നയം, തന്ത്രം

Wait 5 sec.

തെഹ്‌റാൻ/ ന്യൂയോർക്ക് | ഇറാൻ- യു എസ് മൂന്നാംഘട്ട ചർച്ച നാളെ ജനീവയിൽ നടക്കാനിരിക്കെ നയതന്ത്ര പ്രശ്‌ന പരിഹാരത്തിനൊപ്പം ആശങ്കയായി യുദ്ധഭീതിയും. ഇറാനെതിരെ ട്രംപിന്റെ ആദ്യ തീരുമാനം ‘നയതന്ത്രം’ ആണെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലിവിറ്റ് പറഞ്ഞു. ആവശ്യമെങ്കിൽ മാരക ബലപ്രയോഗം നടത്താനും ട്രംപ് തയ്യാറാണെന്ന് കരോലിൻ ലിവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.ഇറാനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നത് യു എസ് കോൺഗ്രസ്സ് അംഗങ്ങളോട് വിശദീകരിക്കുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.ഇറാൻ വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നത് സംബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ “ഗ്യാംഗ് ഓഫ് എയ്റ്റ്’ എന്നറിയപ്പെടുന്ന കോൺഗ്രസ്സിലെ മുതിർന്ന അംഗങ്ങളോട് വൈറ്റ്ഹൗസിൽ വിശദീകരിക്കും.മെഡിറ്ററേനിയൻ കടലിൽ യു എസ് എസ് ജെറാൾഡ് ആർ ഫോർഡ്, യു എസ് എസ് എബ്രഹാം ലിങ്കൺ എന്നീ വിമാനവാഹിനിക്കപ്പലുകളുമായി 2003ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് മധ്യപൗരസ്ത്യ മേഖലയിൽ യു എസ് നടത്തിയിട്ടുള്ളത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിലെ യു എസ് എംബസിയിൽ നിന്ന് അടിയന്തര പ്രാധാന്യമില്ലാത്ത ജീവനക്കാരെ പിൻവലിക്കാൻ യു എസ് വിദേശകാര്യ വകുപ്പ് ഉത്തരവിട്ടു. ഇറാനെ ആക്രമിച്ചാൽ ലബനാനിലെ ഹിസ്ബുല്ല, യു എസ് എംബസി ആക്രമിച്ചേക്കുമെന്ന ആശങ്കയുമുണ്ട്.എന്നാൽ, നയതന്ത്ര പരിഹാരമല്ലാതെ ഏത് തരത്തിലുള്ള പ്രകോപനമുണ്ടായാലും അതിശക്തമായി തിരിച്ചടിക്കുമെന്നും മേഖലയിലെ യു എസ് സൈനിക കേന്ദ്രങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങളാണെന്നുമുള്ള മുന്നറിയിപ്പ് ഇറാൻ നേതാക്കൾ ആവർത്തിച്ചു.ദിവസങ്ങളായി തുടർന്ന നാവിക, വ്യോമാഭ്യാസത്തിന് പിന്നാലെ ഇന്നലെ രാജ്യത്തിന്റെ തെക്കൻ തീരത്ത് ഇറാൻ കരസേനയും സൈനികാഭ്യാസം നടത്തി.