പത്തനംതിട്ട | സപ്ലൈകോ വില്‍പനശാലകളില്‍ സബ്സിഡി ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിന് മൂന്ന് സപ്ലൈകോ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഫെബ്രുവരി മാസത്തില്‍ ആവശ്യമായ ഉല്‍പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്റന്റ് നിര്‍ദേശിച്ചിരുന്ന പ്രകാരം ജനുവരി മാസത്തില്‍ തന്നെ നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ സാധനങ്ങള്‍ സ്റ്റോക്ക് ഔട്ട് ആവുകയും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാതാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഡിപ്പോയിലെ സീനിയര്‍ അസിസ്റ്റന്റ് ആര്‍ പ്രേം നാഥ്, പത്തനംതിട്ട ജില്ലയിലെ പറക്കോട് ഡിപ്പോയിലെ സീനിയര്‍ അസിസ്റ്റന്റ് എ സനിത കുമാരി, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജൂനിയര്‍ അസിസ്റ്റന്റ് വിഷ്ണു വി ദേവ് എന്നിവരെയാണ് മാനേജിംഗ് ഡയറക്ടര്‍ സസ്പെന്റ് ചെയ്തത്. പൊതുജനങ്ങള്‍ക്ക് സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിലൂടെ സബ്സിഡി ഉല്‍പന്നങ്ങളും സബ്സിഡി ഇതര ഉല്‍പന്നങ്ങളും പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി വിലക്കയറ്റം തടഞ്ഞുനിര്‍ത്താനുള്ള സര്‍ക്കാര്‍ നയം ദുര്‍ബലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ സപ്ലൈകോ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.