ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ക്രൂരപീഡനം;പ്രതിക്ക് ജീവപര്യന്തം

Wait 5 sec.

പുനലൂര്‍| ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ നാലുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തമിഴ്നാട് നാഗപട്ടണം സ്വദേശി കലൈവാണന്‍ കാമരാജിനെയാണ് (40) പുനലൂര്‍ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. അഞ്ചുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ പ്രതി മൂന്നുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.2023 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലത്ത് അമ്മയോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്ന തമിഴ് കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് പ്രതി ഉപദ്രവിച്ചത്. കുട്ടിയുടെ ദേഹത്ത് ബാധയുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ലൈംഗിക ഉപദ്രവത്തിന് പുറമെ, ബെല്‍റ്റ് കൊണ്ട് അടിക്കുകയും സിഗരറ്റ് കുറ്റി ഉപയോഗിച്ച് നെഞ്ചിലും കാലിലും പൊള്ളലേല്‍പ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു.പോക്സോ, ഐ.പി.സി, ബാലനീതി നിയമങ്ങള്‍ പ്രകാരമാണ് കേസ് എടുത്തത്. അന്വേഷണം നടത്തിയ കൊല്ലം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതിജീവിതയായ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് ജഡ്ജി അരവിന്ദ് ബി. ഇടയോടി നിര്‍ദ്ദേശം നല്‍കി.