ദുബൈ | ഈ വർഷത്തെ ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡിന്റെ അന്താരാഷ്ട്ര ഖുർആൻ പ്രതിഭയായി വിഖ്യാത ഈജിപ്ഷ്യൻ ഖാരിഅ് പരേതനായ ശൈഖ് മഹ്‌മൂദ് ഖലീൽ അൽ ഹുസ്രിയെ തിരഞ്ഞെടുത്തു. ഖുർആൻ പാരായണ രംഗത്തും തജ്്വീദ് ശാസ്ത്രത്തിലും അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. മാർച്ച് രണ്ടിന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. പത്ത് ലക്ഷം ഡോളറാണ് (ഏകദേശം 36.7 ലക്ഷം ദിർഹം) പുരസ്‌കാര തുക.ലോകത്ത് ആദ്യമായി റേഡിയോയിലൂടെ ഖുർആൻ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ശൈഖ് മഹ്‌മൂദ് അൽ ഹുസ്രിയായിരുന്നു. ഖുർആൻ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതന്മാരെ ആദരിക്കുക എന്ന യു എ ഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് ഈ തിരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇസ്്ലാമിക കാര്യ വകുപ്പ് ഡയറക്ടർ ജനറലും അവാർഡ് കമ്മിറ്റി ചെയർമാനുമായ അഹ്‌മദ് ദർവീശ് അൽ മുഹൈരി പറഞ്ഞു.1917-ൽ ഈജിപ്തിലെ ഗർബിയ പ്രവിശ്യയിൽ ജനിച്ച അദ്ദേഹം എട്ടാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കി. ഈജിപ്തിലെ ഖുർആൻ പാരായണ സമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു എൻ ജനറൽ അസംബ്ലി, വൈറ്റ് ഹൗസ്, ലണ്ടനിലെ രാജകൊട്ടാരം എന്നിവിടങ്ങളിൽ ആദ്യമായി ഖുർആൻ പാരായണം ചെയ്ത ഖാരിഅ് കൂടിയാണ് അദ്ദേഹം. തജ്്വീദ് ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1980-ലാണ് അദ്ദേഹം അന്തരിച്ചത്.