കാര്‍, അവശ്യസര്‍വ്വീസില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തേണ്ട അധികാരികള്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.ബാലറ്റ് പോലും യഥാസമയം ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് ഇനിയും കഴിഞ്ഞില്ല. എത്തിയ ബാലറ്റുകളാകട്ടെ പരിശോധന നടത്തി ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ എത്തിക്കാന്‍ കാലതാമസം എടുക്കുകയും ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ പരിശോധിച്ച പോസ്റ്റില്‍ ബാലറ്റ്, നോഡല്‍ ഓഫീസര്‍മാര്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നത് അനാവശ്യവും കാലതാമസമുണ്ടാക്കുന്നതുമാണ്. ഇതുകാരണം ഏപ്രില്‍ 1 മുതല്‍ 7 വരെ ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ച് എത്തിയവര്‍ക്ക് ബാലറ്റ് എത്താത്തതിനാല്‍ തിരിച്ചുപോകേണ്ടിവന്നു. രണ്ടാം ഘട്ട പരിശീലന കേന്ദ്രത്തിലും ബാലറ്റില്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്നവര്‍ നിരവധിയാണ്. വീണ്ടും ഇവര്‍ വോട്ട് ചെയ്യണമെങ്കില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വേണം ഡ്യൂട്ടിയുള്ള മണ്ഡലത്തിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്താന്‍. ഇതുകാരണം പല ഉദ്യോഗസ്ഥരും വോട്ട് ചെയ്യാന്‍ മടിക്കും. മാത്രമല്ല, ഡ്യൂട്ടി ഓഫ് പോലും ഇതിനായി ലഭിക്കുന്നില്ല. ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കുമെന്ന് പറയുന്നുണ്ടെങ്കിലും എത്ര സെന്ററുകള്‍ ഉണ്ടാവും എന്നത് സംബന്ധിച്ച് പല ആര്‍.ഒ ഓഫീസുകളിലും ഒരു വ്യക്തതയുമില്ല.ALSO READ: യുഡിഎഫ് ഇപ്പോൾ ‘ഉഡായിപ്പ് ഡെവലപ്പ്മെന്റ് ഫ്രണ്ട്’ ആയി മാറി: എം സ്വരാജ്ഡ്യൂട്ടി വൈകി കിട്ടിയവര്‍ക്കുള്‍പ്പെടെയുള്ള പലര്‍ക്കും ഇനിയും പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. തീയതി നീട്ടാനുള്ള അധികാരം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ഉണ്ടെന്ന് പറയുമ്പോഴും പല ആര്‍.ഒമാരും നിഷേധാത്മകനിലപാടാണ് സ്വീകരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഏകീകൃതവും സുതാര്യവുമായ ഒരു നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാകാത്തത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ എത്ര, എത്രപേര്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചു, എന്നത് സംബന്ധിച്ച കണക്കുകള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രസിദ്ധീകരിക്കണം.അവശ്യസര്‍വ്വീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ സ്വന്തം മണ്ഡലത്തിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്ത് തിരിച്ചു വന്ന് ഡ്യൂട്ടി എടുക്കേണ്ട സാഹചര്യം പ്രയാസകരമാണ്. കാരണം പലരുടെയും സ്വന്തം മണ്ഡലം വിദൂര ജില്ലകളിലാണ്. മാത്രമല്ല, അവിടെയത്തിയാലും ബാലറ്റ് ഉണ്ടെന്ന് ഉറപ്പില്ലതാനും. ഇലക്ഷന്‍ കമ്മീഷന്റെ ഇത്തരം നിലപാട് വ്യാപകമായി വോട്ട് നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.അതുകൊണ്ട് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായ എല്ലാവര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയും വിധം തീയതി ദീര്‍ഘിപ്പിക്കണം. എല്ലാ ആര്‍.ഒ മാരുടെ ഓഫീസുകളിലും ഏത് മണ്ഡലത്തിലെയും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകത്തക്കവിധം ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കണം. ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളില്‍ ആവശ്യമായ എണ്ണം ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കണം. നേരത്തെ കൗണ്ടിംഗ് സെന്ററില്‍ രാവിലെ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് എത്തിക്കുവാനുമുള്ള സൗകര്യം ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നു. അത് നിഷേധിച്ചുവെന്നുമാത്രമല്ല, പുതിയ സംവിധാനത്തില്‍ വോട്ട് ചെയ്യാന്‍ മതിയായ സമയവും സൗകര്യവും ഇല്ലാതാവുകകൂടി ചെയ്യുന്നു. അതിനാല്‍ 9 ന് ശേഷവും ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. ഇനിയും പോസ്റ്റല്‍ ബാലറ്റ് അയക്കാത്തവര്‍ക്ക് തപാലിലൂടെ അയച്ച് നല്‍കി അവര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണം. സാങ്കേതികമായ ന്യായവാദങ്ങള്‍ നിരത്തി വോട്ട് നിഷേധിക്കാനല്ല വോട്ട് ഉറപ്പുവരുത്തുകയാണ് ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവാദിത്വമെന്നും സംസ്ഥാന സെക്രട്ടറി ഇലക്ഷന്‍ കമ്മീഷന് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു.The post തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്ന ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന് ഇലക്ഷന് കമ്മീഷന് തയ്യാറാകണം: സിപിഐഎം appeared first on Kairali News | Kairali News Live.