സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താന്‍ എല്‍ ഡി എഫും പേര് ദോഷം മാറ്റാന്‍ യു ഡി എഫും

Wait 5 sec.

പത്തനംതിട്ട |   പകല്‍ താപനിലയുടെ കാഠിന്യം വകവയ്ക്കാതെ പത്തനംതിട്ട ജില്ലയില്‍ സ്ഥാനാര്‍ഥികള്‍ ഓട്ടത്തിലാണ്. ജില്ലയില്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളാണുള്ളത്. സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാരുള്ള ആറന്മുളയും (2,14,575) വിസ്തൃതിയില്‍ മുന്നില്‍ നില്‍ക്കുന്ന കോന്നിയും ഉള്‍പ്പെടുന്നു. സംസ്ഥാനത്താകമാനം ചര്‍ച്ച ചെയ്യപ്പെടുന്ന ശബരിമല പ്രദേശം ഉള്‍ക്കൊള്ളുന്ന റാന്നിയും പത്തനംതിട്ടയുടെ ഭാഗം. ശരാശരി രണ്ടുലക്ഷത്തോളം വോട്ടര്‍മാര്‍ എല്ലാ മണ്ഡലങ്ങളിലുമുണ്ട്. അഞ്ചില്‍ നാല് മണ്ഡലങ്ങളിലും സിറ്റിങ് എം എല്‍ എമാര്‍ തന്നെ ജനവിധി തേടുന്നുവെന്ന പ്രത്യേകതയും പത്തനംതിട്ടയിലുണ്ട്.മത്സരരംഗത്തു നിന്നു മാറിനില്‍ക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ (അടൂര്‍) പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി മുന്‍നിരയിലുണ്ട്. 2021ല്‍ അഞ്ച് സീറ്റുകളും എല്‍ ഡി എഫിനായിരുന്നു. ഒരു കാലത്ത് യു ഡി എഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയില്‍ 2016, 2021 തെരഞ്ഞെടുപ്പുകള്‍ എല്‍ ഡി എഫിനു വന്‍ നേട്ടമാണുണ്ടാക്കിയത്. ഇതില്‍ റാന്നിയിലും അടൂരിലും മാത്രമാണ് ഭൂരിപക്ഷം അല്പം കുറഞ്ഞത്. ഭരണപക്ഷത്തെ സിറ്റിംഗ് എം എല്‍ എമാര്‍ മത്സരിക്കുന്നതിനാല്‍ വികസന നേട്ടങ്ങളും ഭരണ വിലയിരുത്തലുമാണ് എല്ലാ മണ്ഡലങ്ങളിലും പ്രധാന ചര്‍ച്ചാ വിഷയമായി മുന്നോട്ടുവച്ചിരിക്കുന്നത്.ഇതിനെ ശക്തമായി പ്രതിരോധിച്ച് യു ഡി എഫും എന്‍ ഡി എയും രംഗത്തുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പ് വേദികളില്‍ ചര്‍ച്ചയിലെത്തിക്കഴിഞ്ഞു. പ്രധാന സ്ഥാനാര്‍ഥികള്‍ ഏറെയും ഇത്തവണ അതാത് മണ്ഡലങ്ങള്‍ക്കു പുറമേ നിന്നെത്തിയവരാണെന്നതും ശ്രദ്ധേയം. പ്രചാരണത്തിനു തുടക്കം കുറിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കോന്നിയിലെ പൊതുയോഗത്തില്‍ ചോദ്യം ചോദിക്കാന്‍ തുനിഞ്ഞ പ്രവര്‍ത്തകനോടു വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞതിന്റെ അലയടികള്‍ ഇപ്പോഴും ജില്ലയിലെ മണ്ഡലങ്ങളില്‍ അലയടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥികള്‍ അഞ്ചും അണി നിരന്നതാണ്. എല്‍ ഡി എഫില്‍ സി പി എം മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും സി പി ഐ, ഐ എസ് ജെ ഡി, കേരള കോണ്‍ഗ്രസ് എം എന്നിവയുടെ ഓരോ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആദ്യദിനങ്ങളില്‍ തന്നെ എത്തി. എന്‍ ഡി എയിലും ഇത്തവണ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ വൈകി. ബി ജെ പി മൂന്നിടങ്ങളിലാണ് മത്സരിക്കുന്നത്. പാര്‍ട്ടിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന റാന്നി ട്വന്റി 20ക്കും കോന്നി ബി ഡി ജെ എസിനും വിട്ടുനല്‍കി. ഇതോടെ സംസ്ഥാന വ്യാപകമായി കത്തി നില്‍ക്കുന്ന ഡീല്‍ ആരോപണത്തിന്റെ ഭാഗമായി ഈ രണ്ട് മണ്ഡലങ്ങളും. പത്തനംതിട്ടയില്‍ സജീവമായിരുന്ന കോണ്‍ഗ്രസിലെ പരസ്യപോരുകള്‍ മറച്ചു പിടിക്കാന്‍ കഴിഞ്ഞത് യു ഡി എഫിന് നേട്ടമാവും. ഇതിനോടൊപ്പം എസ് ഡി പി ഐ, ജമാഅത്ത് ഇസ്്ലാമി സഹകരണം സംബന്ധിച്ച ചര്‍ച്ചകളും ജില്ലയില്‍ സജീവമാണ്. മുന്നണി സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും സി പി എം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയും പത്തനംതിട്ട ജില്ലയില്‍ എത്തി അണികള്‍ക്ക് ആവശം പകര്‍ന്നു നല്‍കി