റഹ്മത്ത്: സമയം അവസാനിക്കുമ്പോള്‍…

Wait 5 sec.

റഹ്മത്തിന്റെ പത്ത് അവസാനിക്കുകയാണ്. ഇമാം ബൈഹഖി(റ) ഉദ്ധരിച്ച ‘റമസാനിന്റെ ആദ്യ ഭാഗം റഹ്മത്തും മധ്യം പാപമോചനവും അവസാനം നരകമോചനവുമാണ്’ എന്ന പ്രസിദ്ധമായ ഹദീസാണ് ഈ വിഭജനത്തിന്റെ അടിസ്ഥാനം.റഹ്മത്തിനെ സംരക്ഷണം, ഗുണകാംക്ഷ, ദയ എന്നിങ്ങനെ പല അര്‍ഥങ്ങളിലും പണ്ഡിതന്‍മാര്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇമാം ഗസ്സാലി(റ) അല്ലാഹുവിന്റെ നാമങ്ങളെ വിശദീകരിക്കാന്‍ വേണ്ടി രചിച്ച അല്‍മഖ്‌സദുല്‍ അസ്‌ന ഫീ ശറഹി മആനി അസ്മാഇല്ലാഹില്‍ ഹുസ്‌ന എന്ന ഗ്രന്ഥത്തില്‍ ‘മറ്റൊരാളോടുള്ള അനുകമ്പയും മനസ്സലിവും നിമിത്തം അദ്ദേഹത്തിന്റെ പ്രയാസം നീക്കികൊടുക്കാനും ഗുണം എത്തിച്ചു കൊടുക്കാനും താത്പര്യപ്പെടുന്നതിനെയാണ് റഹ്മത്ത് എന്ന് പറയുന്നത്’ എന്ന് നിര്‍വചിക്കുന്നുണ്ട്. ഈ ആഖ്യാനത്തെ ഗുണകാംക്ഷ, ദയ എന്നീ പദങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കാനാകും. അതനുസരിച്ച് മനുഷ്യന്റെ നന്മകളും തിന്മകളും നോക്കാതെയാണ് അല്ലാഹു റഹ്മത്ത് ചൊരിയുന്നത്.റഹ്മത്ത് റമസാനില്‍ മാത്രം പരിമിതപ്പെടുത്തിയ ഒന്നല്ല. റമസാനിലെ ആദ്യ പത്ത് ദിവസങ്ങളില്‍ മാത്രമാണ് റഹ്മത്ത് ലഭ്യമാകുക എന്നും വ്യാഖ്യാനിക്കേണ്ടതില്ല. മഗ്ഫിറത്ത് രണ്ടാമത്തെ പത്തിലും നരകമോചനം അവസാനത്തിലും ചുരുക്കപ്പെട്ടതാണ് എന്നും അര്‍ഥമില്ല. കുറേ കൂടി സമഗ്രമായ ആശയവും വ്യാഖ്യാനവും ഇതിനുണ്ട്.ഇബ്‌നു റജബ് അല്‍ ഹമ്പലി(റ) അദ്ദേഹത്തിന്റെ ലത്വാഇഫുല്‍ മആരിഫ എന്ന ഗ്രന്ഥത്തില്‍ ഇതിനെ മാനോഹരമായി വിശദീകരിക്കുന്നുണ്ട്. ‘നോമ്പുകാരന്‍ റമസാനിന്റെ തുടക്കത്തില്‍ സത്കര്‍മങ്ങളുമായി ബന്ധപ്പെട്ടാല്‍ അവന്റെ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലമായി അല്ലാഹു അവന് റഹ്മത്ത് വര്‍ഷിക്കും’. റമസാന്‍ ആഗതമാകുമ്പോള്‍ ആരാധനയില്‍ സജീവമാകുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന പ്രത്യേക പരിഗണനയാണ് ഇതെന്ന് ഈ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം. ആരാധനയില്‍ സജീവമായവര്‍ക്ക് റഹ്മത്ത് ലഭിക്കും, റഹ്മത്ത് ലഭിച്ചവര്‍ക്ക് ഇബാദത്തുകളില്‍ മുഴുകാന്‍ അവസരമുണ്ടാകും എന്നിങ്ങനെ പരസ്പര പൂരകങ്ങളായ വ്യാഖ്യാനങ്ങള്‍ ഇവ്വിഷയത്തില്‍ കാണാം.