ന്യൂഡൽഹി | ഹൽദ്വാനി റെയി ൽവേ കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കാതെ പൊളിക്കലും കുടിയൊഴിപ്പിക്കലും നടത്തരുതെന്ന് ഉത്തരാഖണ്ഡ് സർക്കാറിനോട് സുപ്രീം കോടതി. ആസൂത്രിതമായ കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് 50,000ത്തിലധികം താമസക്കാർക്ക് പ്രധാനമന്ത്രി ആവാസ് യോജന (പി എം എ വൈ) പ്രകാരം ഭവനനിർമാണ പദ്ധതി ക്ക് അപേക്ഷിക്കാൻ സൗകര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചു.ഏപ്രിലിൽ അടുത്ത വാദം കേൾക്കൽ നടക്കുന്നതു വരെ പൊളിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പി എം എ വൈ പ്രകാരം പുനരധിവാസത്തിന് അപേക്ഷിക്കാൻ കഴിയുന്ന തരത്തിൽ മാർച്ച് 15നു ശേഷം ക്യാമ്പ് നടത്താനും ഉത്തരാഖണ്ഡ് ലീഗൽ സർവീസസ് അതോറിറ്റി (എസ് എൽ എസ് എ)കളോട് നിർദേശിച്ചു. റമസാനുശേഷം ക്യാമ്പ് നടത്തണമെന്ന ഹരജിക്കാരുടെ ആവശ്യപ്രകാരമാണ് ഉത്തരവ്.ഹൽദ്വാനിയിലെ പൊതുഭൂമി കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് 50,000 പേരെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതിയുടെ 2022 ഡിസംബറിലെ ഉത്തരവ് ചോദ്യം ചെയ്ത് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ച് ഇക്കാര്യം അറിയിച്ചത്. പുനരധിവസിപ്പിക്കുമ്പോൾ, അവരെ കൈയേറ്റക്കാരെന്ന് വിളിക്കാനാകില്ലെന്ന് ബഞ്ച് നിരീക്ഷിച്ചു.പി എം എ വൈ പ്രകാരമുള്ള യോഗ്യത പരിശോധിച്ച് അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് വിശദമായ റിപോർട്ട് സമർപ്പിക്കാൻ കോടതി സംസ്ഥാനത്തോട് നിർദേശിച്ചു. യോഗ്യതയില്ലാത്തവർക്കുള്ള ബദൽ പരിഹാരങ്ങൾ പിന്നീട് പരിഗണിക്കണം. നൈനിറ്റാൾ, ഹൽദ്വാനി ജില്ലകളിലെ കലക്ടറും റവന്യൂ അധികാരികളും പദ്ധതിയിൽ ചേരുന്നതിന് ദുരിതബാധിത കുടുംബങ്ങൾക്ക് പി എം എ വൈ അപേക്ഷാ ഫോമുകൾ നൽകണമെന്നും ഉത്തരവിൽ പറയുന്നു. ക്യാമ്പ് ആരംഭിച്ചതിനു ശേഷം ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി സ്ഥലത്ത് ഹാജരാകണം. പദ്ധതിയുമായി ബന്ധപ്പെട്ട പ്രക്രിയ സുഗമമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് പൂർണ സഹകരണം നൽകണമെന്നും ബഞ്ച് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 31 നകം ഈ പ്രക്രിയ പൂർത്തിയാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച കോടതി ആവശ്യമെങ്കിൽ ഒന്നിലധികം ക്യാമ്പുകൾ സംഘടിപ്പിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി.