മനാമ: പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട് 2025 ല്‍ 49 പരാതികള്‍ സര്‍ക്കാര്‍ നിരീക്ഷണ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തു. പൊതുസുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന ദുരുപയോഗം, അമിത ബലപ്രയോഗം, പീഡനം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് (എസ്ഐയു) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.പരാതികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ അല്ലെങ്കില്‍ ഇരകളും ബന്ധുക്കളും വെബ്സൈറ്റിലൂടെയോ ഇമെയില്‍ വഴിയോ നേരിട്ട് സമര്‍പ്പിച്ചവയോ ആണ്. ഇതില്‍ ഭൂരിഭാഗം കേസുകളും പബ്ലിക് പ്രോസിക്യൂഷന്‍ കൈമാറിയതാണ്. എസ്ഐയു അന്വേഷിച്ച മൊത്തം പരാതികളില്‍ പത്തെണ്ണം മാത്രമാണ് വിദേശികളുടേതായുള്ളത്.2024 ല്‍ ഇതേ ഏജന്‍സിക്ക് 39 പരാതികളാണ് ലഭിച്ചത്. ഇതില്‍ 51 വ്യക്തികള്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ 35 പേര്‍ ബഹ്റൈന്‍ സ്വദേശികളും 16 പേര്‍ മറ്റ് രാജ്യക്കാരുമാണ്. 2017 ല്‍ 136 പരാതികളുണ്ടായിരുന്നത് 2018 ല്‍ 108 ആയും, 2019 ല്‍ 80 ആയും, 2020 ലും 2021 ലും 67 ആയും കുറഞ്ഞു. 2022 ല്‍ 61 ഉം 2023 ല്‍ 45 ഉം പരാതികളാണ് ലഭിച്ചത്.2025 ലെ റിപ്പോര്‍ട്ട് പ്രകാരം, ഏജന്‍സി 52 പരാതിക്കാരുടെയും 44 സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 45 പ്രതികളെയും 59 സംശയിക്കപ്പെടുന്നവരെയും ചോദ്യം ചെയ്തു. 36 കേസുകളില്‍ ഫോറന്‍സിക് ഡോക്ടറുടെ നേതൃത്വത്തില്‍ വൈദ്യപരിശോധന നടത്തി. 23 കേസുകളില്‍ മനശാസ്ത്രപരമായ പിന്തുണ നല്‍കുകയും, അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച അന്വേഷണങ്ങള്‍ക്ക് മറുപടിയായി നാല് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. The post പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റദൂഷ്യം; 2025 ല് ലഭിച്ചത് 49 പരാതികള് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.