അബൂദബി|അബൂദബിയിൽ പുതിയ സാമ്പത്തിക ലൈസൻസുകളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം വർധനവ് രേഖപ്പെടുത്തി. അബൂദബി രജിസ്ട്രേഷൻ അതോറിറ്റി പുറത്തുവിട്ട കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം വിവിധ മേഖലകളിൽ വൻ വളർച്ചയാണ് എമിറേറ്റ് കൈവരിച്ചിരിക്കുന്നത്. ബിസിനസ് നടപടികൾ ലളിതമാക്കിയതും നിക്ഷേപകർക്കായി അതോറിറ്റി നടപ്പിലാക്കിയ വൈവിധ്യമാർന്ന പദ്ധതികളുമാണ് ഈ നേട്ടത്തിന് പിന്നിൽ. സജീവമായ ലൈസൻസുകളിൽ 13.5 ശതമാനം വർധനവുണ്ടായപ്പോൾ പുതുക്കിയ ലൈസൻസുകളുടെ എണ്ണത്തിൽ 20 ശതമാനം വളർച്ചയുണ്ടായി.വ്യവസായ മേഖലയിൽ പുതിയ ലൈസൻസുകൾ 20 ശതമാനവും ടൂറിസം മേഖലയിൽ 10 ശതമാനവും വർധിച്ചു. കരകൗശല മേഖലയിൽ 122 ശതമാനം എന്ന റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രൊഫഷണൽ, വാണിജ്യ ലൈസൻസുകളിൽ 28 ശതമാനം വീതം വർധനവുണ്ടായി. അബൂദബി നഗരത്തിൽ 31 ശതമാനവും അൽ ഐനിൽ 29 ശതമാനവും അൽ ദഫ്റയിൽ 16 ശതമാനവുമാണ് ലൈസൻസുകളുടെ വളർച്ചാ നിരക്ക്. നിക്ഷേപകരുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ സാമ്പത്തിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത് ബിസിനസ് മേഖലയിലുള്ളവരുടെ ആത്മവിശ്വാസം വർധിപ്പിച്ചതായി അബൂദബി രജിസ്ട്രേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മൻസൂരി പറഞ്ഞു.സ്വദേശി വനിതകൾക്കായി അനുവദിക്കുന്ന “മുബ്ദിയ’ ലൈസൻസുകളിൽ 32 ശതമാനം വളർച്ചയുണ്ടായി. ഫ്രീലാൻസ് ലൈസൻസുകൾ 70 ശതമാനവും “അബൂദബി ട്രേഡർ’ ലൈസൻസുകൾ 24 ശതമാനവും വർധിച്ചു. മൂന്ന് വർഷത്തേക്ക് ഓഫീസ് സ്ഥലമില്ലാതെ തന്നെ ബിസിനസ് തുടങ്ങാൻ അനുവദിക്കുന്ന അബൂദബി ട്രേഡർ പദ്ധതിക്ക് കീഴിൽ 1200 ലധികം സാമ്പത്തിക പ്രവർത്തനങ്ങൾ ലഭ്യമാണ്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സംരംഭകരെ പിന്തുണയ്ക്കുന്നതിനും അതോറിറ്റിയുടെ ശ്രമങ്ങൾ തുടരുമെന്നും മുഹമ്മദ് അൽ മൻസൂരി കൂട്ടിച്ചേർത്തു.