മകളുടെയും കൊച്ചുമക്കളുടെയും കൈകളിൽ മുറുകെപ്പിടിച്ച് സൈനബ എന്ന എഴുപത്തിയാറുകാരി പട്ടയമേളയുടെ വേദിയിലേക്ക് നടന്നുകയറിയപ്പോൾ അത് ഒരു ജനതയുടെ അതിജീവനത്തിന്റെ സാക്ഷ്യപ്പെടുത്തലായി മാറി. ആറു പതിറ്റാണ്ടുകാലം നീണ്ട കാത്തിരിപ്പിനൊടുവിൽ എച്ച് സലാം എംഎൽഎയിൽ നിന്നും ഏറ്റുവാങ്ങിയ പട്ടയം സൈനബയ്ക്ക് കേവലം ഒരു ഭൂരേഖയല്ല, 42 വർഷങ്ങൾക്കു മുൻപ് തന്നെ വിട്ടുപോയ ഭർത്താവും സ്വാതന്ത്ര്യസമര സേനാനിയുമായ സെയ്ദു മുഹമ്മദിന്റെ സ്വപ്നവും എട്ടംഗ കുടുംബത്തിന്റെ അതിജീവനവുമാണ്.ആലപ്പുഴ വൈഎംസിഎ ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിലാണ് മുൻസിപ്പൽ കമ്പിവളപ്പ് വീട്ടിൽ സൈനബക്ക് പട്ടയം വിതരണം ചെയ്തത്. സൈനബയ്ക്കൊപ്പം അമ്പലപ്പുഴ മണ്ഡലത്തിലെ ആലിശ്ശേരി ഉന്നതിയിൽ താമസിക്കുന്ന മറ്റ് 24 കുടുംബങ്ങൾ കൂടി പട്ടയമേളയിൽ ഭൂമികളുടെ അവകാശികളായി മാറി.ALSO READ: ശബരിമല കൊടിമര പുനപ്രതിഷ്ഠ കേസ്; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്പതിറ്റാണ്ടുകളായി ഉള്ളിലൊതുക്കിയ ആകുലതകൾക്ക് അന്ത്യംകുറിച്ച നിമിഷം ആലിശ്ശേരി ഉന്നതിയിലെ ഓരോ മനുഷ്യനും പുതിയൊരു ജീവിതത്തിന്റെ തുടക്കം കൂടിയായി. ആലപ്പുഴ നഗരസഭ ശുചീകരണ തൊഴിലാളികളും കൂലിപ്പണിക്കാരും അടങ്ങുന്ന 25 ഓളം കുടുംബങ്ങൾ 60 ലേറെ കൊല്ലമായി ആലിശേരിയിലെ സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് താമസിച്ചു വരുന്നത്. വാർഷിക വരുമാനപരിധി ഒരു ലക്ഷം എന്ന മാനദണ്ഡമാണ് ഇവർക്ക് പട്ടയം ലഭിക്കുന്നതിന് തടസമായത്. തുച്ഛമായ വരുമാനത്തിൽ നിരവധി പേരടങ്ങുന്ന കുടുംബാംഗങ്ങളോടൊപ്പം ജീവിക്കുന്ന ഇവർക്ക് പട്ടയം ലഭിക്കുന്നതിന് ഈ മാനദണ്ഡം വലിയ വെല്ലുവിളിയായിരുന്നു.കേരളമൊട്ടാകെയുള്ള ഇത്തരം നിരവധിയാളുകളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ സർക്കാർ വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് രണ്ടര ലക്ഷമായി ഉയർത്തിയതോടെയാണ് പതിറ്റാണ്ടുകളായി സ്വന്തമായി ഒരുതുണ്ട് ഭൂമിക്കായി ഈ മനുഷ്യർ അനുഭവിച്ചു പോന്ന ദുരിതത്തിന് വിരാമമായത്.മകളും മരുമകനും കൊച്ചുമകനും ഭർത്താവ് ഉപേക്ഷിച്ച കൊച്ചുമക്കളും അവരുടെ മൂന്ന് കുട്ടികളും ഉൾപ്പെട്ട എട്ടംഗകുടുംബത്തോടൊപ്പം പരിമിതമായ സാഹചര്യത്തിലായിരുന്നു സൈനബയുടെ താമസം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഭർത്താവിന്റെ പേരിൽ ലഭിക്കുന്ന പെൻഷനും കൂലിപ്പണിക്കാരനായ മരുമകന്റെ തുച്ഛമായ വരുമാനവും മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.കാലപ്പഴക്കത്താൽ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ താമസിച്ചുവരുന്ന സൈനബയും കുടുംബവും സ്വന്തമായി പട്ടയം കിട്ടിയതോടെ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള സർക്കാർ സഹായങ്ങളിൽ അപേക്ഷ സമർപ്പിച്ച് അടച്ചുറപ്പുള്ളൊരു വീട് സ്വന്തമാക്കണമെന്ന ആഗ്രഹവും പങ്കുവെച്ചാണ് വേദിയിൽ നിന്ന് മടങ്ങിയത്.The post ജില്ലാതല പട്ടയമേള; സൈനബയ്ക്കും ആലിശ്ശേരിയിലെ 24 കുടുംബങ്ങൾക്കും ഇനി സ്വന്തം മണ്ണിൽ കിടന്നുറങ്ങാം appeared first on Kairali News | Kairali News Live.