മധുരനാരങ്ങയാകാം…

Wait 5 sec.

ഹായ്… വീടകങ്ങളിലും മസ്ജിദുകളിലും ഖുർആനിന്റെ ശീതള സംഗീതത്തിലലിഞ്ഞിരിക്കാൻ നമുക്ക് വീണ്ടും ഭാഗ്യമുണ്ടായി. സ്തുതികളഖിലം പ്രപഞ്ചത്തിന്റെ പരിപാലകനവകാശപ്പെട്ടത്.നോക്കൂ.. ഖുർആനിനെ ആസ്പദിച്ച് എത്ര സുകൃതങ്ങളാണ് നമുക്ക് ചെയ്യാനാകുന്നത്. അതിനെ ബഹുമാനപൂർവം തൊടുന്നത്, ചുംബിക്കുന്നത്, അതിന് വേണ്ടി എഴുന്നേറ്റ് നിൽക്കുന്നത്, ഉയരത്തിൽ വെക്കുന്നത്, അതിലേക്ക് നോക്കുന്നത്, പാരായണം ചെയ്യുന്നത്, ഹൃദ്യസ്ഥമാക്കുന്നത്, പൂർണമായി ഓതുന്നത്, ഓത്ത് കേൾക്കുന്നത്, പഠിക്കുന്നത്, പഠിപ്പിക്കുന്നത്, അതിനെ വിശദപഠനങ്ങൾക്ക് വിധേയമാക്കുന്നത് തുടങ്ങി നിരവധി നന്മകൾക്ക് നിമിത്തമാണ് ഖുർആൻ. ഈ കൂട്ടത്തിൽ ഏറെ മാഹാത്മ്യമുള്ള കാര്യം ഖുർആൻ പാരായണം ചെയ്യലത്രേ. വലിയ ദുരിതങ്ങളുടെ നേരത്ത് ഖുർആനോതുന്നവർക്ക് ശിപാർശകനായി ഖുർആനുണ്ടാകും.അബൂഉമാമ(റ) രേഖപ്പെടുത്തിയ ഹദീസ് ശ്രദ്ധിക്കൂ.നബി (സ) തങ്ങൾ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. നിശ്ചയം, അത് പാരായണം ചെയ്യുന്നവർക്ക് ഖിയാമത്ത് നാളിൽ ഖുർആൻ ശിപാർശകനായി വരുന്നതാണ്. (മുസ്‌ലിം: 804)ഒരിക്കലും നഷ്ടമില്ലാത്ത ബിസിനസ്സാണ് ഖുർആൻ പാരായണമെന്ന് സൂറ: ഫാത്വിർ പരിചയപ്പെടുത്തുന്നുണ്ട്. നിസ്‌കാരം, ദാനധര്‍മം എന്നിവപോലെ സത്കര്‍മങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പ്രധാന കര്‍മവുമാണ് ഖുര്‍ആന്‍ പാരായണം.“തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നിസ്കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവർക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ പ്രതീക്ഷിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത കച്ചവടമാകുന്നു (ഖുർആന്‍: 35/29) എന്ന ആയത്ത് അതിലേക്ക് ചൂണ്ടുന്നു.ഖുർആൻ പാരായണം ചെയ്യുന്ന സത്യവിശ്വാസി മധുരനാരങ്ങ പോലെയാണ്. അതിന് നല്ല മണമാണ്, നല്ല രുചിയും!. അതിനെ പാരായണം ചെയ്യാത്ത സത്യവിശ്വാസി കാരക്ക പോലെയാണ്. അതിന് മണമില്ല, രുചി കൊള്ളാം. ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസി തുളസിയെ പോലെയാണ്. അതിന്റെ മണം സുഗന്ധദായകം, രുചിയോ കൈപ്പ്. ഖുർആൻ പാരായണം ചെയ്യാത്ത കപടവിശ്വാസി ആട്ടങ്ങ പോലെയാണ്. വാസനയോയില്ല, രുചി കൈപ്പേറിയതുമാണ്. (മുസ്്ലിം: 797) മധുരമൂറുന്ന രുചിയും സുഗന്ധദായകമായ മണവും ഒത്തുചേർന്ന മധുര നാരങ്ങയാവാനാണ് നല്ല മനുഷ്യർ കൊതിക്കുക. മുത്ത് നബി (സ) പഠിപ്പിച്ച ഈ പാഠം അബൂമൂസൽ അശ്അരി (റ) രേഖപ്പെടുത്തിയിട്ടുണ്ട്.