തട്ടി വീണവൻ തറയെ പഴിക്കണോ?

Wait 5 sec.

റിമോട്ട് കൺട്രോൾ കൈയിൽ പിടിച്ച് മഹാബോറായ ഒരു ടെലിവിഷൻ ഷോയെക്കുറിച്ച് പരാതിപ്പെടുന്നവരെക്കുറിച്ച് നിങ്ങൾ എന്ത് പറയും!. എന്നാൽ നമ്മളിൽ പലരും ഇതേ പരുവത്തിലല്ലേ ജീവിക്കുന്നത്?. വ്യായാമം ഒഴിവാക്കി ആരോഗ്യത്തെക്കുറിച്ച് പരാതിപ്പെടുന്നു. അനന്തമായി സ്ക്രീനിൽ സ്ക്രോൾ ചെയ്ത് ഒന്നിനും സമയം തികയുന്നില്ല എന്ന് നിരാശപ്പെടുന്നു. അച്ചടക്കമില്ലാത്ത ദിനചര്യകൾ പിന്തുടർന്ന് മാനസിക സമ്മർദത്തെക്കുറിച്ച് ആകുലതകൾ പങ്കുവെക്കുന്നു. നമ്മുടെ തീരുമാനങ്ങളുടെ റിമോട്ട് നമ്മുടെ കൈയിലാണ് എന്ന ബോധത്തെ തിരിച്ചു പിടിക്കലിനെ ഫലങ്ങളുടെ ഉടമസ്ഥാവകാശം എന്ന് വിളിക്കാം. “നിങ്ങൾ നിങ്ങളുടെ സാഹചര്യങ്ങളുടെയല്ല, തീരുമാനങ്ങളുടെ ഉത്പന്നമാണ്.’ എന്ന് സ്റ്റീഫൻ ആർ കോവി. വലിയ സ്വപ്നങ്ങളെ നിശബ്ദമായി നശിപ്പിക്കുന്ന ഒരു ചെറിയ വാചകമുണ്ട്: “അത് എന്റെ തെറ്റല്ല.’ എന്നതാണത്.ഒരു പരീക്ഷയിൽ പരാജയപ്പെടുമ്പോൾ, ഒരു അവസരം നഷ്ടപ്പെടുമ്പോൾ, ബന്ധങ്ങൾ തകരുമ്പോൾ ഒക്കെ നമ്മൾ അത് ഉപയോഗിക്കുന്നു. ഞാനല്ല കുറ്റക്കാരൻ എന്ന ആശ്വാസം നമ്മുടെ അഹംബോധത്തെ സംരക്ഷിക്കുന്നതിനാൽ അതിൽ ഒരു പ്രത്യേക സുഖം നാം അനുഭവിക്കുന്നുണ്ട്. എന്നാൽ വളർച്ച ഈ സുഖത്തിലല്ല, നമ്മുടെ ജയപരാജയങ്ങളുടെ ഉടമസ്ഥത ഏറ്റെടുക്കുന്നതിലാണ്. നമ്മുടെ പ്രവൃത്തികളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നത് നമ്മുടെ വ്യക്തിത്വം ദുർബലപ്പെടുത്തുകയല്ല പകരം ശാക്തീകരിക്കുകയാണ് ചെയ്യുക. “അതെ, ഞാനാണതിന്റെ ഉത്തരവാദി’ എന്ന് പറയുന്ന നിമിഷം, നമ്മുടെ ഉള്ളിൽ എന്തോ ഒന്ന് മാറുകയും സാഹചര്യങ്ങളുടെ ഇരകളാകുന്നത് നിർത്തി നാം സ്വന്തം ഭാവിയുടെ രചയിതാക്കളാകാൻ തുടങ്ങും.ഉടമസ്ഥാവകാശം അസ്വസ്ഥത സൃഷ്ടിക്കും, കാരണം അത് നമ്മുടെ പ്രിയപ്പെട്ട ഒളിത്താവളത്തെ – ഒഴികഴിവുകളെ – ഇല്ലാതാക്കുകയാണ്. “ട്രാഫിക് കാരണം അൽപ്പം വൈകി’ എന്ന് പറയുമ്പോൾ, ആഴത്തിലുള്ള സത്യം, “ഞാൻ വൈകി പോയി’ എന്നായിരിക്കാം. “എനിക്ക് സമയം കിട്ടിയില്ല എന്ന് പറയുമ്പോൾ’, ശരിക്കും “ഞാൻ അതിന് മുൻഗണന നൽകിയില്ല’ എന്നായിരിക്കാം. ഈ സത്യങ്ങൾ തന്നെയാണ് നാം പറയുന്നതെങ്കിൽ നമ്മുടെ വിലയിടിക്കുകയല്ല, നമ്മെത്തന്നെ ഉണർത്തുകയാണ് ചെയ്യുക. കുടുംബങ്ങളിൽ, ഉടമസ്ഥാവകാശം ബന്ധങ്ങളെ പരിവർത്തനം ചെയ്യും. “ഞാൻ ഒച്ചവെച്ചത് ശരിയായില്ല അല്ലേ’ എന്ന് പറയുന്ന ഒരു രക്ഷിതാവ്, ഓരോ പ്രവൃത്തിയെയും ന്യായീകരിക്കുന്ന ഒരാളേക്കാൾ കൂടുതൽ ബഹുമാനം നേടും.