നാമൊന്നായി പടുത്തുയർത്തിയ ‘സ്നേഹഷിപ്പ്’; ഇത് ലോകത്തിന് മുന്നിലെ കേരളാ മോഡൽ

Wait 5 sec.

2024 ജൂലൈ 30. നേരം വെളുത്തുതുടങ്ങിയിട്ടില്ല. രാത്രിയിൽ പെയ്തുപോയ മ‍ഴപോലെ എല്ലാം ശാന്തമാണെന്ന് കരുതിയാകും മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർ ഉറങ്ങാൻ കിടന്നിട്ടുണ്ടാകുക. എല്ലാ കണക്കുകൂട്ടലുകളും തെറ്റിയതും ജീവിതം കീ‍ഴ്മേൽ മറിഞ്ഞതും പെട്ടന്നായിരുന്നു.കലിതുള്ളിയെത്തിയ ഉരുള്‍, നിമിഷനേരം കൊണ്ട് ഒരു നാടാകെ ഒലിച്ചുപോയി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 298 മരണങ്ങൾ. മരണപ്പെട്ടവരില്‍ 99 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 32 പേരെ കാണാതായി. ചാലിയാര്‍, നിലമ്പൂര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി 223 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ദുരന്തത്തില്‍ 35 പേർക്ക് പരിക്കേറ്റു.നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന് മുന്നിൽ ഇടതുസർക്കാർ പകച്ചുനിന്നില്ല. വെല്ലുവിളികളും അവഗണനകളും സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒന്നുമല്ലായിരുന്നു. എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്ന ഓരോ മനുഷ്യരെയും സർക്കാർ ചേർത്തുപിടിച്ചു. പുതിയ ജീവിതത്തിലേക്ക് അവരെ കൈപിടിച്ചുനടത്തിച്ചു.കൽപ്പറ്റയിൽ ഉയരുന്നത് അതിജീവനത്തിന്റെ കേരള മോഡൽ മാത്രമല്ല, നമ്മുടെ നാടിന്റെ ഐക്യത്തിൻ്റേയും മനോഹര മാതൃകയാണ്. ഈ ലക്ഷ്യത്തിലേയ്ക്ക് നാം നടന്ന വഴികൾ ചരിത്രമാണ്. വീട് വെച്ചുനൽകാമെന്ന് പറഞ്ഞ് ദുരന്തബാധിതരുടെ കണ്ണീർ വിറ്റ് കീശ നിറച്ചവരും വന്ന് കണ്ട് വാഗ്ദാനം മാത്രം നൽകി മടങ്ങിപ്പോയവരും കാണേണ്ട, പഠിക്കേണ്ട ചരിത്രം.മറ്റുള്ളവർ പറഞ്ഞതുപോലെ വീടുകള്‍ മാത്രം നിർമിച്ച് നല്‍കുകയായിരുന്നില്ല സർക്കാർ ലക്ഷ്യം. എല്ലാ സൗകര്യങ്ങളുമടങ്ങിയ ടൗൺഷിപ്പാണ് സർക്കാർ വിഭാവനം ചെയ്തത്. അതിപ്പോ‍ഴിതാ യാഥാർത്ഥ്യവുമായിരിക്കുന്നു. ഓരോ മനുഷ്യർക്കും അഭിമാനത്തോടെ കയറിച്ചെല്ലാവുന്ന വീടും പരിസരവും … അങ്ങനെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരിടത്ത് ഒരുക്കി സർക്കാർ ടൗൺഷിപ്പ് യാഥാർത്ഥ്യമാക്കി.ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് നിർമ്മിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. അതിജീവിതർക്ക് സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്. തൊട്ടടുത്ത ദിവസം സർക്കർ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. 2025 മാർച്ച് 27 ന് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അത്യാധുനിക വീടുകള്‍, അവയെ തമ്മില്‍ ബന്ധിപ്പിച്ച് വിശാലമായ പൊതുറോഡുകള്‍ കൂടാതെ ഇടറോഡുകള്‍, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, പാര്‍ക്കുകള്‍, കമ്മ്യൂണിറ്റി ഹാള്‍, ലൈബ്രറി, സ്പോട്‌സ് ക്ലബ് തുടങ്ങി ഒരു ടൗണ്‍ഷിപ്പിന്‍റെ അതേ മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളുമൊരുക്കും. മർട്ടി പർപ്പസ് ഹാൾ, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിന്റെ ഭാഗമാണ്. കൂടാതെ ഒമ്പത്‌ ലക്ഷം ലിറ്റർ ശേഷിയിൽ കുടിവെള്ള സംഭരണി, പത്ത്‌ സീവേജ് ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, ഭൂഗർഭ വൈദ്യുത ശൃംഖല എന്നിവയും.മാലിന്യ സംസ്‌കരണവും ശുചിത്വവും ഈ ടൗണ്‍ഷിപ്പിന്‍റെ പ്രത്യേകതയാണ്. കക്കൂസ്‌ മാലിന്യങ്ങള്‍ കുഴലിലൂടെ ഒരു കേന്ദ്രീകൃത സ്ഥലത്ത്‌ എത്തിച്ച് പ്രോസസ് ചെയ്യുന്ന സൗകര്യവുമുണ്ട്. ഓവുചാലുകളും കൃത്യമായി നൽകിയിരിക്കുന്നു.വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാണ് ടൗൺഷിപ്പിന്റെ നിർമാണം. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധമുള്ളതാണ് വീടുകള്‍. 1000 ചതുരശ്ര അടിയിൽ ഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾക്ക് ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയുണ്ട്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയെല്ലാം വീട്ടിൽ സജ്ജം.ഇതാ, ഇതാണ് കേരളം ലോകത്തിന് മുന്നിൽ വയ്ക്കുന്ന മാതൃക. ഒരു ദുരന്തത്തെ എങ്ങനെ അതിജീവിക്കണമെന്ന് കേരളം ലോകത്തെ പഠിപ്പിക്കുന്നു. കുറ്റം പറയുന്നവർക്കും കല്ലെറിയുന്നവർക്കും ടൗൺഷിപ്പിലേക്ക് സ്വാഗതം. നിങ്ങള്‍ വരണം, കൺകുളിർക്കെ കാണണം ഇവിടെയുള്ള ഓരോ മനുഷ്യരുടെയും സന്തോഷം. കാണണം, തങ്ങളുടെ പുതിയ വീട്ടിലേക്ക് നിറഞ്ഞ ചിരിയോടെ കാലെടുത്തുവയ്ക്കുന്ന ആ മനുഷ്യരെ, അവർക്ക് തണലായി അന്നുമെന്നും നിൽക്കുന്ന ഇതുപക്ഷസർക്കാരിനെ. The post നാമൊന്നായി പടുത്തുയർത്തിയ ‘സ്നേഹഷിപ്പ്’; ഇത് ലോകത്തിന് മുന്നിലെ കേരളാ മോഡൽ appeared first on Kairali News | Kairali News Live.