ചരിത്രം മിടിക്കുന്ന ചത്വരം

Wait 5 sec.

കെയ്റോ നഗരത്തിലൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക് തഹ്‌രീർ സ്‌ക്വയർ കാണുമ്പോൾ ഒറ്റനോട്ടത്തിൽ അതൊരു വലിയ ഗതാഗതക്കുരുക്ക് മാത്രമായി തോന്നിയേക്കാം. നാലു ഭാഗത്തു നിന്നും ഒഴുകിവരുന്ന വാഹനങ്ങൾ, ഇടതടവില്ലാതെ മുഴങ്ങുന്ന ഹോണുകൾ, തിരക്കിട്ട് നടക്കുന്ന മനുഷ്യർ. പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഒരു നിമിഷം ശാന്തമായി നിന്നാൽ, ആ മണ്ണിലൂടെ കടന്നുപോയ ചരിത്രത്തിന്റെ സ്പന്ദനം നമുക്ക് തൊട്ടറിയാൻ കഴിയും. വെറുമൊരു റൗണ്ടബൗട്ട് എന്നതിലുപരി, ആധുനിക ഈജിപ്തിന്റെ കണ്ണീരിനും പുഞ്ചിരിക്കും ഒരുപോലെ സാക്ഷിയായ, ഈജിപ്ഷ്യൻ ജനതയുടെ ആത്മാവ് തുടിക്കുന്ന ഇടമാണ് തഹ്്രീർ ചത്വരം.“തഹ്‌രീർ‘എന്ന അറബി വാക്കിന്റെ അർഥം “വിമോചനം’ എന്നാണ്. ഈ ചത്വരത്തിന്റെ ആദ്യത്തെ പേര് അതായിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ പാരീസിൽ പഠിച്ചു നാട്ടിലേക്ക് മടങ്ങിയ ഖെദീവ് ഇസ്മാഈൽ എന്ന ഭരണാധികാരി, കെയ്റോയെ “കിഴക്കിന്റെ പാരീസ്’ ആക്കി മാറ്റാൻ സ്വപ്നം കണ്ടു. ആ സ്വപ്നത്തിന്റെ ബാക്കിപത്രമാണ് ഇവിടെ നിന്നും നക്ഷത്ര ആകൃതിയിൽ പിരിഞ്ഞുപോകുന്ന വീതിയേറിയ നിരത്തുകൾ. അന്ന് ഇതിന്റെ പേര് “ഇസ്മായിഈലിയ സ്‌ക്വയർ’ എന്നായിരുന്നു. പിന്നീട് 1952ൽ ഈജിപ്തിൽ രാജഭരണം അവസാനിച്ച് റിപ്പബ്ലിക് ആയപ്പോഴാണ്, മാറ്റത്തിന്റെ പ്രഖ്യാപനമെന്ന നിലയിൽ ഈ ചത്വരത്തിന് “തഹ്്രീർ ‘ എന്ന് ഔദ്യോഗികമായി പേരുമാറ്റിയത്. ഒരുപക്ഷേ, ലോകത്ത് മറ്റൊരു നഗരചത്വരത്തിനും ഇത്രയേറെ അർഥവത്തായ ഒരു പേരുണ്ടായിരിക്കില്ല.തഹ്‌രീർ സ്‌ക്വയറിന് ചുറ്റും കണ്ണ് തിരിച്ചാൽ, ഈജിപ്തിന്റെ ചരിത്രം പറയുന്ന മൂന്ന് പ്രധാന അടയാളങ്ങൾ കാണാം. ചത്വരത്തിന്റെ തെക്കേ അറ്റത്ത് നിൽക്കുന്ന ഭീമാകാരമായ കെട്ടിടമാണ് “മൊഗമ്മ’. പതിനായിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്ന ഈ കെട്ടിടം ഈജിപ്ഷ്യൻ ബ്യൂറോക്രസിയുടെ പ്രതീകമായിരുന്നു. ഒരു ചെറിയ പേപ്പർ ശരിയാക്കാൻ വേണ്ടി മണിക്കൂറുകളോളം വരിനിൽക്കേണ്ടി വന്നിരുന്ന കാലം ഈജിപ്തുകാരുടെ ഓർമകളിൽ ഇപ്പോഴുമുണ്ട്. ഇന്ന് ആ കെട്ടിടം ഒരു ആഡംബര ഹോട്ടലായി മാറാനുള്ള തയ്യാറെടുപ്പിലാണ്.വടക്കുഭാഗത്തേക്ക് നോക്കിയാൽ പ്രൗഢിയോടെ നിൽക്കുന്ന പിങ്ക് നിറത്തിലുള്ള കെട്ടിടം കാണാം, അതാണ് പ്രസിദ്ധമായ ഈജിപ്ഷ്യൻ മ്യൂസിയം. 1902 ൽ പണിതീർന്ന ഇതിനുള്ളിലാണ് നൂറ്റാണ്ടുകളോളം ഫറോവമാരുടെ നിധികൾ സൂക്ഷിച്ചിരുന്നത്. 2011ലെ കലാപ ദിവസങ്ങളിൽ കൊള്ളക്കാർ ഇതിനുള്ളിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചപ്പോൾ, ചരിത്രസ്മാരകങ്ങളെ സംരക്ഷിക്കാൻ യുവാക്കൾ മനുഷ്യച്ചങ്ങല തീർത്തത് ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. സ്‌ക്വയറിലെ മറ്റൊരു പ്രധാന ഇടമാണ് ഉമർ മക്റം പള്ളി. ഈജിപ്തിലെ പ്രമുഖരായ വ്യക്തികളുടെ മയ്യിത്ത് നിസ്‌കാരം സാധാരണയായി നടക്കുന്നത് ഇവിടെയാണ്.