പള്ളികൾ അഭയകേന്ദ്രങ്ങൾ കൂടിയാണ്

Wait 5 sec.

“ജീവൻ രക്ഷിക്കുക എന്നതാണ് ആദ്യം. അതിനാലാണ് മൈക്ക് ഉപയോഗിച്ച് നാട്ടുകാരെ വിളിച്ചത്. കാർ വെള്ളത്തിൽ മുങ്ങിത്തുടങ്ങുകയായിരുന്നു. സമയം നഷ്ടപ്പെട്ടാൽ എല്ലാവരും അപകടത്തിലാകുമായിരുന്നു’ കഴിഞ്ഞ മാസം അസമിൽ ഒരു പള്ളിയിലെ മൈക്ക് ഉപയോഗിച്ച് അപകട വിവരം നാട്ടുകാരെ അറിയിച്ച് ഏഴ് പേരെ രക്ഷപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. പള്ളിയിലെ ഇമാമിന്റെ സ്റ്റേറ്റ്‌മെന്റ്ആണ് മുകളിൽ നൽകിയത്. മസ്ജിദും പരിസരവും കേവലം ആരാധനാ കേന്ദ്രങ്ങൾ മാത്രമല്ല, എല്ലാ വിഭാഗം മനുഷ്യരുടെയും അഭയ കേന്ദ്രങ്ങൾ കൂടിയാണ്.മസ്ജിദിൽ കാൽവെക്കുന്ന നിമിഷം തന്നെ ഒരാൾക്ക് അനുഭവപ്പെടുന്നത് ആത്മശാന്തിയാണ്. ലോകത്തിന്റെ ശബ്ദം പുറത്തുവെച്ച് ഉള്ളിലേക്ക് കടക്കുമ്പോൾ മനസ്സിന്റെ ഭാരം കുറഞ്ഞുപോകുന്നു. സുജൂദിലേക്ക് തല ചായ്ക്കുമ്പോൾ മനുഷ്യൻ തന്റെ ദൗർബല്യവും ദൈവിക കരുണയും തിരിച്ചറിയുന്നു. അങ്ങനെ പള്ളി ആത്മാവിന്റെ ചികിത്സാലയമായി മാറുന്നു. ചരിത്രത്തിൽ പള്ളികൾ വിദ്യാഭ്യാസ കേന്ദ്രങ്ങളായും സാമൂഹിക പ്രശ്‌നങ്ങൾക്ക് പരിഹാരവേദികളായും പ്രവർത്തിച്ചിട്ടുണ്ട്. സമൂഹത്തിൽ സമത്വവും സഹോദരത്വവും വളർത്തുന്നതിൽ പള്ളികളുടെ പങ്ക് വലുതാണ്.ഒരേ നിരയിൽ സമ്പന്നനും ദരിദ്രനും നിൽക്കുന്നത് ഇസ്്ലാമിന്റെ സമത്വ സന്ദേശത്തിന്റെ ചിത്രവുമാണ്. പ്രത്യേകിച്ച് റമസാൻ മാസത്തിൽ പള്ളികൾ ഈ സമത്വത്തിന്റെ രൂപം കൂടുതൽ ബോധ്യപ്പെടുത്തുന്നു. നോമ്പുതുറ സുപ്രകളിൽ പങ്കിടുന്ന ഒരു ഈന്തപ്പഴം പോലും ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ നൂലായിത്തീരുന്നു.പള്ളികളിലെത്തുന്ന യാത്രക്കാർ, സഹായത്തിന് കൈനീട്ടി വരുന്നവർ, നിസ്‌കാര ശേഷമുള്ള പ്രഭാഷണ അവസരം പ്രയോജനപ്പെടുത്താൻ വരുന്ന മുതഅല്ലിമുകൾ, ഇഅ്തികാഫ് ലക്ഷ്യംവെച്ച് പളളിയിൽ താമസിക്കുന്നവർ, ഖാസിയോട് ഫത്്വ തേടാൻ വരുന്നവർ, നോമ്പുതുറ സമയത്ത് പള്ളിയിൽ എത്തുന്നവർ ഇങ്ങനെ പള്ളിയെ ആശ്രയിച്ച് വരുന്നവരെ കൂടി പരിഗണിച്ചാകണം പരിപാലനം നടത്തുന്നവർ ഇടപെടൽ നടത്തേണ്ടത്.പാതയോരത്തെ പള്ളികൾ പൂർണമായി അടച്ചുപൂട്ടി ബന്ദാക്കുന്നത് കാരണം നിസ്‌കാരം പോലും തടസ്സപ്പെടുന്ന സന്ദർഭമുണ്ട്. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് മസ്ജിദ് പൂർണമായും പൂട്ടി ആരാധനകൾക്ക് പോലും അവസരം നിഷേധിക്കുന്നത് ക്രൂരതയാണ്. ആവശ്യമായ സുരക്ഷയോടെ പള്ളികളെ ജനകീയമാക്കണം. അതിന് പള്ളിയുടെ പരിസരത്ത് താമസിക്കുന്നവർ കൂടി ശ്രദ്ധിച്ചാൽ വലിയ സേവനമാകും.