സുരക്ഷിതത്വവും ഐശ്വര്യവും വിട്ടൊഴിയാത്ത ഭവനം ഖുർആനോതുന്ന വീടായിരിക്കും. അവിടെ മലക്കുകൾ പൊതിയും പൈശാചികത പടി കടക്കില്ല. മലക്കുകൾ പൊതിയുന്നതിന് ദൃക്സാക്ഷികളായ മഹാന്മാരേറെ ചരിത്രത്തിലിന്നും ജീവിച്ചിരിപ്പുണ്ട്. അത്തരം അനുഭവങ്ങൾ സ്വഹാബികൾ പലരും തിരുനബിയോട് പങ്ക് വെക്കുകയും അവിടുന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ വീടുകളെല്ലാം ഖുർആനിന്റെ വചനാമൃതത്താൽ പ്രകാശപൂരിതമാവുന്നതിൽ നമ്മൾ ശ്രദ്ധാലുക്കളാകണം. മുതിർന്നവരോടൊപ്പം കുട്ടികളെയും ഓതാൻ പ്രചോദിപ്പിക്കണം. ചെറിയ സമ്മാനങ്ങളും നൽകണം.അബൂഹുറൈറ(റ) രേഖപ്പെടുത്തുന്നു: നബി(സ) പറഞ്ഞു: നിങ്ങളാരും വീടുകൾ കുഴിമാടങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽ ബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് അകന്ന് പോകുന്നതാണ്. (മുസ്‌ലിം:780)കുഴിമാടങ്ങൾ മൂകമായിരിക്കും, ആരെങ്കിലും എപ്പോഴെങ്കിലും വന്ന് ഖുർആനോതി പ്രാർഥിച്ച് തിരിച്ച് പോകും. വീടകം അങ്ങനെയാകരുത്. സജീവമായ ഖുർആൻ പാരായണം അവിടെ നടക്കണം.ഒരക്ഷരത്തിന് ഒരു നന്മ എന്ന തോതിൽ ചെറിയ സമയത്തിനുള്ളിൽ വലിയ നേട്ടമാണ് വിശുദ്ധ വചനങ്ങൾ ഓതുന്നതിലൂടെ ലഭിക്കുന്നത്.ഇബ്നു മസ്ഊദ് (റ) അതിനെ രേഖപ്പെടുത്തുന്നുണ്ട്: നബി(സ) പറഞ്ഞു: ഖുര്‍ആനിലെ ഒരു അക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. ‘അലിഫ് ലാം മീം’ ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. മറിച്ച്, അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരക്ഷരവും മീം വേറൊരക്ഷരവുമാകുന്നു. (സുനനുത്തിര്‍മിദി). ശുദ്ധിയില്ലാതെ ഖുർആൻ സ്പർശിക്കരുത്. വുളു (അംഗശുദ്ധി)വോടുകൂടി മാത്രമേ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടുള്ളൂ. എന്നാല്‍ വുളൂഅ് ഇല്ലാതെ ഖുര്‍ആന്‍ പാരായണം ചെയ്യലും സ്പര്‍ശനം കൂടാതെ നോക്കി ഓതലും അനുവദനീയമാണ്. പാരായണത്തില്‍ തജ്്വീദിന്റെ നിയമങ്ങള്‍ പാലിക്കണം. അതറിയില്ലെങ്കില്‍ പഠിക്കണം. പഠിക്കാന്‍ സൗകര്യങ്ങള്‍ ആവോളം ലഭ്യമാണെന്നതിനാല്‍ അറിവില്ല എന്ന് പറയുന്നതിൽ അബദ്ധമുണ്ട്.ഒരു സാധാരണക്കാരനായ മുസ്്ലിം പാരായണ ശാസ്ത്രത്തിന്റെ ആഴത്തിലിറങ്ങി പഠനം നടത്തിയില്ലെങ്കിലും പൊതു നിയമങ്ങൾ പാലിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ബാധ്യസ്ഥനാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ധൃതി കൂട്ടാതെ ഈണത്തില്‍ പാരായണം ചെയ്യാന്‍ ശ്രദ്ധിക്കണം. അല്ലാഹു പറഞ്ഞു: “ഖുര്‍ആന്‍ നിയമങ്ങൾ പരിഗണിച്ച് സാവധാനം ഓതുക.’ റസൂൽ (സ) ഖുര്‍ആന്‍ ഈണത്തില്‍ പാരായണം ചെയ്യാനും ആകര്‍ഷണീയമായി പാരായണം ചെയ്യുന്നവരില്‍ നിന്ന് ഓത്ത് ശ്രവിക്കാനും ഇഷ്ടപ്പെട്ടു. അവിടുന്ന് പറഞ്ഞു: “നിങ്ങളുടെ ശബ്ദങ്ങളാല്‍ ഖുര്‍ആനിന്റെ കേൾവിയെ മനോഹരമാക്കുക.’ മാധുര്യമുള്ള ശബ്ദമില്ലെങ്കിലും ഖുര്‍ആന്‍ സാവകാശമാണ് പാരായണം ചെയ്യേണ്ടത്. നബി (സ) ഓരോ ആയത്തും നിര്‍ത്തി നിര്‍ത്തി സാവകാശമാണ് പാരായണം നിര്‍വഹിച്ചിരുന്നത്.മറ്റുള്ളവർ ഓതുന്നത് ശ്രവിക്കലും പുണ്യകരമായ കാര്യമാണ്. റസൂൽ (സ) ഉബയ്യ് (റ) നോട് ഖുർആൻ ഓതിത്തരാൻ ഇഷ്ടത്തോടെ പറയാറുണ്ടായിരുന്നു. “നീയെനിക്ക് ഖുർആൻ ഓതിത്തരുവാൻ രക്ഷിതാവിന്റെ കൽപ്പനയുണ്ട്’. “നാഥൻ എന്റെ പേരെടുത്ത് പറഞ്ഞോ?!’. “അതെ ഉബയ്യിന്റെ പോരെടുത്ത് പറഞ്ഞു’. ഹൃദയം കുളിർത്ത നിമിഷം ആ സ്വഹാബിയുടെ കണ്ണ് നനഞ്ഞു. മനുഷ്യരിൽ വെച്ച് ഏറ്റവും ഉത്തമരാരെന്നതിന്റെ ഉത്തരവും ഖുർആനിനെ ബന്ധിക്കുന്നു. നബി (സ) അക്കാര്യം വ്യക്തമാക്കുന്നുണ്ട് “ഖുർആൻ പഠിക്കുകയും അതിനെ പഠിപ്പിക്കുകയും ചെയ്യുന്നവനാണ് നിങ്ങളിൽ ഉത്തമൻ (ബുഖാരി) വിശുദ്ധ ഖുർആൻ ചുമന്നവൻ ഇസ്്ലാമിന്റെ പതാകവാഹകനാണ്. അവനെ ബഹുമാനിച്ചവരെ അല്ലാഹു ബഹുമാനിക്കും. അവനെ ആരെങ്കിലും ഇകഴ്ത്തിയാൽ ദൈവിക ശാപമേൽക്കേണ്ടിവരും.ഖുർആൻ പാരായണം എന്നത് പറഞ്ഞു തീർക്കാൻ പറ്റാത്ത അധ്യായമാണ്. പ്രവിശാലമാണ് അതിന്റെ ആഴവും പരപ്പും. അത്രയേറെ മാഹാത്മ്യമുണ്ടതിന്. പരിശുദ്ധ റസൂലിന് മുഅ്ജിസത്തായി ലഭിച്ച പ്രപഞ്ചനാഥന്റെ വചനത്തിന് അത്രമേൽ പവിത്രതയുണ്ടാകുമെന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ലല്ലോ. വിനയത്തോടെ, ഭവ്യതയോടെ ആശയങ്ങൾ ആലോചിച്ചാണ് ഖുർആൻ ഓതേണ്ടത്. അങ്ങനെ ഓതുമ്പോൾ ഹൃദയം തിളങ്ങും ദുഃഖങ്ങളുരുകും. അശ്രദ്ധമായ ഖുർആനോത്ത് നമുക്ക് തന്നെ വിനയാകും. “എത്ര ഓത്തുകാരാണുള്ളത്! ഖുർആൻ അവരെ ശപിക്കുകയാണ് ചെയ്യുന്നത്’ എന്ന അനസ് ബ്നു മാലിക് (റ) ന്റെ വാക്കുകൾ അശ്രദ്ധമായ ഖുർആനോത്തുകാരെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഖുർആൻ ഹൃദ്യസ്ഥമാക്കാൻ സമയം ചെലവിടുന്നത് ഐഛികമായ നിസ്കാരത്തക്കാൾ ശ്രേഷ്ഠമായ കാര്യമാണ്. റമസാനിലെ ഈ ദിനങ്ങൾ ഖുർആനുമായുള്ള ചങ്ങാത്തം ഊട്ടിയുറപ്പിക്കാൻ വിനിയോഗിക്കുക, പിന്നീടുള്ള കാലങ്ങളിലും നമുക്കാ ചങ്ങാത്തം മുറിയാതെ കാക്കാം.