ലത്വാഇഫില്‍ തന്നെയുള്ള മറ്റൊരു വിശദീകരണം ‘റഹ്മത്ത് ഗുണവാന്‍മാര്‍ക്കും മഗ്ഫിറത് ചെറിയ പാപങ്ങള്‍ സംഭവിച്ചവര്‍ക്കും നരകമോചനം വലിയ പാപങ്ങള്‍ ചെയ്തവര്‍ക്കും’ എന്നാണ്. എന്നുവരുമ്പോള്‍ സജ്ജനങ്ങള്‍ക്ക് ആദ്യ പത്തില്‍ നല്‍കപ്പെടുന്ന റഹ്മത്ത് ഇരുലോക വിജയങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ അനുഗ്രഹമാണ്. ചെറിയ പാപങ്ങള്‍ സംഭവിച്ചവര്‍ക്ക് ഈ റഹ്മത്ത് ലഭിച്ചില്ലെങ്കിലും നോന്പ് കാരണം രണ്ടാമത്തെ പത്തില്‍ മഗ്ഫിറത് സ്വന്തമാകും എന്നും വലിയ ദോഷങ്ങള്‍ ചെയ്തവര്‍ നിരാശരാകാതെ അവസാന പത്ത് വരെയും പ്രാര്‍ഥനയും സുകൃതങ്ങളുമായി അവസാന നിമിഷം വരെയും നാഥന്റെ മുന്നില്‍ സമര്‍പ്പിതനാകണം എന്നുമാണ്.റമസാനിന്റെ ആദ്യ ഘട്ടത്തില്‍ നല്‍കപ്പെടുന്ന റഹ്മത്ത് സ്വന്തമായാല്‍ അതിന്റെ അടയാളങ്ങള്‍ അയാളില്‍ പ്രകടമാകും എന്ന് പണ്ഡിതന്‍മാര്‍ പഠിപ്പിക്കുന്നു. ആരാധനകള്‍ കൊണ്ട് മനസ്സിന് ശാന്തത ഉണ്ടാകുക, നോമ്പനുഷ്ഠിക്കാനും ഖുര്‍ആന്‍ ഓതാനുമെല്ലാം ഉന്മേഷം അനുഭവപ്പെടുക, ആരോഗ്യത്തിലും സമയത്തിലും ഭക്ഷണത്തിലുമെല്ലാം ബറകതുണ്ടാകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.ഈ ലക്ഷണങ്ങള്‍ പ്രകടമായെങ്കില്‍ അത് പ്രതീക്ഷയുടെ കാരണമാണ്. എന്നാല്‍ അത് തീര്‍പ്പല്ല, അന്തിമ വിധി അല്ലാഹുവിന്റേതാണ്. ഇനി ഇത്തരം ശുഭസൂചനകള്‍ കാണാനില്ലെങ്കില്‍ കാര്യങ്ങളെ ഗൗരവമായി കാണണം. നിരാശപ്പെടുകയല്ല, കൂടുതല്‍ അധ്വാനിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയുക.റഹ്മത്തിന്റെ ദിനരാത്രങ്ങളിലേക്ക് പ്രത്യേകമായി നിര്‍ദേശിക്കപ്പെട്ട പ്രാര്‍ഥനകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുക. അല്ലാഹുവിന്റെ കാരുണ്യം നേടിയെടുക്കാന്‍ നബി(സ)യുടെ ഹദീസുകളിലെ പാഠങ്ങളെ പകര്‍ത്തുക. ‘ജനങ്ങളോട് റഹ്മത്ത് ചെയ്യാത്തവനോട് അല്ലാഹു കരുണ കാണിക്കില്ല’ (ബുഖാരി, മുസ്‌ലിം), ‘ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എന്നാല്‍ ആകാശത്തിന്റെ അധിപന്‍ നിങ്ങളോട് റഹ്മത്ത് ചെയ്യും’ (അബൂദാവൂദ്, തിര്‍മിദി) തുടങ്ങിയ ഹദീസുകള്‍ നമുക്ക് ചുറ്റുമുള്ളവരുടെ വേദനകളെ പകുത്തെടുക്കാനും അനുഗ്രഹത്തിന്റെ വാതിലിലെത്താനുമുള്ള വഴികള്‍ അനാവരണം ചെയ്യുന്നു. അതിനാല്‍ തിരിച്ചറിയുക, സമയം അവസാനിച്ചിട്ടില്ല.