വയനാട് തുരങ്കപാതക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെ ഉള്‍പ്പെടെ സ്വാധീനിക്കുന്ന നിർദിഷ്ട വയനാട് തുരങ്കപാതക്ക് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി. അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന ആനക്കാംപൊയില്‍, കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ രണ്ടാംഘട്ട ഫൈനല്‍ ക്ലിയറന്‍സ് ലഭ്യമായ വിവരം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ശന നിബന്ധനകളാണ് കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്. ഉപയോഗിച്ച വനഭൂമിയുടെ അതിര്‍ത്തി പദ്ധതി ചെലവില്‍ ഉള്‍പ്പെടുത്തി അടയാളപ്പെടുത്തണം, തുല്യ വിസ്തൃതിയിലുള്ള വനേതര ഭൂമിയില്‍ പകരം വനവത്കരണം നടത്തണം, ഇവിടെ രണ്ട് വര്‍ഷത്തിനകം ഹെക്ടറിന് കുറഞ്ഞത് 1,000 വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തണം, മരം വെട്ടുന്നത് പരമാവധി കുറക്കുകയും വന്യജീവി സംരക്ഷണ നടപടികള്‍ കര്‍ശനമായി പാലിക്കുകയും വേണം, വനഭൂമിയില്‍ ലേബര്‍ ക്യാമ്പുകള്‍ സ്ഥാപിക്കരുത്, നിര്‍മാണ വസ്തുക്കള്‍ കൊണ്ടുപോകാന്‍ വനത്തിനുള്ളില്‍ പുതിയ പാത നിര്‍മിക്കരുത്, പദ്ധതി നിര്‍ദേശത്തിലില്ലാത്ത ഒരു ആവശ്യത്തിനും വനഭൂമി ഉപയോഗിക്കരുത് തുടങ്ങിയ 24 നിബന്ധനകളാണ് ഉത്തരവിലുള്ളത്. ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ പദ്ധതി പ്രവൃത്തികള്‍ നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.പശ്ചിമഘട്ടത്തിലാണ് പാറകള്‍ തുരക്കേണ്ടതെന്നതിനാല്‍ പ്രകൃതിയെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നതടക്കമുള്ള ഉറപ്പ് നേരത്തേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നല്‍കിയിരുന്നു. പദ്ധതിക്കായി കോഴിക്കോട് മറിപ്പുഴയിലാണ് പാറതുരക്കല്‍ ആരംഭിക്കുക. ഇതേ സമയം മേപ്പാടിയിലും പാത തുരക്കല്‍ ആരംഭിക്കും. പാറ തുരക്കുന്ന കൂറ്റന്‍ യന്ത്രങ്ങള്‍ മേപ്പാടിയിലെത്തിച്ചിട്ടുണ്ട്. തുരങ്കപാതക്ക് ആദ്യഘട്ട അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അന്തിമാനുമതി ലഭിച്ചതോടെ ആനക്കാംപൊയില്‍ മുതല്‍ മേപ്പാടി വരെയുള്ള തുരങ്കപാത നിര്‍മാണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.തിരുവമ്പാടി മണ്ഡലത്തിലെ മറിപ്പുഴയില്‍ നിന്ന് ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപം അവസാനിക്കുന്ന വിധത്തിലാണ് തുരങ്കപാത ആസൂത്രണം ചെയ്തിരിക്കുന്നത്. ആനക്കാംപൊയിലില്‍ നിന്ന് മറിപ്പുഴയിലേക്കും അവിടെ നിന്ന് പുഴക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിലൂടെ സ്വര്‍ഗംകുന്നിലേക്കും എത്തിയ ശേഷം അവിടെ നിന്ന് കള്ളാടിയിലേക്കാണ് 8.73 കി. മീറ്റർ വരുന്ന തുരങ്കത്തിന്റെ നിര്‍മാണം.തുരങ്കപാത വരുന്നതോടെ വയനാട്, കോഴിക്കോട് ജനതയുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് കരുതുന്നത്. 1,500 കോടി രൂപ ചെലവിലാണ് തുരങ്കപാതയുടെ സ്‌പെഷ്യല്‍ പർപസ് വെഹിക്കിളായി കൊങ്കണ്‍ റെയില്‍വേയെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. 2024ല്‍ തന്നെ കൊങ്കണ്‍ റെയില്‍വേ അതിന്റെ ടെന്‍ഡര്‍ ഭോപാല്‍ ആസ്ഥാനമായ ഡല്‍ഹി ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.