ദുബൈ| ഇസ്റാഈല്‍ ഇറാനെതിരെ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ നടപടികള്‍ ആരംഭിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക വര്‍ധിച്ചു.ബഹ്റൈനില്‍ സ്‌ഫോടനശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാനില്‍നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ ഖത്തര്‍ വെടിവെച്ചിട്ടതായും വിവരങ്ങളുണ്ട്. സംഭവങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങള്‍ അതീവ ജാഗ്രത പാലിക്കുകയാണ്.രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.പൗരന്മാരും പ്രവാസികളും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും അനാവശ്യമായി പുറത്തിറങ്ങാതിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഔദ്യോഗിക അറിയിപ്പുകള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.സ്‌ഫോടനത്തിന്റെ കാരണവും നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ഉള്‍പ്പെടെ സാഹചര്യം അടുത്തുനിന്ന് നിരീക്ഷിച്ചുവരികയാണ്.