ഈജിപ്തിന്റെ പ്രക്ഷുബ്ധമായ ദിനരാത്രങ്ങളിലെല്ലാം ഈ പള്ളി സാധാരണക്കാർക്ക് ഒരു അഭയകേന്ദ്രമായി മാറി; പരിക്കേറ്റവർക്ക് ചികിത്സ നൽകാനും, ഭയന്നവർക്ക് പ്രാർഥിക്കാനും ഇതൊരു ശാന്തദ്വീപായി നിലകൊണ്ടു.തഹ്‌രീർ സ്‌ക്വയറിനെ ലോകചരിത്രത്തിന്റെ നെറുകയിൽ എത്തിച്ചത് അറബ് വസന്തത്തിന്റെ അലയൊലികളായി ഈജിപ്തിൽ ആഞ്ഞടിച്ച 2011 ജനുവരി 25 ലെ വിപ്ലവമാണ്. ഹുസ്നി മുബാറക്കിന്റെ ഭരണത്തിനെതിരെ ലക്ഷക്കണക്കിന് മനുഷ്യർ ഇവിടെ ഒഴുകിക്കൂടി. “ഐഷ്, ഹുർരിയ്യ, അദാല ഇജ്തിമാഇയ്യ’ (റൊട്ടി, സ്വാതന്ത്ര്യം, സാമൂഹികനീതി) എന്ന മുദ്രാവാക്യം ആ ചത്വരത്തിൽ മുഴങ്ങിക്കേട്ടു. തുടർച്ചയായ 18 ദിവസങ്ങൾ ഈ ചത്വരം ഒരു കൊച്ചു നഗരമായി മാറി. അവിടെ ടെന്റുകൾ ഉയർന്നു, ഫീൽഡ് ആശുപത്രികൾ തുറന്നു. ഏറ്റവും ഹൃദ്യമായ കാഴ്ച അതൊന്നുമായിരുന്നില്ല; ക്രിസ്ത്യൻ സഹോദരങ്ങൾ പ്രാർഥിക്കുമ്പോൾ മുസ്്ലിംകൾ അവർക്ക് കാവൽ നിന്നതും, മുസ്്ലിംകൾ ജമാഅത്തായി നിസ്‌കരിക്കുമ്പോൾ ക്രിസ്ത്യാനികൾ അവർക്കു ചുറ്റും ഒരു മതിൽ പോലെ സംരക്ഷണം തീർത്തതുമായ കാഴ്ച ഈജിപ്തിന്റെ ചരിത്രത്തിലെ സുവർണ രേഖയാണ്. ഒരൊറ്റ ചത്വരത്തിൽ, ആ നാളുകളിൽ ഈജിപ്ത് ഒന്നായി മാറി.ഇന്ന് തഹ്്രീർ സ്‌ക്വയറിന്റെ മുഖം പൂർണമായും മാറിയിരിക്കുന്നു. സമരങ്ങളുടെ ടെന്റുകളോ ചുവരെഴുത്തുകളോ ഇന്നവിടെയില്ല. ചത്വരത്തിന്റെ നടുവിൽ ഇപ്പോൾ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്നത് മൂവായിരം വർഷം പഴക്കമുള്ള ഒരു “ഒബെലിസ്‌ക്’ (ഒറ്റക്കൽതൂൺ) ആണ്. ടാനിസ് എന്ന സ്ഥലത്ത് നിന്ന് കൊണ്ടുവന്ന, റാംസെസ് രണ്ടാമന്റെ കാലത്തെ ഈ കൽതൂണിന് ചുറ്റുമായി ലക്‌സറിൽ നിന്ന് കൊണ്ടുവന്ന ആട്ടിൻ തലയുള്ള നാല് സ്ഫിംക്‌സുകൾ കാവൽ നിൽക്കുന്നു. രാത്രിയാകുമ്പോൾ പ്രത്യേക വെളിച്ചത്തിൽ ഈ സ്മാരകം ജ്വലിച്ചുനിൽക്കും.2021 ൽ 22 ഫറോവമാരുടെ മമ്മികൾ പഴയ മ്യൂസിയത്തിൽ നിന്ന് പുതിയതിലേക്ക് മാറ്റിയ “ഗോൾഡൻ പരേഡ്’ കടന്നുപോയത് ഈ ഒബെലിസ്‌കിന് ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടാണ്. ഭരണകൂടങ്ങൾ പലവട്ടം ഈ ചത്വരത്തെ നവീകരിക്കുകയും പഴയ ഓർമകൾ മായ്ക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആ ഒബെലിസ്‌കിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ, ഫറോവമാരുടെ പൗരാണികതയും ജനങ്ങളുടെ സ്വാതന്ത്ര്യബോധവും ഒരുമിച്ച് നമ്മിലേക്ക് ഒഴുകിയെത്തും. കാരണം, “വിമോചനം’ എന്ന ആ വാക്ക് ഈ ചത്വരത്തിൽ നിന്ന് ഒരിക്കലും മായ്ച്ചുകളയാനാകില്ല; അതൊരു ജനതയുടെ ഉള്ളിൽ കെടാതെ കിടക്കുന്ന വിശ്വാസമാണ്.