റമസാനിലെ നോമ്പ് ആരാധന മാത്രമല്ല, അതിലൂടെ മനുഷ്യന്റെ ജീവിതത്തില്‍ രൂപപ്പെടേണ്ട പല ബോധ്യങ്ങളും കൂടി പരിശീലിപ്പിക്കുന്നു. മനുഷ്യസമൂഹത്തെ സമത്വത്തിന്റെ ഒരേയൊരു നിരയില്‍ നിര്‍ത്തുന്ന ദിവ്യപരിശീലനം കൂടിയാണിത്. വിശപ്പിന്റെയും ദാഹത്തിന്റെയും വഴിയിലൂടെ മനുഷ്യന്റെ അഹങ്കാരം ചുരുങ്ങുകയും കരുണയും സഹാനുഭൂതിയും വളരുകയും ചെയ്യുന്ന മഹത്തായ കാലഘട്ടമാണിത്. സാധാരണ ദിവസങ്ങളില്‍ ഭക്ഷണം ലഭ്യമാകുന്നത് സ്വാഭാവികമായി കാണുന്ന മനുഷ്യന്‍, റമസാനിലെ നോമ്പിലൂടെ ഒരു ഗ്ലാസ് വെള്ളത്തിന്റെ വിലയും ഒരു ചീന്ത് ഈന്തപ്പഴത്തിന്റെ മഹത്വവും തിരിച്ചറിയുന്നു.വിശക്കുന്ന വയറിന്റെ ഭാഷ ലോകത്ത് എല്ലാ ദേശത്തുംഎല്ലാ കാലത്തും ഏത് ജാതിക്കാരനും ഒന്ന് മാത്രമാണെന്ന വലിയ ഒരു പാഠം നോമ്പിന്റെ പകലിലെ പട്ടിണിയിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഭക്ഷണമുള്ളവനും ഇല്ലാത്തവനും ഒരേ സമയം വിശപ്പനുഭവിക്കുന്ന ഈ മാസം, സമത്വത്തിന്റെ ഏറ്റവും ശക്തമായ പാഠമാണ്. ദിവസേന വിവിധ വിഭവങ്ങള്‍ കഴിക്കുന്നവനും പലപ്പോഴും അന്നം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവനും ഒരേ സമയം വയറിന്റെ കാളല്‍ സഹിക്കുന്നു. ഈ അനുഭവം ഹൃദയത്തില്‍ ഒരു മാറ്റം സൃഷ്ടിക്കുന്നു. ”അവന്റെ വിശപ്പ് എത്ര കഠിനമാകും!” എന്ന ചിന്ത കരുണയായി മാറുന്നു. അതുവഴി ദാനം സ്വഭാവമാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. പങ്കുവെക്കല്‍ അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്നു. ഇങ്ങിനെ പങ്കുവെക്കലുകളാണ് മനുഷ്യന്‍ എന്നതിന്റെ മര്‍മമെന്നത് നാം സ്വയം തിരിച്ചറിയുന്നു.ലോകത്താകമാനം എത്ര ദശലക്ഷം ഭക്ഷണ കിറ്റുകളാണ് ഈ കാലത്ത് വിതരണം ചെയ്യപ്പെടുന്നത്. സൂര്യാസ്തമയത്തോടെ ഒരേ നിമിഷം നോമ്പുതുറക്കുന്നു. പള്ളികളിലും വീടുകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും രാജകീയ മന്ദിരങ്ങളിലും ലളിതമായ കുടിലുകളിലും ഒരേ സമയം കൈകള്‍ ഉയരുന്നു. ഒരേ ദുആ അധരങ്ങളില്‍ വിരിയുന്നു. ഒരേ ഈന്തപ്പഴം കൊണ്ട് നോമ്പുതുറക്കുമ്പോള്‍ അവിടെ പദവിയില്ല, സമ്പത്തിന്റെ അളവില്ല, ഭാഷയും ദേശവും മതിലായി നില്‍ക്കില്ല. എല്ലാവരും ഒരേ ദൈവത്തിന്റെ അടയാളങ്ങള്‍ എന്ന തിരിച്ചറിവാണ് അവിടെ പ്രകാശിക്കുന്നത്. അവന്റെ മുമ്പില്‍ എല്ലാവരും ഒരടിമ മാത്രം. ഹൃദയശുദ്ധി മാത്രമാണ് ഏറ്റക്കുറച്ചിലിന്റെ മാനദണ്ഡം. റമസാന്‍ സാമൂഹികനീതിയുടെ പാഠവും പഠിപ്പിക്കുന്നു. സകാത്തും സ്വദഖയും വഴി സമ്പത്ത് സമൂഹത്തില്‍ സഞ്ചരിക്കുന്നു. സമ്പന്നരുടെ മേശയില്‍ മാത്രം നിറഞ്ഞുനില്‍ക്കാതെ, നിര്‍ധനരുടെ വീട്ടിലും സന്തോഷം എത്തുന്നു. ഇഫ്ത്വാര്‍ വിരുന്നുകളില്‍ അന്യരും അടുത്തവരും ഒരുമിച്ച് ഇരിക്കുന്ന ദൃശ്യം സാഹോദര്യത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്. വിശപ്പിന്റെ വേദന പങ്കുവെച്ചപ്പോള്‍ ഹൃദയങ്ങള്‍ അടുത്തുവരുന്നു. നിസ്‌കാര നിരയില്‍ എല്ലാവരും ഒരേ വരിയില്‍ നില്‍ക്കുമ്പോള്‍ സമത്വത്തിന്റെ മറ്റൊരു മനോഹര ചിത്രം കാണാം. വലിയവനും ചെറിയവനും പഠിതാവും സാധാരണക്കാരനും ഒരേ കിബ്ലയുടെ ദിശയില്‍ തലകുനിക്കുന്നു. അവിടെ ഒരേയൊരു മാനദണ്ഡം മാത്രമേ ഉള്ളൂ ഭക്തി. ഈ ആത്മീയ സമത്വമാണ് റമസാനിന്റെ യഥാര്‍ഥ സൗന്ദര്യം. മനുഷ്യരെ വേര്‍തിരിക്കുന്നത് സമ്പത്തോ പദവിയോ അല്ല; അവരെ ഒന്നിപ്പിക്കുന്നത് വിശപ്പിന്റെ അനുഭവവും ദൈവഭക്തിയും തന്നെയാണ്. വിശപ്പിലൂടെ വിനയം പഠിക്കാം. ഒരുമിച്ച് നോമ്പുതുറക്കലിലൂടെ സാഹോദര്യം വളര്‍ത്താം. പങ്കുവെക്കലിലൂടെ സാമൂഹിക നീതി ഉറപ്പാക്കാം. ഈ സമത്വത്തിന്റെ പ്രകാശം റമസാനില്‍ മാത്രം ഒതുങ്ങാതെ നമ്മുടെ ജീവിതത്തിലെ ഓരോ ദിവസത്തെയും പ്രകാശിപ്പിക്കട്ടെ.