“ഞാൻ നിന്നെ വേദനിപ്പിച്ചു, സോറി’ എന്ന് പറയുന്ന ഒരു സുഹൃത്ത് ആഴത്തിലുള്ള വിശ്വാസം വളർത്തും. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ഒരു നിമിഷത്തേക്ക് വളരെ ലഘുവായി തോന്നിയേക്കാം, പക്ഷേ, കാലക്രമേണ അത് ഭാരമായി മാറും. എന്നാൽ പ്രവൃത്തികളുടെയും ഫലങ്ങളുടെയും ഉടമസ്ഥാവകാശം ഒരു നിമിഷത്തേക്ക് ഭാരമായി തോന്നിയേക്കാമെങ്കിലും, കാലക്രമേണ അത് സ്വാതന്ത്ര്യമായി മാറുമെന്ന് ഉറപ്പാണ്.“പ്രേരണക്കും പ്രതികരണത്തിനും ഇടയിൽ ഒരു ഇടമുണ്ട്. ആ ഇടത്തിലാണ് നമ്മുടെ പ്രതികരണം തിരഞ്ഞെടുക്കാനുള്ള നമ്മുടെ ശക്തി.’ എന്ന് വിക്ടർ ഇ ഫ്രാങ്ക്ൾ പറഞ്ഞ ആ ഇടത്തിലാണ് ഉത്തരവാദിത്വം നിലനിൽക്കുന്നത്. ജീവിതം നമ്മെ തള്ളിവിടാം, വിമർശിക്കാം, വെല്ലുവിളിക്കാം, വേദനിപ്പിക്കാം. പക്ഷേ, നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്ന തീരുമാനം എല്ലായ്പ്പോഴും നമ്മുടേതു തന്നെയാണല്ലോ. കനത്ത മഴയിൽ കുടുങ്ങിക്കിടക്കുന്ന രണ്ടുപേരെ സങ്കൽപ്പിക്കൂ. ഒരാൾ കാലാവസ്ഥയെ ശപിക്കുകയും മറ്റൊരാൾ കുട തുറക്കുകയും ചെയ്യുന്നു. മഴ രണ്ടുപേർക്കു മുന്നിലും പെയ്യുന്നു. പക്ഷേ, ഒരാൾ മാത്രമേ നനയാതെ വീട്ടിലെത്തൂ. ഉത്തരവാദിത്വം ആ കുടക്കാണ്.ഉടമസ്ഥാവകാശം ഏറ്റെടുക്കുക എന്നതിനർഥം നമ്മുടെ വികാരങ്ങളെ സ്വന്തമാക്കുക എന്നാണ്. “അവൻ എന്നെ ദേഷ്യം പിടിപ്പിച്ചു’ എന്നത് പൂർണമായും ശരിയല്ല. കോപമാണ് നമ്മുടെ പ്രതികരണം. “അയാൾ എന്നെ സങ്കടപ്പെടുത്തി’ എന്നത് അപൂർണമാണ്. സങ്കടമാണ് നമ്മുടെ പ്രതികരണം. നമ്മുടെ വികാരങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്തോറും, നമ്മുടെ ജീവിതത്തിന്മേൽ നാം അവർക്ക് കൂടുതൽ നിയന്ത്രണം നൽകുന്നു. “ഇത് എന്റെ പ്രതികരണമാണ്. ഞാൻ അത് കൈകാര്യം ചെയ്യും’ എന്ന് പറയുമ്പോഴാണ് വൈകാരിക പക്വത ആരംഭിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ റിമോട്ട് കൺട്രോൾ മുറുകെപ്പിടിച്ച് “അത് എന്റെ തെറ്റല്ല’ എന്ന് പറയുന്നത് നിർത്തി “അത് എന്റെ നീക്കമാണ്’ എന്ന് പറയാൻ തുടങ്ങുന്ന ദിവസം നമ്മുടെ ജീവിതം നിശബ്ദമായി പരിവർത്തനം ചെയ്യുന്നു. ഏതെങ്കിലും കാര്യത്തിൽ പരാജയപ്പെട്ടാൽ, നിങ്ങൾ വീണാൽ, കുറ്റപ്പെടുത്തരുത്, പരാതിപ്പെടരുത്. അതിൽ സ്വന്തം റോൾ സമ്മതിക്കുക. അത് തിരുത്തുക. അതിലൂടെ വളരുക.