വ്യാപാര കരാറിൽ നിന്ന് പിന്മാറ്റം:തിരിച്ചടി വരും; ട്രംപിന്റെ ഭീഷണി

Wait 5 sec.

വാഷിംഗ്ടൺ | യു എസുമായുള്ള വ്യാപാര കരാറിൽ നിന്ന് പിന്മാറാനൊരുങ്ങുന്ന രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുവ നിയമവിരുദ്ധമാണെന്ന യു എസ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിരവധി രാജ്യങ്ങൾ യു എസുമായുള്ള വ്യാപാര കരാറിൽ നിന്ന് പിന്മാറാൻ ഒരുങ്ങുകയണ്.എന്നാൽ, അത് ദോഷം ചെയ്യുമെന്നും വ്യത്യസ്ത വ്യാപാര നിയമങ്ങൾ പ്രകാരം ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് താക്കീത് നൽകി. പുതിയ തീരുവ ഏർപ്പെടുത്താൻ യു എസ് കോൺഗ്രസ്സിന്റെ അനുമതി ആവശ്യമില്ലെന്നാണ് ട്രംപിന്റെ വാദം. സുപ്രീം കോടതി വിധി ഉപയോഗിച്ച് കളിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് വർഷങ്ങളായി യു എസിനെ ‘വഞ്ചിച്ച’ രാജ്യങ്ങൾക്ക്, അടുത്തിടെ സമ്മതിച്ച നിരക്കുകളേക്കാൾ ഉയന്ന തീരുവകളും കടുത്തനടപടികളും നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.ദേശീയ സുരക്ഷയും അന്യായ വ്യാപാര രീതികളും ചൂണ്ടിക്കാട്ടി ഏർപ്പെടുത്തിയ മറ്റ് തീരുവകൾ തുടരുമെന്ന് യു എസ് കസ്റ്റംസ് വകുപ്പ് വ്യക്തമാക്കി. നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കപ്പെട്ട തീരുവകൾ ഇനി പിരിക്കില്ലെന്ന് യു എസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഉത്പന്നങ്ങൾക്ക് കടുത്ത ലൈസൻസ് ഫീസ് ഈടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.അടിയന്തര സാമ്പത്തിക അധികാര നിയമത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന തീരുവകളുടെ പിരിവ് ഫെബ്രുവരി 24ന് അർധരാത്രി മുതൽ നിർത്തിവെക്കുമെന്ന് യു എസ് അതിർത്തി- കസ്റ്റംസ് വകുപ്പ് അറിയിച്ചു. അതേസമയം, ഇതിനകം പിരിച്ചെടുത്ത തുക ഇറക്കുമതിക്കാർക്ക് തിരികെ നൽകുമോ എന്നതിൽ വ്യക്തതയില്ല.