അബൂദബി|മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശം വരും തലമുറകളിലേക്ക് കൈമാറുമെന്ന ഉറച്ച പ്രഖ്യാപനവുമായി നാലാമത് സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രട്ടേണിറ്റി റൗണ്ട് ടേബിൾ സമ്മേളനം അബൂദബിയിൽ നടന്നു. ‘ഭാവി തലമുറയ്ക്കുള്ള വാഗ്ദാനം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുൻ രാഷ്ട്രത്തലവന്മാർ, നയതന്ത്രജ്ഞർ, സമാധാന പ്രവർത്തകർ, യുവനേതാക്കൾ എന്നിവരുൾപ്പെടെ നാൽപ്പതിലേറെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രട്ടേണിറ്റി സെക്രട്ടറി ജനറൽ ജഡ്ജി മുഹമ്മദ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ച സംഗമം, ആഗോളതലത്തിൽ മാനവികത നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിലും സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതിലും സായിദ് അവാർഡിനുള്ള നിർണ്ണായക സ്വാധീനം വ്യക്തമാക്കുന്ന വേദിയായി മാറി.ചടങ്ങിൽ സി.എൻ.എൻ വൈസ് പ്രസിഡന്റ് കരോലിൻ ഫറജ് മോഡറേറ്ററായിരുന്നു. കസാക്കിസ്ഥാൻ സെനറ്റ് ചെയർമാനും വേൾഡ് ആൻഡ് ട്രഡീഷണൽ റിലീജിയൻസ് കോൺഗ്രസ് സെക്രട്ടേറിയറ്റ് തലവനുമായ മൗലിൻ അഷിംബയേവ് ചർച്ചകൾക്ക് നേതൃത്വം നൽകി.ലോകത്തെ സ്വാധീനിച്ച പ്രമുഖ രാഷ്ട്രീയ-നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ റൗണ്ട് ടേബിളിൽ ചാർലസ് മൈക്കൽ (യൂറോപ്യൻ കൗൺസിൽ മുൻ പ്രസിഡന്റ് – 2026), മൂസ ഫക്കി മഹമ്മദ് (ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ മുൻ ചെയർപേഴ്‌സൺ – 2026), മക്കി സാൽ (സെനഗൽ മുൻ പ്രസിഡന്റ് – 2025), പാട്രിഷ്യ സ്കോട്ട്ലൻഡ് (കോമൺവെൽത്ത് മുൻ സെക്രട്ടറി ജനറൽ – 2025), മേഘാവതി സുകാർണോപുത്രി (ഇന്തോനേഷ്യ മുൻ പ്രസിഡന്റ് – 2024), ഐറിന ബൊക്കോവ (യുനെസ്കോ മുൻ ഡയറക്ടർ ജനറൽ – 2024) തുടങ്ങിയ പുരസ്കാര സമിതി അംഗങ്ങളായവർ ചർച്ചകളിൽ പങ്കുചേർന്നു.ഈ വർഷത്തെ പുരസ്കാര ജേതാക്കളുടെ അസാധാരണമായ പോരാട്ടവീര്യത്തെ സമ്മേളനം ആദരവോടെ സ്മരിച്ചു. അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതുന്ന സർഖാ യാഫ്താലി, ഫലസ്തീൻ പൈതൃകവും സമൂഹവും സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന താവോൻ സംഘടനയുടെ പ്രതിനിധികളായ ഡോ. നബീൽ ഖദ്ദുമി, ഡോ. താരിഖ് എംതൈറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അസർബൈജാൻ – അർമേനിയ സമാധാന കരാറിനെ ചരിത്രപരമായ നേട്ടമായി മൗലിൻ അഷിംബയേവ് വിശേഷിപ്പിച്ചു. സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ കേവലം ബോധ്യങ്ങൾ മാത്രം പോരാ, മറിച്ച് ശക്തമായൊരു ധാർമ്മിക മൂല്യവ്യവസ്ഥ ആവശ്യമാണ്. വരുംതലമുറ ഇത്തരം മൂല്യങ്ങളിലൂന്നി ജീവിതം ആരംഭിക്കണം താവോൻ ചെയർമാൻ ഡോ. നബീൽ ഖദ്ദുമി വ്യക്തമാക്കി. നമ്മുടെ പ്രവർത്തനങ്ങളിൽ സഹിഷ്ണുതയും കാരുണ്യവും അന്തർലീനമായിരിക്കണം. പുനരുദ്ധാരണപരമായ നീതി നടപ്പിലാക്കുന്നതിലൂടെ മാത്രമേ മാനവികതയെ സംരക്ഷിക്കാനാകൂ സിസ്റ്റർ നെല്ലി ലിയോൺ കോറിയ പറഞ്ഞു.സമ്മേളനത്തിന്റെ ഭാഗമായി സവിശേഷമായ ഒരു പുരസ്കാര സമർപ്പണവും നടന്നു. സായിദ് അവാർഡ് ജേതാക്കളുടെ ജീവിതകഥകൾ പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെന്ററികൾക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അംഗീകാരങ്ങൾ ചടങ്ങിൽ കൈമാറി. കാൻ കോർപ്പറേറ്റ് മീഡിയ ആൻഡ് ടിവി അവാർഡ്‌സിൽ സ്വർണ്ണ, വെള്ളി മെഡലുകൾ നേടിയ ട്രോഫികൾ സിസ്റ്റർ നെല്ലി ലിയോൺ കോറിയ, പ്രൊഫസർ സർ മഗ്ദി യാക്കൂബ്, യുവ ശാസ്ത്രജ്ഞൻ ഹേമാൻ ബെകെലെ എന്നിവർ ഏറ്റുവാങ്ങി. യേൽ സർവകലാശാലയിലെ പീസ് ഫെലോകളും 35 രാജ്യങ്ങളിൽ നിന്നുള്ള യുവനേതാക്കളും ചർച്ചകളിൽ പങ്കെടുത്തത് വരുംതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്. സായിദ് അവാർഡ് ഒരു അന്താരാഷ്ട്ര വേദിയായി മാറിയെന്നും ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഇടയിൽ സഹവർത്തിത്വം ഉറപ്പാക്കാൻ ഇത് തുടർന്നും പ്രവർത്തിക്കുമെന്നും ജഡ്ജി മുഹമ്മദ് അബ്ദുസ്സലാം വ്യക്തമാക്കി. വിവിധ മേഖലകളിൽ നിന്നുള്ള 40-ലധികം അന്താരാഷ്ട്ര പ്രതിഭകൾ ഒത്തുചേർന്ന ഈ റൗണ്ട് ടേബിൾ, ആഗോള ഐക്യദാർഢ്യത്തിന്റെ പുതിയ അധ്യായമായി മാറി.