വൈറ്റില കൊലപാതകം: സുധ ബേബി നേരിട്ടത് ക്രൂരമര്‍ദനമെന്ന് കണ്ടെത്തല്‍

Wait 5 sec.

കൊച്ചി | എറണാകുളം വൈറ്റിലയില്‍ സുധ ബേബിയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെടുന്നതിന് മുമ്പ് സുധ ക്രൂരമര്‍ദനം നേരിട്ടതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പരസ്പരമുള്ള വഴക്കിനിടെ പ്രതി ഷാജി യുവതിയുടെ മുഖത്ത് നിരവധി തവണ മുഷ്ടിചുരുട്ടി ഇടിച്ചു. ഇടിയേറ്റ് കരിങ്കല്‍ കൂട്ടത്തിലേക്ക് വീണാണ് സുധയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റത്. യുവതി ബഹളം വച്ചതോടെ വായും മൂക്കും അമര്‍ത്തിപ്പിടിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി.ആസൂത്രിതമായി നടത്തിയതല്ല ഈ കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. തന്റെ കുടുംബം തകര്‍ക്കുമെന്ന യുവതിയുടെ ഭീഷണിയാണ് ഷാജിയെ കൊലക്ക് പ്രേരിപ്പിച്ചത്. ഷാജിയും സുധയും കുടുംബസുഹൃത്തുക്കള്‍ കൂടിയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ളയാളാണ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ഷാജി. ഇയാള്‍ക്ക് സുധയുടെ കുടുംബവുമായി ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. വിവാഹമോചിതയായ സുധയും ഷാജിയും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.ട്രെയിനിടിച്ചാണ് സുധ മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതി മൃതദേഹം റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടത്. എന്നാല്‍, ട്രെയിന്‍ വരാത്ത ട്രാക്കാണ് ഇതെന്ന് ഷാജിക്ക് അറിയില്ലായിരുന്നു. പ്രതി ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോകാന്‍ ശ്രമിക്കുമ്പോഴാണ് കാക്കനാട് നിന്ന് പിടിയിലായത്.ഫെബ്രുവരി 23 രാത്രിയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വൈറ്റിലയിലൂടെ കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനോട് ചേര്‍ന്ന് യുവതിയുടെ മൃതശരീരം ആദ്യം കണ്ടത്. ഇദ്ദേഹത്തില്‍ നിന്ന് വിവരമറിഞ്ഞെത്തിയ പോലീസ് ട്രെയിനില്‍ നിന്ന് വീണുണ്ടായ മരണമാണോ എന്ന് പരിശോധിച്ചു. എന്നാല്‍ ട്രെയിന്‍ തട്ടി മരിച്ചതിന്റെ പരുക്കുകളല്ല മൃതദേഹത്തിലുള്ളതെന്ന് കണ്ടെത്തി. മുഖത്ത് അടിയേറ്റതിന്റെ പാടുകളും ശരീരത്തില്‍ രക്തക്കറയും കണ്ടതോടെ കൊലപാതകമാണെന്ന സംശയത്തിലേക്കെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ കൂടി പൂര്‍ത്തിയായതോടെ സംശയം ഇരട്ടിച്ചു. മൃതദേഹത്തിന് സമീപത്ത് കണ്ടെത്തിയ മൊബൈല്‍ ഫോണിന്റെ സിം പരിശോധിച്ചപ്പോള്‍ കോട്ടയം സ്വദേശി സുധാ ബേബി എന്ന യുവതിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.