ഹജ്ജ് വിമാനസമയ പട്ടികയായി; കോഴിക്കോട് നിന്ന് ഏഴ് സര്‍വീസ്

Wait 5 sec.

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്കുള്ള വിമാന സമയവിവര പട്ടികയായി. ഏറ്റവും കൂടുതല്‍ ഹാജിമാര്‍ യാത്ര പുറപ്പെടുന്നത് കൊച്ചിയില്‍ നിന്നാണ്. 43 വിമാനങ്ങളിലായി 8,600 പേരാണ് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നത്. സംസ്ഥാനത്തെ ഹജ്ജ് വിമാന ഫ്‌ലാഗ് ഓഫ് കൊച്ചിയില്‍ നടക്കും. കൊച്ചിയില്‍ നിന്നുള്ള ആദ്യ വിമാനം ഏപ്രില്‍ 30ന് ഉച്ചക്ക് 2.10ന് പുറപ്പെടും. തുടര്‍ന്ന് മേയ് ഒന്ന്, മൂന്ന്, നാല്, ആറ് തീയതികളില്‍ രണ്ട് വിമാനം വീതവും രണ്ട്, അഞ്ച് ദിവസങ്ങളില്‍ മൂന്ന് വിമാനങ്ങളും സര്‍വീസ് നടത്തും. ഏഴ്, എട്ട് ദിവസങ്ങളില്‍ ഒരു വിമാനം മാത്രമാണ് സര്‍വീസ് നടത്തുന്നത്. 430 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ജംബോ വിമാനമാണ് കൊച്ചിയില്‍ നിന്ന് പറക്കുക.20 ദിവസത്തെ പാക്കേജില്‍ ഹജ്ജിന് അപേക്ഷിച്ചവര്‍ക്കുള്ള യാത്രയും കൊച്ചിയില്‍ നിന്നാണ്. മേയ് 17, 18, 19 തീയതികളില്‍ ആയിരിക്കും ഇവര്‍ക്കുള്ള വിമാനം പുറപ്പെടുക ഒരു ദിവസം ഒരു വിമാനമായിരിക്കും സര്‍വീസ് നടത്തുക. ഫ്‌ലൈ നാസ് വിമാനമാണ് കൊച്ചിയില്‍ നിന്ന് ഹാജിമാരെ കൊണ്ടുപോകുന്നതിനുള്ള കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മേയ് അഞ്ചിന് രാത്രി 11.30ന് പുറപ്പെടും. തുടര്‍ന്ന് ആറ്, ഏഴ്, ഒമ്പത്, പത്ത്, 12, 14 തീയതികളില്‍ ഓരോ സര്‍വീസും എട്ട്, 11, 13 തീയതികളില്‍ രണ്ട് സര്‍വീസ് വീതവും കണ്ണൂരില്‍ നിന്നുണ്ടാകും. ഫ്‌ലൈഡീല്‍ വിമാന കമ്പനിയാണ് കണ്ണൂരില്‍ നിന്നുള്ള ഹാജിമാരുടെ യാത്രാ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 350 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇടത്തരം വലിയ വിമാനമാണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. 4,550 ഹാജിമാരാണ് കണ്ണൂരില്‍ നിന്ന് ഹജ്ജിന് പുറപ്പെടുന്നത്. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലയളവിലുള്ള ഹജ്ജ് ക്യാമ്പായിരിക്കും ഈ വര്‍ഷം നടക്കുക. ഒരാഴ്ച മാത്രമാണ് കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുക. ആദ്യ വിമാനം മേയ് 15ന് പുലര്‍ച്ചെ 12.05ന് പുറപ്പെടും. രണ്ടാമത്തെ വിമാനം 12.10നും പുറപ്പെടും. 16, 17 തീയതികളില്‍ പുലര്‍ച്ചെ രണ്ട് വിമാനങ്ങളും 18ന് പുലര്‍ച്ചെ ഒരു വിമാനവും യാത്ര തിരിക്കുന്നതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് സമാപനമാകും. 145 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനമാണ് കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്കായി എത്തുന്നത്. ആകാശ എയര്‍ ആണ് കരിപ്പൂരില്‍ ഹജ്ജ് യാത്രാ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 1,015 ഹാജിമാരാണ് കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പുറപ്പെടുന്നത്.കഴിഞ്ഞ വര്‍ഷം മറ്റ് പുറപ്പെടല്‍ കേന്ദ്രങ്ങളിലേതിനേക്കാള്‍ ഒരു ഹാജിക്ക് വിമാനയാത്രാ നിരക്കില്‍ 40,000 രൂപ അധികം വന്നതാണ് ഹാജിമാര്‍ കരിപ്പൂരിനെ കൈവെടിയാന്‍ കാരണം. കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ഹജ്ജ് യാത്ര ജിദ്ദയിലേക്കും മടക്കയാത്ര മദീനയില്‍ നിന്നുമായിരിക്കും.