കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കാര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമം; പ്രതികളെ കണ്ടെത്താനായില്ല

Wait 5 sec.

കൊച്ചി|വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പോലീസുകാരനെ കാര്‍ ഇടിച്ചുകൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐ സന്തോഷ് കുമാറാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ എഎസ്ഐ സന്തോഷിന് സാരമായി പരുക്കേറ്റു. കൈക്കും കാലിനും സാരമായി പരുക്കേറ്റ സന്തോഷ് കുമാര്‍ ആശുപത്രയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന സാഹചര്യത്തില്‍ പോലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി കലൂര്‍ ശാസ്ത റോഡില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.അതേസമയം പോലീസുകാരനെ ഇടിച്ചിട്ട് പോയ കാറും അതിനുള്ളിലുള്ളവരെയും കണ്ടെത്താനായിട്ടില്ല. കാറില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നതായാണ് വിവരം. വാഹനവും അതിലുള്ളവരെയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.വാഹനം കണ്ട് പോലീസ് കൈ കാണിക്കുമ്പോള്‍ അതിവേഗത്തില്‍ വന്ന വാഹനം വേഗത കുറച്ചു. പിന്നാലെ രണ്ടു പോലീസുകാരെ വെട്ടിച്ച് മറികടന്നശേഷം തൊട്ടടുത്തു നിന്ന എഎസ്ഐയെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.