ടെഹ്റാന്‍ | ഇറാന് ചൈന നല്‍കിയ വ്യോമ പ്രതിരോധ സംവിധാനം പരാജയപ്പെട്ടതായി അമേരിക്കയും ഇസ്‌റാഈലും അവകാശപ്പെട്ടു. എണ്ണയ്ക്ക് പകരം ആയുധം എന്ന കരാര്‍ പ്രകാരം ചൈന ഇറാനില്‍ ഒരുക്കിയ എച്ച്ക്യു-9ബി വ്യോമ പ്രതിരോധം തകര്‍ന്നടിഞ്ഞുവെന്നാണ് അവകാശവാദം.അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നും പ്രതിരോധം പാളിയതോടെ ചൈനീസ് സാങ്കേതികവിദ്യ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. കരുത്തനെന്ന് കരുതി ഇറാന്‍ ചൈനയില്‍ നിന്ന് വാങ്ങിയ എച്ച് ക്യു-9ബി സംവിധാനത്തിന് ഇസ്രാഈലിന്റെയും അമേരിക്കയുടെയും മിസൈലുകളെ തടയാനായില്ല. നേരത്തെ ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയപ്പോള്‍ ഇതേ ചൈനീസ് സംവിധാനം പാകിസ്ഥാനെയും തുണച്ചിരുന്നില്ല.ചൈനയിലെ എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്തതാണ് എച്ച്ക്യു-9ബി. റഷ്യന്‍ എസ് – 300 പി എം യു, അമേരിക്കന്‍ പാട്രിയറ്റ് പി എ സി-2 സംവിധാനങ്ങളെ മാതൃകയാക്കിയായിരുന്നു നിര്‍മാണം. 260 കിലോമീറ്റര്‍ പരിധിയിലെ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ സാധിക്കും എന്നഅവകാശവാദവുമായി 2006-ലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. ഒരേസമയം 100 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും എട്ടോളം ലക്ഷ്യങ്ങളെ നേരിടാനും ശേഷിയുണ്ടെന്നും ചൈന അവകാശപ്പെട്ടിരുന്നു. ഇറാനില്‍ ആണവ നിലയങ്ങള്‍ക്കും സൈനിക താവളങ്ങള്‍ക്കും കാവലായാണ് ഇറാന്‍ എച്ച്ക്യു-9ബിയെ ആശ്രയിച്ചിരുന്നത്.എന്നാല്‍ അമേരിക്ക-ഇസ്‌റാഈല്‍ സഖ്യത്തിന്റെ അതിശക്തമായ വ്യോമാക്രമണം പ്രതിരോധിക്കാന്‍ ഈ ചൈനീസ് സംവിധാനങ്ങള്‍ക്കു കഴിഞ്ഞില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.