അബുദാബി | രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും പഠനം ഓണ്‍ലൈന്‍ (Distance Learning) രീതിയിലേക്ക് മാറ്റുന്നതായി വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയവും അറിയിച്ചു. മാര്‍ച്ച് 2 തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 4 ബുധനാഴ്ച വരെയാണ് ഈ മാറ്റം പ്രാബല്യത്തിലുണ്ടാകുക.യുഎഇയിലുടനീളമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമായ ഈ ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്കും ഭരണവിഭാഗം ജീവനക്കാര്‍ക്കും ഈ ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതാണ്. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ മന്ത്രാലയം ഈ തീരുമാനമെടുത്തത്.ഈ മൂന്ന് ദിവസങ്ങളില്‍ ക്ലാസുകള്‍ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിജിറ്റല്‍ പഠന പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്കും സര്‍വ്വകലാശാലകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.