സൗദി അറേബ്യയിൽ വർക്ക് പെർമിറ്റില്ലാതെ വിദേശികളെ ജോലിക്ക് വെക്കുന്നതും തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവെക്കുന്നതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് വൻതുക പിഴ നിശ്ചയിച്ചുകൊണ്ട് മന്ത്രി എൻജിനീയർ അഹമ്മദ് അൽ-രാജി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.തൊഴിൽ വിപണിയിലെ സുതാര്യത ഉറപ്പാക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ പരിഷ്കാരങ്ങൾ. പ്രധാന നിയമങ്ങളും പിഴകളും താഴെ പറയുന്നവയാണ്:അനധികൃത നിയമനം: സാധുവായ വർക്ക് പെർമിറ്റ് ഇല്ലാത്ത വിദേശ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന തൊഴിലുടമയ്ക്ക് 10,000 റിയാൽ പിഴ ചുമത്തും.പാസ്‌പോർട്ട് പിടിച്ചുവെക്കൽ: തൊഴിലാളിയുടെ പാസ്‌പോർട്ടോ ഇഖാമയോ തൊഴിലുടമ കൈവശം വെക്കുന്നത് കുറ്റകരമാണ്. ഓരോ തൊഴിലാളിക്കും 3,000 റിയാൽ വീതമാണ് ഇതിന് പിഴ ഈടാക്കുക.തൊഴിൽ കരാർ: ഓരോ ജീവനക്കാരനുമായും കൃത്യമായ തൊഴിൽ കരാർ ഉണ്ടാക്കണമെന്നത് നിർബന്ധമാണ്. കരാർ ഇലക്ട്രോണിക് സംവിധാനം വഴി രജിസ്റ്റർ ചെയ്യാതിരുന്നാൽ ഓരോ തൊഴിലാളിക്കും 1,000 റിയാൽ വീതം പിഴ നൽകേണ്ടി വരും.പ്രസവാവധി: വനിതാ ജീവനക്കാർക്ക് അർഹമായ പ്രസവാവധി നൽകാത്ത പക്ഷം 1,000 റിയാൽ പിഴ ഈടാക്കും.ശിശു സംരക്ഷണം: 50-ൽ കൂടുതൽ വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ നിശ്ചിത എണ്ണം കുട്ടികളുണ്ടെങ്കിൽ അവർക്കായി നഴ്സറി സൗകര്യം ഒരുക്കണം. ഇത് ലംഘിച്ചാൽ 3,000 റിയാൽ ആണ് പിഴ.ബാലവേല: 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ജോലിക്ക് വെക്കുന്നത് ഗുരുതരമായ ലംഘനമാണ്. ഇതിന് 2,000 റിയാൽ വരെ പിഴ ലഭിക്കും.അനധികൃത റിക്രൂട്ട്‌മെന്റ്: ലൈസൻസില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തുകയോ തൊഴിലാളികളെ വിതരണം ചെയ്യുകയോ ചെയ്താൽ ആദ്യതവണ 2,00,000 റിയാൽ ആണ് പിഴ. കുറ്റം ആവർത്തിക്കുന്നതിനനുസരിച്ച് പിഴത്തുക 2,50,000 റിയാൽ വരെയായി വർദ്ധിക്കും.The post സൗദിയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വിദേശികളെ ജോലിക്ക് വെച്ചാൽ 10,000 റിയാൽ പിഴ; പാസ്‌പോർട്ട് പിടിച്ചുവെച്ചാലും കരാർ ലംഘിച്ചാലും പിടിവീഴും appeared first on Arabian Malayali.