ദുബൈ|കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ദുബൈ പോലീസിന് ലഭിച്ചത് 8,263 അടിയന്തര കോളുകൾ. പുലർച്ചെ മൂന്ന് മുതൽ രാവിലെ പത്ത് വരെയുള്ള സമയത്താണ് 999 എന്ന നമ്പറിൽ ഇത്രയധികം കോളുകൾ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ എത്തിയത്. മൂടൽമഞ്ഞ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് സെന്റർ ആക്ടിംഗ് ഡയറക്ടർ ലഫ്റ്റനന്റ്കേണൽ അഹ്്മദ് അൽ അലി പറഞ്ഞു.കനത്ത മൂടൽമഞ്ഞ് കാരണം റോഡുകളിൽ കാഴ്ചപരിധി കുറയുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തത് വലിയ തോതിലുള്ള ജീവഹാനിക്കും സാമ്പത്തിക നഷ്ടങ്ങൾക്കും ഇടയാക്കുമെന്ന് അഹ്്മദ് അൽ അലി വിശദീകരിച്ചു. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണം. വേഗത കുറക്കുക, പെട്ടെന്ന് ബ്രേക്ക് ഇടുന്നത് ഒഴിവാക്കുക, ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുക, വിൻഡ്ഷീൽഡ് വൈപ്പറുകൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഡ്രൈവർമാർ ശ്രദ്ധിക്കണം.സൈക്കിൾ, ഇലക്ട്രിക് സ്‌കൂട്ടർ യാത്രക്കാർ റിഫ്ലെക്റ്റീവ് വെസ്റ്റുകൾ ധരിക്കണം. നിശ്ചയിക്കപ്പെട്ട പാതകളിലൂടെ കുറഞ്ഞ വേഗതയിൽ മാത്രം സഞ്ചരിക്കുകയും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുകയും വേണം. മൂടൽമഞ്ഞുള്ളപ്പോൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുന്നത് അപകടസാധ്യത കുറക്കുമെന്നും പോലീസ് അറിയിച്ചു.