സംസ്ഥാന സർക്കാരിന്റെ മെഡിസെപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. രണ്ടാം ഘട്ടത്തിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷം ആയി ഉയർത്തും. ഡിജിറ്റൽ സർവകലാശാലയിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനായുള്ള ഓർഡിനൻസിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആയി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മെഡിസെപ്പ് വലിയ വിജയമായ സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തിലേക്ക് സർക്കാർ കടന്നത്. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും അഞ്ചുലക്ഷമായി ഉയർത്തി. 41 സ്പെഷ്യലിറ്റി ചികിത്സകൾക്കായി 2100ൽ അധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സ പാക്കേജിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. ഒന്നാം ഘട്ടത്തിൽ കറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന രണ്ട് ചികിത്സകൾ ഒഴിവാക്കിയിരുന്നു. അതുകൂടി രണ്ടാം ഘട്ടത്തിൽ അധിക പാക്കേജിൽ ഉൾപ്പെടുത്തും. പദ്ധതിയിൽ 10 ഗുരുതര അവയവമാറ്റ രോഗ ചികിത്സ പാക്കേജുകളും ഉണ്ടാകും. ഇതിനായി ഇൻഷുറൻസ് കമ്പനി രണ്ടുവർഷത്തേക്ക് നാല്പതു കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കിവയ്ക്കണം.Also read:‘ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്കെതിരായ കേസ് പിൻവലിക്കണം’; വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കയെന്നും കെ സി ബി സി സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇ എസ് ഐ ആനുകൂല്യം ലഭിക്കാത്ത ജീവനക്കാരെയും പെൻഷൻക്കാരെയും മെഡിസെപ്പ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിനും തത്വത്തിൽ അംഗീകാരം നൽകി. പോളിസി കാലയളവ് നിലവിലുള്ള മൂന്നുവർഷത്തിൽ നിന്നും രണ്ടു വർഷമാക്കി. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർദ്ധനവ് ഉണ്ടാകും. ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖല ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാംഘട്ട ടെൻഡറിങ് നടപടികളിൽ പങ്കെടുപ്പിക്കാൻ ആണ് സർക്കാർ തീരുമാനം. നോൺ എമ്പാന ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റെയിൻബോസ് മെൻറ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലെ മൂന്ന് ചികിത്സകൾ കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചു.ഡിജിറ്റൽ സർവകലാശാലയിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനായി ഓർഡിനൻസ് ഇറക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 2021 ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതന വിദ്യ സർവകലാശാല ആക്ടിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനാണ് ഓർഡിനൻസ്. യുജിസി ചട്ടങ്ങൾക്കും സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുശ്രീതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസ് ആണ് മന്ത്രിസഭ അംഗീകരിച്ചത്.The post മെഡിസെപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി appeared first on Kairali News | Kairali News Live.