ന്യൂഡല്‍ഹി | എ എ പി രാജ്യസഭാംഗം രാഘവ് ഛദ്ദ ബി ജെ പിയിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. എന്നാല്‍ ഛദ്ദ പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമായി തുടരുമെന്നും ബി ജെ പിയിലേക്കെന്നത് അടിസ്ഥാനരഹിതമായ അഭ്യൂഹം മാത്രമാണെന്നും എ എ പിയുടെ മുതിര്‍ന്ന നേതാവും പാര്‍ലിമെന്റംഗവുമായ സഞ്ജയ് സിംഗ് പറഞ്ഞു. പാര്‍ട്ടി നല്‍കിയ എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹം നിര്‍വഹിക്കുന്നുണ്ട്. പൊതുചടങ്ങുകളില്‍ കാണുന്നില്ല എന്നത് ഒരാള്‍ പാര്‍ട്ടി മാറുന്നതിന്റെ തെളിവല്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പല രീതികളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.അതിനിടെ, പാര്‍ട്ടിയുടെ രാജ്യസഭാ ഉപനേതൃ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട രാഘവ് ഛദ്ദ എ എ പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തി. തനിക്കെതിരായി എ എ പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് രാഘവ് ഛദ്ദ വ്യക്തമാക്കി. തെറ്റായ അവകാശവാദങ്ങള്‍ക്ക് വിശ്വാസ്യത ലഭിക്കുന്നതിന് മുമ്പ് താന്‍ തുറന്നുപറയാന്‍ നിര്‍ബന്ധിതനായെന്നും എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഛദ്ദ പറഞ്ഞു. പ്രധാനമന്ത്രി മോദിക്കെതിരെ സംസാരിക്കാന്‍ ഛദ്ദ ഭയപ്പെടുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് എ എ പി ഉന്നയിക്കുന്നത്.എ എ പിക്കെതിരെ രാഘവ് ഛദ്ദ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളും പാര്‍ട്ടി വേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ബി ജെ പിയിലേക്ക് കളം മാറുന്നുവെന്ന അഭ്യൂഹം ശക്തമായത്. അതിനിടെ, രാഘവ് ഛദ്ദക്ക് പിന്തുണയുമായി ബി ജെ പി നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്. രാജ്യസഭാ ഉപനേതൃസ്ഥാനത്തു നിന്ന് നീക്കംചെയ്തതിനു പിന്നാലെ രാഘവ് ഛദ്ദ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ പ്രതികരണമറിയിച്ചിരുന്നു. “നിശബ്ദനാക്കാം പക്ഷേ, തോല്‍പ്പിക്കാനാകില്ല’ എന്നാണ് രാഘവ് ഛദ്ദ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. ഇതാണ് ആം ആദ്മിക്കുള്ള തന്റെ സന്ദേശമെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇതിനുപിന്നാലെ ഛദ്ദയെ അഭിനന്ദിച്ച് ബി ജെ പി നേതാക്കളും രംഗത്തെത്തി. രാഘവ് ഛദ്ദ വളരെ മുമ്പുതന്നെ മൗനം വെടിയേണ്ടതായിരുന്നുവെന്നാണ് ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ വിരേന്ദ്ര സച്ദേവ പറഞ്ഞത്.ഛദ്ദ ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നത് കിംവദന്തികള്‍ മാത്രമാണെന്ന് അദ്ദേഹത്തിന് പകരം രാജ്യസഭാ ഡെപ്യൂട്ടി ലീഡറായ അശോക് മിത്തല്‍ പ്രതികരിച്ചു. രാഘവ് ഛദ്ദയെ വലയിലാക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ടാകാം എന്ന രീതിയിലാണ് ആം ആദ്മി നേതാവും ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവുമായ അതിഷി പ്രതികരിച്ചത്. പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി ജെ പിക്ക് പല തലത്തിലുള്ള സംവിധാനമുണ്ട്. ഭീഷണികളിലൂടെയും പ്രലോഭനങ്ങളിലൂടെയും ബി ജെ പി ഇതിനായി ശ്രമിക്കുന്നു. ഇത് ചില നേതാക്കളില്‍ ഭയവും സമ്മര്‍ദവുമുണ്ടാക്കാം. അല്ലെങ്കില്‍ ചിലര്‍ പ്രലോഭനങ്ങളില്‍ വീണുപോകാം. അങ്ങനെ അവര്‍ പാര്‍ട്ടി മാറാം. രാഘവ് ഛദ്ദയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നുണ്ടാകാമെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.2012 മുതല്‍ ആം ആദ്മി പാര്‍ട്ടിയില്‍ സജീവമായ ഛദ്ദ അരവിന്ദ് കെജ്്രിവാളിന്റെ നേതൃത്വത്തിൽ ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം പ്രധാന പങ്കുവഹിച്ചിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രാഘവ് ഛദ്ദ ആം ആദ്മിയുടെ മാധ്യമ മുഖമായിരുന്നു. ഡല്‍ഹിയുടെയും പഞ്ചാബിന്റെയും ചുമതലയുള്ള നേതാവെന്ന നിലയില്‍ ഛദ്ദ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്. മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ കുറ്റവിമുക്തനായതിനോട് ഛദ്ദ തണുത്ത പ്രതികരണം നടത്തിയതടക്കമുള്ള വിഷയങ്ങളാണ് പാര്‍ട്ടിക്ക് അദ്ദേഹം അനഭിമതനാക്കിയത്.